ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിനരികെയുള്ള ഷാരൂഖിന്റെ ദുആയെ ചൊല്ലി വിദ്വേഷ പ്രചാരണം; ഷാരൂഖിന്റേത് പ്രാര്‍ത്ഥന മാത്രം

അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള നടന്‍ ഷാരൂഖ് ഖാന്റെ പ്രാര്‍ത്ഥനയുടെ പേരില്‍ വലിയ ചര്‍ച്ചകളും വ്യാജ പ്രചരണങ്ങളും നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. മുംബൈ ശിവാജി പാര്‍ക്കിലെ പൊതുദര്‍ശനത്തിനിടെ അന്ത്യാഞ്ജലികളര്‍പ്പിക്കാനെത്തിയ ഷാരൂഖ് ഇസ്ലാം വിശ്വാസ പ്രകാരം ദുആ ചെയ്തതിനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍. മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമായിരുന്നു ഷാരൂഖ് എത്തിയത്.

മൃതദേഹത്തിനരികെ കൈകൂപ്പി നില്‍ക്കുന്ന പൂജ ദദ്‌ലാനിയുടെയും അരികെ കൈകളുയര്‍ത്തി നില്‍ക്കുന്ന ഷാരൂഖിന്റെയും ഫോട്ടോകള്‍ വലിയരീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതേതര ഇന്ത്യയുടെ പ്രതീകമെന്ന അടിക്കുറിപ്പുകളോടെ നിരവധിപ്പേര്‍ ചിത്രം പങ്കുവെച്ചു. ലതാമങ്കേഷ്‌കറുടെ ഭൗതികദേഹത്തില്‍ പുഷ്പാഞ്ജലികളര്‍പ്പിച്ച ശേഷം ഷാരൂഖ് ആ പാദങ്ങള്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് വ്യാജപ്രചാരണങ്ങളുമുണ്ടായത്. ദുആ ചെയ്തതിന് ശേഷം ഷാരൂഖ് പ്രാര്‍ത്ഥനയുടെ ഭാഗമായി മാസ്‌ക് മാറ്റി ഊതിയിരുന്നു. ഇസ്ലാം വിശ്വാസപ്രകാരം ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിന് നേരെ ഊതാറുണ്ട്. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമാണത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ‘ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി’ എന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഈ പ്രചാരണത്തെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഏറ്റെടുക്കുകയും ചെയ്തു. ഹരിയാന ബിജെപിയുടെ ചുമതലയിലുള്ള അരുണ്‍ യാദവിന്റേതായിരുന്നു ആദ്യ ആരോപണം. പിന്നാലെ യു.പി ബിജെപി വക്താവ് പ്രശാന്ത് ഉംറാവുവും എത്തി. തുടര്‍ന്ന് നിരവധി ബിജെപി പ്രവര്‍ത്തകര്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച് ഷാരൂഖ് ലതാ മങ്കേഷ്‌കറിനെ അപമാനിച്ചു എന്ന തരത്തില്‍ പങ്കുവെക്കുകയും താരത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയായിരുന്നു.

UPDATES
STORIES