101-ാം ജന്മവാര്‍ഷികം; സത്യജിത് റേയുടെ അഞ്ച് ക്ലാസിക് സിനിമകള്‍

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസ ചലചിത്രകാരന്‍ സത്യജിത് റേയുടെ 101-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ബംഗാളി ഭാഷയില്‍ മാത്രമേ സിനിമ ചെയ്തിട്ടുള്ളൂ എങ്കിലും ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ വഴികാട്ടിയായിരുന്നു അദ്ദേഹം. 1955-ല്‍ പഥേർ പാഞ്ചാലിയിലൂടെ സംവിധായക വേഷമണിഞ്ഞപ്പോള്‍, അന്നുവരെ നിലനിന്നിരുന്ന ചട്ടക്കൂടുകള്‍ പുറത്തുനിന്നായിരുന്നു സത്യജിത് റേ സിനിമയെ കണ്ടത്. ഈ പുതു തരംഗം ഇന്ത്യന്‍ സിനിമയെ ആഗോളവേദിയിലിലേക്ക് കെെപിടിച്ചുയർത്തുന്നതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്.

തന്റെ സിനിമാ ജീവിതത്തില്‍ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഉള്‍പ്പടെ 36 ചിത്രങ്ങള്‍ക്കാണ് സത്യജിത് റേ സംവിധാനം നിർവ്വഹിച്ചത്. അതില്‍ നിന്ന് അഞ്ച് ക്ലാസിക് സിനിമകളെ പരിചയപ്പെടാം:

പഥേര്‍ പാഞ്ചാലി (1955)

ലോകസിനിമയിലെ തന്നെ ഏറ്റവും വിലമതിക്കപ്പെട്ട അരങ്ങേറ്റ ചിത്രങ്ങളിലൊന്നെന്നായാണ് ‘പഥേര്‍ പാഞ്ചാലി’ അറിയപ്പെടുന്നത്. ഒരു പുതിയ ചലച്ചിത്ര പ്രതിഭയുടെ വരവ് പ്രഖ്യാപിക്കുക മാത്രമല്ല, അന്നുവരെ ആഗോള സിനിമാ ഭൂപടത്തില്‍ എവിടെയുമില്ലാതിരുന്ന ഇന്ത്യയ്ക്ക് ഇടമൊരുക്കുന്നതായിരുന്നു സത്യജിത് റേയുടെ ആദ്യചിത്രം. 1950-1959 കാലയളവില്‍ പുറത്തുവന്ന ‘അപു ട്രിയോളജി’യിലെ ആദ്യ ചിത്രമായിരുന്നു അത്. 1928-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു തിരക്കഥ.

അപു എന്ന ബംഗാളി ബാലന്റെ ജീവിതവും ദാരിദ്രവും ബാല്യകാലവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഏഴ് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏറ്റവാങ്ങിയ ചിത്രം പാശ്ചാത്യ ചലചിത്ര നിരീക്ഷകരുടെ അഭിനന്ദനവും വിമർശനവും ഏറ്റുവാങ്ങിയാണ് അന്താരാഷ്ട്ര ശ്രദ്ധനേടിയത്.

1956-ല്‍ പുറത്തുവന്ന അപരാജിതോ എന്ന രണ്ടാം ഭാഗവും 1959 ‘അപൂര്‍ സന്‍സാര്‍’ എന്ന മുന്നാം ഭാഗവും അപുവിന്റെ കൗമാര-യൗവ്വന കാലഘട്ടങ്ങള്‍ സ്ക്രീനിലെത്തിച്ചു.

ജല്‍സാഗര്‍ (1958)

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്യൂഡല്‍ ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയതിന് ശേഷമുള്ള ഒരു ജന്മിയുടെ പതനമാണ് ജല്‍സാഗറിന്റെ പ്രമേയം. താരാശങ്കര്‍ ബന്ദ്യോപാധ്യായുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ചബന്‍ ബിശ്വാസായിരുന്നു നായകന്‍. അധികാരവും സമ്പത്തും നഷ്ടപ്പെടുന്നതോടെ പ്രതിസന്ധിയിലാകുമ്പോഴും തന്റെ ജന്മി അസ്തിത്വത്തില്‍ സുഖലോലുപനായി തുടരുന്ന റോയ് ആണ് പ്രധാന കഥാപാത്രം. സ്വന്തം നിലം വെള്ളപ്പൊക്കത്തില്‍ നശിക്കുമ്പോഴും സംഗീത പ്രേമിയായ റോയ് തന്റെ കുടുംബത്തെ അടക്കം ബലിയാടാക്കിയാണ് തന്റെ അലസജീവിതം ജീവിക്കുന്നത്. ഒടുവില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ റോയുടെ ജീവിതം വന്നുനില്‍ക്കുന്ന പതനത്തെ ചിത്രം അവതരിപ്പിക്കുന്നു.

ഇന്ത്യയില്‍ പ്രദർശിപ്പിച്ച ചിത്രത്തിന് തുടക്കത്തില്‍ നിരൂപകരില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചതെങ്കിലും മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതി അവാര്‍ഡ് ജലസാഗര്‍ നേടി.

