‘ജെയ്‌സാ ആ ആള്‍ട്ടോ നിന്റെയല്ലേ’; സെന്ന ഹെഗ്‌ഡെയുടെ ‘1744 വൈറ്റ് ആള്‍ട്ടോ’ ടീസറെത്തി

ഷറഫുഷറഫുദ്ദീനെ കേന്ദ്രകഥാപാത്രമാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘17744 വൈറ്റ് ആള്‍ട്ടോ’യുടെ ടീസറെത്തി. രസകരമായ അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുനീങ്ങുന്നതെന്ന സൂചനയാണ് ടീസറിലുടനീളമുള്ളത്. ഷറഫുദ്ദീനോടൊപ്പം രാജേഷ് മാധവനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് ഷറഫുദ്ദീന്റേത്. ഒരു പ്രത്യേക സമീപനത്തോടെയൊരുങ്ങുന്ന ക്രൈം കോമഡി ഡ്രാമയാണ് ഈ സിനിമയെന്ന് സെന്ന ഹെഗ്‌ഡെ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഇതുവരെ ഞാന്‍ ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും നര്‍മ്മത്തിന്റെ ചെറിയൊരംശമുണ്ട്. ഗൗരവമേറിയ വിഷയത്തെ ലാഘവത്തോടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സിനിമയ്ക്ക് കൃത്യം പ്ലോട്ടിലൂടെ കഥപറയുന്ന രീതിയല്ല ഉള്ളത്. വിചിത്ര സ്വഭാവമുള്ള കഥാപാത്രങ്ങളുടെ കണ്ടുമുട്ടലുകളിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്. സമാന്തരമായ മൂന്ന് ആഖ്യാനങ്ങളിലൂടെയാണ് അവതരിപ്പിക്കുക. അവയെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമം’, അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് ‘1744 ഡബ്ല്യുഎ’യുടെ ലൊക്കേഷന്‍. എന്നാല്‍ കഥ നടക്കുന്നത് കാഞ്ഞങ്ങാടന്‍ പശ്ചാത്തലത്തിലല്ലെന്നും കഥയിലേത് ഒരു സാങ്കല്‍പിക സ്ഥലമായിരിക്കുമെന്നും സെന്ന ഹെഗ്ഡെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി പദ്മിനി എന്ന ചിത്രം സെന്ന ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പിന്നാലെയാണ് 1744 ഡബ്ല്യുഎയുടെ പ്രഖ്യാപനവും വാര്‍ത്തകളുമെത്തിയത്. വിന്‍സി അലോഷ്യസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദനും ശ്രീജിത്ത് നായരും വിനോദ് ദിവാകറും ചേര്‍ന്നാണ് നിര്‍മ്മാണം. നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മദന്‍ തുടങ്ങിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സെന്ന ഹെഗ്ഡെ, ആര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും ശ്രീരാജിന്റേതാണ്.

UPDATES
STORIES