ഷമ്മി തിലകൻ അഭിമുഖം: ‘അമ്മ’യിൽ ജനാധിപത്യമുണ്ടാകില്ല, സംഭവിക്കാന്‍ പോകുന്നത് അട്ടിമറി

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ പതിവിന് വിപരീതമായി ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുകയാണ്. വിവിധ സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകന്‍ മത്സരിക്കാനിറങ്ങിയതാണ് അമ്മയില്‍ ഇലക്ഷന്‍ നടക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉള്‍പ്പെടെ ഷമ്മി നല്‍കിയ മൂന്ന് പത്രികകളും സാങ്കേതിക കാരണങ്ങളാല്‍ തള്ളി. നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും രണ്ട് പതിറ്റാണ്ടായി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഇടവേള ബാബുവും നേതൃത്വത്തില്‍ തുടരുമെന്ന് ഉറപ്പായി. നോമിനേഷന്‍ സ്വീകരിക്കപ്പെട്ടില്ലെങ്കിലും ജനാധിപത്യപരമായ ഒരു ചുവടുവെയ്ക്കാനായതിന്റെ സന്തോഷത്തിലാണ് ഷമ്മി തിലകന്‍. പത്ത് വര്‍ഷത്തോളമായി താന്‍ എന്തിന് വേണ്ടിയാണ് പൊരുതിക്കൊണ്ടിരിക്കുന്നതെന്ന് ഷമ്മി പറയുന്നു. താന്‍ ഇത്രയേറെ ശബ്ദമുയര്‍ത്തിയിട്ടും സംഘടനയില്‍ തുടരാനാകുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. അമ്മയിലെ പ്രധാനസ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ തുനിഞ്ഞത് എന്തുകൊണ്ടാണെന്ന് തുറന്നടിക്കുന്നു. സംഘടനയില്‍ ഇത്തവണയും ജനാധിപത്യത്തിലൂടെ ഒരു നേതൃത്വം ഉണ്ടാകില്ലെന്നും നിലവില്‍ അധികാരത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തുടരുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഷമ്മി തിലകന്‍ South Wrapന് നല്‍കിയ അഭിമുഖം.

‘അമ്മ’ നേതൃത്വത്തിലേക്ക് മത്സരിക്കാൻ നൽകിയ പത്രിക തള്ളാനുള്ള കാരണമെന്താണ്?

പത്രികയുടെ ഏറ്റവും അവസാനം സത്യവാങ്മൂലം പോലെ ഒരു ഭാഗമുണ്ടായിരുന്നു. അതിൽ ‘ഓഫീസ് യൂസ് ഒൺലി’ എന്നുപറയുന്ന ഒരു ഭാഗമുണ്ട്. സാധാരണ വരണാധികാരിയുടെ മുന്നിൽ ചെന്ന് ഒപ്പിട്ടാണല്ലോ പത്രിക സമർപ്പിക്കേണ്ടത്. കൊടുക്കാൻ ചെന്നപ്പോൾ ഉത്തരവാദിത്തപ്പെട്ടവർ ആരും ഉണ്ടായിരുന്നില്ല. എറണാകുളം ജില്ലയിൽ പോലും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തായിരുന്നു. അവരെ വിളിച്ചു ചോദിച്ചപ്പോൾ ‘ആ പെട്ടിക്ക് അകത്ത് ഇട്ടേര്’ എന്ന് പറഞ്ഞു. ഞാൻ എന്റെ പത്രിക പെട്ടിയിലിട്ടു. അതെന്റെ പ്രതിഷേധം കൂടിയായിരുന്നു. ആരുടെയെങ്കിലും മുന്നിലല്ലേ സ്ഥാനാർത്ഥി സത്യവാങ്മൂലം അല്ലെങ്കിൽ പ്രതിജ്ഞ ചെയ്യേണ്ടത്. അത് രഹസ്യമായി ചെയ്തിട്ട് കാര്യമുണ്ടോ.

അമ്മ 25-ാമത് ജനറല്‍ ബോഡി

ആരൊക്കെയായിരുന്നു അമ്മ ചുമതലപ്പെടുത്തിയ വരണാധികാരികൾ?

മോഹൻലാൽ, കുഞ്ചൻ, പൂജപ്പുര രാധാകൃഷ്ണൻ എന്നിങ്ങനെ മൂന്ന് ഇലക്ഷൻ ഓഫീസർമാർ. റിട്ടേണിങ്ങ് ഓഫീസർ ഞങ്ങളുടെ നിയമോപദേശകനായ ഒരു അഭിഭാഷകനാണ്. അയാളാണ് സൂക്ഷ്മപരിശോധന നടത്തേണ്ടത്. നിയമാവലി പ്രകാരം ആദ്യം ഇലക്ഷൻ ഓഫീസർമാർ പ്രാഥമിക പരിശോധന നടത്തിയിട്ടാണ് പത്രിക സ്വീകരിക്കേണ്ടത്. പക്ഷെ, ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല.