മഹാനഗര്‍ (1963)

മഹാനഗരത്തിന്റെ സാധ്യതകളിഞ്ഞ ഒരു വീട്ടമ്മയുടെ പരിണാമവും അവളുടെ ചുറ്റുമുള്ള ഭര്‍ത്താവ് ഉള്‍പ്പെടുന്ന ലോകത്തിന്റെ അസ്വസ്ഥതയുമാണ് ‘മഹാനഗര്‍’ എന്ന ചിത്രം. ബാങ്ക്-ക്ലാര്‍ക്കായ തന്റെ മാത്രം ശമ്പളത്തില്‍ ഒരു വലിയ കുടുംബത്തിന് കഴിയാനാകില്ല എന്ന തിരിച്ചറിവില്‍ സുബ്രത (അനില്‍ ചാറ്റര്‍ജി) ഭാര്യ ആരതി മജുംദാറിനെ (മാധബി മുഖര്‍ജി) ഒരു സെയില്‍സ് വുമണാകാന്‍ അനുവദിക്കുന്നതാണ് തുടക്കം.

എന്നാല്‍ അയാളുടെ പ്രതീകള്‍ക്ക് അപ്പുറം അവള്‍ തൊഴിലില്‍ വളരുകയും പണം സമ്പാദിക്കുകയും ചെയ്യുന്നു. അന്നുവരെ പാചകത്തിനും വീട് വൃത്തിയാക്കലിനും അപ്പുറം ഒന്നുമറിഞ്ഞിട്ടില്ലാത്ത അവള്‍ പുതിയ ലോകത്തിന്റ സാധ്യതകളറിയുന്നു. ഇതോടെ വരുന്ന മാറ്റത്തെ അംഗീകരിക്കാനാവാതെ സുബ്രത അടക്കമുള്ള ലോകം ആശയക്കുഴപ്പത്തിലാകുന്നു.

തന്റെ ജന്മനഗരം കൂടിയായ കൊല്‍ക്കത്ത ആധുനികതയിലേക്ക് ചുവടുവയ്ക്കുന്ന കാലത്തെയാണ് റേ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ വേഗതയ്‌ക്കൊപ്പം എത്തിപ്പിടിക്കാന്‍ പാടുപെടുന്ന മധ്യവർഗമാണ് കഥാപരിസരം. ആധുനികതയെ ആലിംഗനം ചെയ്യുമ്പോഴും അതിന്റെ ഫലമായ മാറ്റങ്ങളെയോ സ്ത്രീ സ്വാതന്ത്രത്തെയോ അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് കഥാപാത്രങ്ങള്‍. നരേന്ദ്രനാഥ് മിത്രയുടെ അബ്തരണിക എന്ന ചെറുകഥായെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ സ്ത്രീപക്ഷ സിനിമകളുടെ വഴികാട്ടിയായിരുന്നു.

ചാരുലത (1964)

1880-കളിലെ കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ചാരുലത. ഒരു വീടിനുള്ളിലെ മാത്രം സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ‘സെന്റിനല്‍’ എന്ന പത്രസ്ഥാപനത്തിന്റെ ഉടമയായ ഭൂപതി (സലീന്‍ മുഖര്‍ജി) വലിയ തിരക്കുള്ള മനുഷ്യനാണ്. അതേസമയം, ഭാര്യ ചാരു(മാധബി മുഖര്‍ജി) പ്രത്യേകിച്ച് തിരക്കുകൊള്ളുന്നുമില്ലാത്തതിനാല്‍ തന്റെ ബൈനോക്കുലറിലൂടെ ചുറ്റുപാടും നിരീക്ഷിച്ചും വായിച്ചും സമയം ചെലവഴിക്കുന്നു. ഇവര്‍ക്കിടയിലേക്ക് വരുന്ന വരുന്ന ‘അമല്‍’ എന്ന ഭര്‍തൃസഹോദരന്‍ കഥയെ പുതിയ ദിശയിലേക്ക് എത്തിക്കുന്നു. ഈ യാത്രയ്ക്കിടെ ചാരു തന്റെയുള്ളിലെ എഴുത്തുകാരിയെ കണ്ടുമുട്ടുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ ‘നഷ്ടനീര്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു റേ ചിത്രം ഒരുക്കിയത്. ‘മൊസാര്‍ട്ടിയന്‍ മാസ്റ്റര്‍പീസ് ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം റായിയുടെ പ്രതിഭാവൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അരന്യര്‍ ദിന്‍ രാത്രി (1970)

തന്റെ മാർഗനിർദേശിയായി കണ്ട ഫ്രഞ്ച് സംവിധായകന്‍ ജീന്‍ റെനോറിന്റെ ‘പാർട്ടി ഡെ ക്യാമ്പെയ്ന്‍’ എന്ന ചിത്രത്തോടുള്ള ആദരവായി ആയിരുന്നു റേ ‘അരന്യര്‍ ദിന്‍ രാത്രി’ എന്ന ചിത്രം സംവിധാനം ചെയ്തത്.

‘ആരണ്യത്തിലെ ദിനങ്ങളും രാത്രികളും’ എന്ന തലക്കെട്ടുപോലെ വടക്കേ ഇന്ത്യയിലെ വനമേഖലയായിരുന്നു ചിത്രത്തിന്റെ കലാ പരിസരം. നഗരവാസികളായ നാലുചെറുപ്പക്കാർ വനത്തിലേയ്ക്ക് വിനോദയാത്ര പോകുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രം. ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളുടെ മനോഭാവത്തിന്റെ ആഴത്തിലുള്ള പഠനം എന്നായിരുന്നു ചിത്രത്തെ നിരീക്ഷകർ വിശേഷിപ്പിച്ചത്.

UPDATES
STORIES