സ്റ്റേഷന്‍ ജാമ്യം നിരസിച്ച് സനല്‍കുമാര്‍ ശശിധരന്‍; പൊലീസിനെതിരെ പ്രതിഷേധം

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസിനെതിരെ പ്രതിഷേധത്തില്‍. ഇന്നലെ ഉച്ചയോടെ അറസ്റ്റിലായ സംവിധായകനെ രാത്രി ആരോഗ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാതെ നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റുചെയ്തതെന്ന് ആരോപിച്ച അദ്ദേഹം സ്റ്റേഷന്‍ ജാമ്യം നിരസിച്ചതായാണ് വിവരം.

ഇതോടെ സനല്‍കുമാർ ശശിധരനെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കും. സംവിധായകനില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്ന മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ്. സൈബര്‍ സെല്ലിനു നല്‍കിയ പരാതി ഇവര്‍ താമസിക്കുന്ന എളമക്കര സ്റ്റേഷനിലേയ്ക്കു കൈമാറുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് പൊലീസ് സംവിധായകനെ അറസ്റ്റുചെയ്തത്.

തുടർന്ന് രാത്രിയോടെ കൊച്ചിയിലെത്തിച്ച് ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്ത് അറസ്റ്റുരേഖപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. ജാമ്യം നിഷേധിക്കപ്പെടാവുന്ന സാഹചര്യമാണെങ്കിലും വിവേചനാധികാരം ഉപയോഗിച്ചായിരുന്നു പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പൊലീസ് നടപടികള്‍ക്കിടെ ഫേസ്ബുക്ക് ലെെവില്‍ സംസാരിച്ച സംവിധായകന്‍ തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും ആവർത്തിച്ചിരുന്നു.

UPDATES
STORIES