നല്ല കുടുംബത്തില്‍ പിറന്ന, ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് വന്നാലേ രാഷ്ട്രീയ മേഖലയെ ശുദ്ധീകരിക്കാനാകൂ എന്ന് സംവിധായകന് സത്യന് അന്തിക്കാട്. ‘സന്ദേശം’ എന്ന ചിത്രം അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ മറുപടി പറയുകയായിരുന്നു സത്യന് അന്തിക്കാട്. ചിത്രത്തില്‍ അരാഷ്ട്രീയത ഇല്ലെന്നും സിനിമ എടുത്ത കാലഘട്ടത്തില്‍ നിന്നും ഇപ്പോഴും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മള് കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ ചേര്ക്കുള്ളു, ആ കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേകത്തരം ഉല്പന്നമായി വളര്‍ന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐഎഎസ് ആകുന്നു അല്ലെങ്കില്‍ ഡോക്ടര്‍മാരാവുന്നു. രാഷ്ട്രീയമുള്ളൊരു സാധാരണ സ്കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തില്‍ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാന്‍ കഴിയൂ,’ സത്യന് അന്തിക്കാട് പറഞ്ഞു.
നാട് നന്നാക്കാതെ സ്വന്തം കാര്യം നോക്കി പോകാനല്ല സന്ദേശം എന്ന സിനിമയിലൂടെ പറയുന്നതെന്നും മറിച്ച്, ആദ്യം സ്വയം നന്നാകാനും പിന്നെ കുടുംബം നന്നാക്കാനും അതിന് ശേഷം നാട് നന്നാക്കാനും ഇറങ്ങാനാണ് പറയുന്നതെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
‘സിനിമയില്‍ പറയുന്നത് ആദ്യം സ്വയം നന്നാകുവാനും, പിന്നീട് സ്വന്തം വീട് നന്നാക്കാനുമാണ്. ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തില്‍ എങ്ങനെ നിലനില്‍ക്കാനാണ്? സ്വയം നന്നാവാത്ത ഒരുത്തന്, കള്ളുകുടിയും കഞ്ചാവുമായി നടക്കുന്ന ഒരാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് കാര്യമില്ല, അവന് സ്വയം നന്നാവണം, അവന്റെ വീട് നന്നാക്കണം, നാട് നോക്കണം. അവന് പരിശുദ്ധനായിരിക്കണം എന്നതാണ് അതിന്റെ സൂചന. അല്ലാതെ രാഷ്ട്രീയത്തില്‍ പോകരുതെന്നതല്ല.’
രാഷ്ട്രീയം മോശമാണെന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്നും ഒരു നാടിന്റെ വികസനത്തിന് കൂട്ടായ്മ, അല്ലെങ്കില്‍ രാഷ്ട്രീയം ആവശ്യമാണെന്നും സത്യന് അന്തിക്കാട് പറഞ്ഞു.