‘ഷറഫുദ്ദീനെ ഇതുവരെയാരും വേണ്ടതുപോലെ ഉപയോഗിച്ചിട്ടില്ല’; ‘1744 ഡബ്ല്യുഎ’ സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന വിചിത്രമായ ക്രൈം കോമഡി ഡ്രാമയെന്ന് സെന്ന ഹെഗ്‌ഡെ

‘1744 ഡബ്ല്യുഎ’ (1744 വൈറ്റ് ആള്‍ട്ടോ’)യില്‍ കേന്ദ്രകഥാപാത്രമായി ഷറഫുദ്ദീന്‍ മാത്രമായിരുന്നു തന്റെ മനസിലെന്ന് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. ഷറഫുദ്ദീന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നതും പിന്നീടുണ്ടായ അദ്ദേഹത്തിന്റെ വളര്‍ച്ചയും കൗതുകമേറിയ കാര്യമാണ്. അഭിനേതാവ് എന്ന നിലയില്‍ വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത താരമാണ് ഷറഫുദ്ദീന്‍ എന്നും സെന്നെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റിന് ശേഷം സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘1744 ഡബ്ല്യുഎ’. ക്രൈം കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൊവിഡ് ആശങ്കകളില്ലെങ്കില്‍ ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ചിത്രത്തില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് ഷറഫുദ്ദീന്റേത്. ‘അഭിനേതാവ് എന്ന നിലയില്‍ ഷറഫുദ്ദീന്റെ വരവും വളര്‍ച്ചയും നിരീക്ഷിക്കുന്നത് കൗതുകകരമായ കാര്യമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തെ നമ്മള്‍ വേണ്ടതുപോലെ ഉപയോഗിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഭാഗ്യവശാല്‍, അദ്ദേഹത്തിന് ഈ കഥ ഇഷ്ടപ്പെടുകയും കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവ് പരമാവധി ഉപയോഗിക്കാനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സെന്ന ഹെഗ്‌ഡെ പറഞ്ഞു.

ചിത്രം ഒരു വിചിത്ര സമീപനത്തോടെയൊരുങ്ങുന്ന ക്രൈം കോമഡി ഡ്രാമയാണെന്നും സെന്ന വിവരിക്കുന്നു. ‘ഇതുവരെ ഞാന്‍ ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും നര്‍മ്മത്തിന്റെ ചെറിയൊരംശമുണ്ട്. ഗൗരവമേറിയ വിഷയത്തെ ലാഘവത്തോടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സിനിമയ്ക്ക് കൃത്യം പ്ലോട്ടിലൂടെ കഥപറയുന്ന രീതിയല്ല ഉള്ളത്. വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളുടെ കണ്ടുമുട്ടലുകളിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്. സമാന്തരമായ മൂന്ന് ആഖ്യാനങ്ങളിലൂടെയാണ് അവതരിപ്പിക്കുക. അവയെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമം’, അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് ‘1744 ഡബ്ല്യുഎ’യുടെ ലൊക്കേഷന്‍. എന്നാല്‍ കഥ നടക്കുന്നത് കാഞ്ഞങ്ങാടന്‍ പശ്ചാത്തലത്തിലല്ലെന്നും കഥയിലേത് ഒരു സാങ്കല്‍പിക സ്ഥലമായിരിക്കുമെന്നും സെന്ന ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി പദ്മിനി എന്ന ചിത്രം സെന്ന ഹെഗ്‌ഡെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പിന്നാലെയാണ് 1744 ഡബ്ല്യുഎയുടെ പ്രഖ്യാപനവും വാര്‍ത്തകളുമെത്തിയത്. വിന്‍സി അലോഷ്യസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറും ചേര്‍ന്നാണ് നിര്‍മ്മാണം. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മദന്‍ തുടങ്ങിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സെന്ന ഹെഗ്‌ഡെ, ആര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും ശ്രീരാജിന്റേതാണ്.

UPDATES
STORIES