പത്രിക ഒരു പ്രതിഷേധ പ്രകടനമായിരുന്നോ അതോ മത്സരിക്കാൻ ഉറച്ചുതന്നെയായിരുന്നോ?

ജനാധിപത്യപരമായി കാര്യങ്ങൾ മുന്നോട്ടുപോകണമെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. കഴിഞ്ഞ കാലങ്ങളിലൊക്കെ തെരഞ്ഞെടുപ്പ് നടത്താതെ സംഘടനയെ കൊണ്ടുനടക്കാൻ ഒത്തുകളികൾ നടത്തിയത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ. ആ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകാൻ വേണ്ടി ഒരു പങ്കാളിത്തം. എല്ലാ അംഗങ്ങളിൽ നിന്നും അതുണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു. മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പേ പത്രിക സമർപ്പിക്കണമായിരുന്നു. 12.30ന് ഞാൻ മൂന്ന് നോമിനേഷനുകൾ സമർപ്പിച്ചു. അതിനുമുൻപേ ബാക്കിയെല്ലാവരും പത്രിക സമർപ്പിച്ചു കാണുകമോ? ഷമ്മി തിലകൻ മത്സരാർത്ഥിയായ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ അംഗങ്ങളുടെ ബഹളമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം ഏഴോളം പേരാണ് മത്സരിക്കുന്നത്. വോട്ട് ഭിന്നിച്ചുപോകാനുള്ള ചില കളികൾ. ഞാൻ എന്ന വ്യക്തി ഒറ്റയ്ക്കാണ് പത്രികയ്ക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തത്.

Also Read: ‘അമ്മ’ ഇലക്ഷന്‍: മോഹന്‍ലാലും ഇടവേള ബാബുവും തുടരും; ഇത്തവണ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം?

ഇടവേള ബാബു, മോഹന്‍ലാല്‍

എല്ലാവരും കൃത്യമായി തന്നെ വിവരങ്ങൾ ഉൾപ്പെടുത്തിയാണോ പത്രിക നൽകിയത്?

മുംബൈയിലും മറ്റുമായിരുന്നവർ സ്ഥാനാർത്ഥികളായി വന്നിട്ടുണ്ട്. അത് എങ്ങനെ വന്നു എന്നതിനേക്കുറിച്ചൊന്നും ഞാൻ അന്വേഷിക്കാൻ പോകുന്നില്ല. ഒരു ഓളമുണ്ടായി. എല്ലാവരുടേയും പങ്കാളിത്തമുണ്ടായി. ഒരു ജനാധിപത്യവിചാരം എല്ലാവർക്കും ഉണ്ടായി. അക്കാര്യത്തിൽ ഞാൻ വിജയിച്ചു. നോമിനേഷൻ തള്ളിയെങ്കിലും എന്റെ ലക്ഷ്യം കൃത്യമായി നടന്നു.

ഞാൻ ഒപ്പിടാൻ മറന്നതല്ല. ഒപ്പിടേണ്ട ഭാഗം ഞാൻ കണ്ടില്ല. ഏതോ ഒരു അദൃശ്യ ശക്തി ‘നീ ഇപ്പോൾ അത് കാണണ്ട, നീയത് കണ്ടാൽ, ആ ഒപ്പുവെച്ചാൽ നീ നിശബ്ദനായി പോകും. നീ നിശബ്ദനാകാനുള്ള സമയം ആയിട്ടില്ല. കുറച്ചുകൂടി കഴിയട്ടെ’ എന്ന് പറഞ്ഞ് എന്റെ തലയ്ക്ക് മുകളിൽ നിന്ന് എന്നെ നിയന്ത്രിച്ചതായിരിക്കാം. ആ അദൃശ്യശക്തി ആരെന്ന് നിങ്ങൾക്ക് ഊഹിക്കാം. ഞാനത് കാണരുതെന്ന് ആ ശക്തി തീരുമാനിച്ചതാകും. അല്ലെങ്കിൽ അതെന്റെ കണ്ണിൽ പെടാതെ പോകേണ്ട കാര്യമില്ല.

പത്രിക സ്വീകരിച്ചെങ്കിൽ മത്സരിക്കുമായിരുന്നില്ലേ?

മൂന്നെണ്ണത്തിലും മത്സരിക്കാൻ പറ്റില്ല. രണ്ട് സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കേണ്ടി വരും. ഞാൻ മത്സരിക്കുമായിരുന്നു. തോൽക്കുക എന്നത് അവിടെ വിഷയമല്ല. മത്സരിക്കുക എന്നതാണ് വിഷയം.

മൂന്നു പത്രികകളും സ്വീകരിച്ചിരുന്നെങ്കിൽ ഏതിൽ മത്സരിച്ചേനെ?

