സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാവ്; ‘മഞ്ജു വാര്യര്‍ ഉണ്ടാകും’

മലയാളി സിനിമാ പ്രേക്ഷകര്‍ ആവര്‍ത്തിച്ച് കണ്ടിഷ്ടപ്പെട്ട സിനിമയാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. 1998ല്‍ പുറത്തിറങ്ങിയ ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കി. ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സിയാദ് കോക്കര്‍.

മഞ്ജു വാര്യറും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചായിരുന്നു സിയാദ് കോക്കറിന്റെ പ്രഖ്യാപനം. രണ്ടാം ഭാഗത്തില്‍ മഞ്ജുവാര്യറുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. താനും മഞ്ജുവും ഒരു കുടുംബം പോലെയാണ്. താരത്തിന്റെ കൂടെ ഇതുവരെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ഒരു ചിത്രം മാത്രമേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുവാര്യര്‍, ജയറാം, സുരേഷ് ഗോപി, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങിയ താരനിര അണിനിരന്ന ചിത്രം കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറായിരുന്നു നിര്‍മ്മിച്ചത്. വേണു നാഗവള്ളിയുടെ കഥയ്ക്ക് രഞ്ജിത്ത് തിരക്കഥയും സംഭാഷണവുമൊരുക്കി. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകര്‍ന്നു. കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്നാലപിച്ച ‘ഒരു രാത്രി കൂടി വിടവാങ്ങവേ’, ചിത്രയുടെ ശബ്ദത്തിലെത്തിയ ‘ചൂളമടിച്ച് കറങ്ങിനടക്കും’, എംജി ശ്രീകുമാര്‍ പാടിയ ‘കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ’, സുജാത മോഹനും ശ്രീനിവാസും ശബ്ദം നല്‍കിയ ‘എത്രയോ ജന്മമായ്’ തുടങ്ങി ഒരുപിടി നല്ല ഗാനങ്ങളോടെയായിരുന്നു ചിത്രമെത്തിയത്.

ജയറാം അവതരിപ്പിച്ച രവിശങ്കര്‍, മഞ്ജുവാര്യറുടെ ആമി, സുരേഷ് ഗോപിയുടെ ഡെന്നിസ്, അവസാന പത്താം മിനുട്ടില്‍ മാത്രമെത്തിയ മോഹന്‍ലാലിന്റെ നിരഞ്ജന്‍ തുടങ്ങിയ വേഷങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതെന്ന് പ്രേക്ഷകര്‍ വിലയിരുത്തി. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് യഥാര്‍ത്ഥത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രവി ശങ്കറിന്റെ കാമുകിയും പൂച്ചയുമെല്ലാം ചോദ്യചിഹ്നങ്ങളായി തുടരുന്നു എന്നതാണ് രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ മഞ്ജുവാര്യറൊഴികെ മറ്റ് താരങ്ങള്‍ ആരൊക്കെയാവുമെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ തമിഴില്‍ ഒരുക്കാനായിരുന്നു സിബി മലയില്‍ ആദ്യം പദ്ധതിയിട്ടിരുന്നതെന്നും വിവരങ്ങളുണ്ട്. മഞ്ജുവാര്യറെയും പ്രഭുവിനെയും ഉള്‍പ്പെടുത്തി ഗാനരംഗം ചിത്രീകരിച്ചിരുന്നെങ്കിലും നിര്‍മ്മാതാവുമായിട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചിത്രം നിര്‍ത്തിവെക്കുകയായിരുന്നു. തുടർന്ന് സിയാദ് കോക്കര്‍ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുകയായിരുന്നെന്നാണ് വിവരം.

UPDATES
STORIES