ബലാത്സംഗ കേസ്: വിജയ് ബാബുവിന്റെ ജാമ്യ ഹർജി മാറ്റിവച്ചു

യുവ നടിക്കെതിരായ ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി മാറ്റിവച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് വിജയ് ബാബുവിന്റെ ഹർജി പരി​ഗണനയ്ക്ക് എത്തിയത്. വേനലവധിക്ക് ശേഷം ഹർജി പരി​ഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

വിജയ് ബാബുവിനെതിരെ പരാതി നൽകിയ നടിക്ക് നേരെയുണ്ടാകുന്ന സെെബർ ആക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. പേര് വെളിപ്പെടുത്തുന്നതിലൂടെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരാതിക്കാരിയെ അധിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണത്തിനാണ് വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പൊലീസും തയ്യാറാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭയം ജനിപ്പിക്കുന്ന ഈ ആൾക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാൻ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ടെന്നും ഡബ്ല്യുസിസി പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, വിജയ് ബാബു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന ആരോപണവുമായി മറ്റൊരു യുവതികൂടെ. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് (Women Against Sexual Harassment) എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണവുമായി യുവതി രം​ഗത്തെത്തിയത്. ഒരു സിനിമ ചർച്ചയ്ക്കിടെ മദ്യപിച്ച വിജയ് ബാബു തന്റെ സമ്മതമില്ലാതെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 2021 നവംബറിലാണ് ആരോപണത്തിനാസ്പദമായ സംഭവം നടന്നതെന്ന് യുവതി പറയുന്നു.

UPDATES
STORIES