സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇത് നിരസിച്ച സംവിധായകന്‍ കോടതിയില്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നാണ് പറഞ്ഞിരുന്നത്.

2019 മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നു എന്നായിരുന്നു നടിയുടെ പരാതി. നേരിട്ടും, ഫോണിലൂടെയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനാലാണ് നിരന്തരം ശല്യം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ സെല്‍ എളമക്കര സ്റ്റേഷനിലേയ്ക്ക് പരാതി കൈമാറിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പിന്നീട് തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് പൊലീസ് സംവിധായകനെ അറസ്റ്റുചെയ്തത്. രാത്രിയോടെ കൊച്ചിയിലെത്തിച്ച് ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് അറസ്റ്റുരേഖപ്പെടുത്തി.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നായിരുന്നു റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു ഇവ.

എന്നാല്‍ ഒടുവില്‍ 354D വകുപ്പ് ചുമത്തി പൊലീസിന്റെ വിവേചനാധികാര പ്രകാരം സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ നോട്ടീസ് നല്‍കാതെ നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റുചെയ്തതെന്ന് ആരോപിച്ച അദ്ദേഹം സ്റ്റേഷന്‍ ജാമ്യം നിരസിക്കുകയായിരുന്നു.

അതേസമയം, കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച സനല്‍കുമാര്‍ ശശിധരന്‍ പരാതിയിലെ വാദങ്ങള്‍ ഭാഗികമായി തള്ളി. മഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്നാല്‍ ശല്യപ്പെടുത്തിയിട്ടില്ല എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

UPDATES
STORIES