‘തമിഴരും അവരുടെ ജീവിതവും ഇങ്ങനെയല്ല’; ‘മീനാക്ഷി സുന്ദരേശ്വര്‍’ ദക്ഷിണേന്ത്യയെ പരിഹസിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രമെന്ന് വിമര്‍ശനം

വിവേക് സോണിയുടെ തമിഴ് പശ്ചാത്തലത്തിലെ ബോളിവുഡ് സിനിമ മീനാക്ഷി സുന്ദരേശ്വർ ചൂടുപിടിച്ച ചർച്ചകൾക്കാണ് തിരികൊളുത്തിരിയിക്കുന്നത്. മീനാക്ഷിയും സുന്ദരേശ്വറും തമ്മിലുള്ള അറേഞ്ച്ഡ് മാര്യേജിന് ശേഷം സുന്ദരേശ്വറിന് ബെംഗളൂരുവിലക്ക് പോകേണ്ടിവരുന്നു. ചില കാരണങ്ങളാൽ അവിടെ പുതിയ ജോലിസ്ഥലത്ത് അയാൾക്ക് ഒരു അവിവാഹിതനായി അഭിനയിക്കേണ്ടിവരുന്നതുമാണ് പ്രമേയം. സാന്യ മൽഹോത്രയും അഭിമന്യൂ ദസ്സാനിയും മീനാക്ഷിയും സുന്ദരേശ്വറുമായി അഭിനയിച്ച സിനിമ ഈ മാസം അഞ്ചിനാണ് നെറ്റ്ഫ്ളിക്സിൽ സിനിമ റിലീസായത്. എന്നാൽ പുറത്തിറങ്ങി ഒരാഴ്‌ച ആകുമ്പോഴേക്കും സിനിമയിലുടനീളം തമിഴ് സംസ്കാരത്തെ ചിത്രീകരിച്ചിരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ കൊഴുക്കുന്നത്. തമിഴ് ജീവിതത്തേക്കുറിച്ചുള്ള ഉത്തരേന്ത്യൻ വാർപ്പുമാതൃകകളെ ബലപ്പെടുത്തുകയുമാണ് സിനിമയെന്ന് വിമർശകർ ആരോപിക്കുന്നു.

വസ്ത്രധാരണം, ഭക്ഷണ രീതി, തമിഴ് സംസ്‌കാരം, വാക്കുകളുടെ ഉച്ചാരണണം ഉൾപ്പടെ നിരവധി പിശകുകൾ ഉണ്ടെന്നാണ് സിനിമാ ആസ്വാദകർ ചൂണ്ടിക്കാണിക്കുന്നത്. ‘മീനാക്ഷി’ എന്നുപോലും തമിഴർ പറയുന്നപോലെയല്ല സിനിമയിൽ എന്നതുൾപ്പടെ വിമർശനവിധേയമാകുന്നുണ്ട്. തമിഴ്‌നാട്ടിലെ ആകെ ബ്രാഹ്‌മണ ജനസംഖ്യ രണ്ട് ശതമാനം മാത്രമായിരിക്കെ സിനിമയിലെ ജാതിസമവാക്യങ്ങളും പരിസരങ്ങളും ബ്രാഹ്മണ ഭൂരിപക്ഷ പ്രതീതി സൃഷ്ടിക്കുന്നതാണെന്നാണ് മറ്റൊരു വാദം.

തമിഴ് സംസ്‌കാരത്തെ വക്രീകരിച്ച് ചിത്രീകരിച്ചതിലെ അമർഷമാണ് പലരും രേഖപ്പെടുത്തുന്നത്. തമിഴകത്തെക്കുറിച്ച് അജ്ഞരായ ഉത്തരേന്ത്യക്കാർ തമിഴരെക്കുറിച്ച് സിനിമയെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

മധുരെയിലാണ് കഥയെന്ന് പറയുമ്പോഴും മധുരെയുടെ ജീവിതപരിസരങ്ങളോ സംസ്‌കാരമോ അല്ല ചിത്രത്തിലുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രജനി ആരാധകർ പോലും പരാജയമെന്ന് അംഗീകരിക്കുന്ന രജനി സിനിമ ദർബാറിനെ സിനിമയിൽ മികച്ചതായി ചിത്രീകരിച്ചിരിക്കുന്നതിനെയും സകലരെയും രജനി ആരാധകരായി കാണിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്.

എന്നാൽ ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്ന സിനിമയാണ് മീനാക്ഷി സുന്ദരേശ്വർ എന്നും അഭിപ്രായമുണ്ട്. സാന്യ മൽഹോത്രയുടേത് മികച്ച അഭിനയമാണെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

മീനാക്ഷി സുന്ദരേശ്വർ തുടങ്ങിവെച്ച ചർച്ചകളുടെ പശ്ചാത്തലത്തിൽ ബോളിവുഡ് സിനിമകളിലെ ദക്ഷിണേന്ത്യൻ ചിത്രീകരണത്തെക്കുറിച്ച് വിശാലമായ സംവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ എക്‌സ്പ്രസ്, ഓം ശാന്തി ഓം, റാ വൺ, ദി ഡേർട്ടി പിക്ച്ചർ, ടു സ്റ്റേറ്റ്സ് തുടങ്ങിയ നിരവധി സിനിമകൾ സാമൂഹ്യമാധ്യങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

UPDATES
STORIES