നോമിനേഷനുകൾ സ്വീകരിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ ഏതിലാണോ തെരഞ്ഞെടുപ്പ് ഇല്ലാത്തത് അതിലേക്കുള്ള പത്രിക നിലനിർത്തും. ഞാനില്ലെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങളിലേക്കുള്ള പത്രിക പിൻവലിക്കും. ഇന്ന വ്യക്തിയോട് മത്സരിക്കണം എന്നുണ്ടായിരുന്നില്ല. എല്ലാ സ്ഥാനങ്ങളിലേക്കും ഇലക്ഷൻ വരണമെന്ന താൽപര്യമായിരുന്നു എനിക്കുണ്ടായിരുന്നത്. ഞാൻ മത്സരിച്ചത് ജനറൽ സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയാണ് വേണ്ടത്. അതിലേക്ക് 12 പേർ മത്സരിക്കാൻ തയ്യാറായി ഉണ്ടെങ്കിൽ ഞാൻ പിൻവാങ്ങും. കാരണം 12 പേരുണ്ടെങ്കിൽ തെരഞ്ഞെടുപ്പാണ്. ജനറൽ സെക്രട്ടറിയാകാൻ ഒരാൾക്കാണ് അവസരമുള്ളത്. എന്നേക്കൂടാതെ രണ്ട് പേരുണ്ടെങ്കിൽ ഞാൻ അതും പിൻവലിക്കുമായിരുന്നു.

ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത് നിറവേറിയെന്നാണ് ഇപ്പോൾ കരുതുന്നത്. ഞാൻ ഇല്ലായിരുന്നെങ്കിൽ മത്സരരംഗത്തുള്ളവരേക്കൊണ്ട് പത്രിക പിൻവലിപ്പിച്ചിട്ട് ഈ തെരഞ്ഞെടുപ്പിനേയും അവർ ഇല്ലാതാക്കുമായിരുന്നേനേ. അത് എനിക്കറിയാം. ഞാൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ തീർച്ചയായും അത് നടക്കില്ലായിരുന്നു.

ഷമ്മി തിലകന്‍ പത്രിക സമര്‍പ്പിക്കുന്നു

മത്സരിച്ചിരുന്നെങ്കിൽ സംഘടനയിൽ നിശ്ശബ്ദരായിരിക്കുന്നവരുടെ വലിയ പിന്തുണ കിട്ടുമായിരുന്നോ?

അങ്ങനെ ഒരു പ്രതീക്ഷ ഞാൻ പുലർത്തിയിരുന്നില്ല. എന്റെ കാഴ്ച്ചപ്പാടും സംഘടനയോടുള്ള എന്റെ പ്രതിബദ്ധതയുമാണ് ഞാൻ പ്രകടിപ്പിച്ചത്. ഞാൻ പുറത്തുപറയാൻ ആഗ്രഹിക്കാത്ത പല കാര്യങ്ങളുമുണ്ട്. ജനം അറിഞ്ഞാൽ പൊട്ടിത്തെറിയും വിവാദവുമുണ്ടാകുന്ന കാര്യങ്ങളുണ്ട്. അങ്ങനെ ഒരുപാട് വിഷയങ്ങൾ കാലാകാലങ്ങളായി സംഘടനയ്ക്ക് അകത്ത് നിന്നുകൊണ്ട് സംഘടനാ മര്യാദകൾ പാലിച്ചുകൊണ്ട് ഉന്നയിച്ചിട്ടുണ്ട്. അതിൽ രാഷ്ട്രീയമോ വ്യക്തി വിരോധമോ ഇല്ല. ‘അമ്മ’യോടുള്ള കൂറ് കൊണ്ടാണ് ഇതെല്ലാം. ഷമ്മി തിലകന്റെ പരാതികൾ തരാൻ അവരോടൊന്ന് പറഞ്ഞുനോക്കൂ. ‘ഒരു അച്ഛൻ മകൾക്ക് അയച്ച കത്തുകൾ’ എന്ന പുസ്തകം പോലെ അത് പ്രസിദ്ധീകരിക്കാം. അത്ര പ്രധാനപ്പെട്ട കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. കലർപ്പില്ലാത്ത, തെളിവുകളോട് കൂടിയ, ആര് വായിച്ചാലും ഒന്നും തള്ളിക്കളയാൻ പറ്റാത്തത്ര വ്യക്തമായ കത്തുകളും പരാതികളുമാണ് ഞാൻ കൊടുത്തത്. അതിലൊന്നിനും എനിക്ക് കൃത്യമായ മറുപടി നൽകാൻ ഈ കഴിഞ്ഞ നേതൃത്വത്തിന് സാധിച്ചിട്ടില്ല. അത് ജനാധിപത്യപരമായ ഒരു ഇടപെടൽ അല്ല. അതിനെ തടയേണ്ടത് അനിവാര്യമാണ്.

ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ചിലർ എന്നെ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാറ്റിനും എന്റെ കൈയിൽ തെളിവുകളുണ്ട്.

ആരാണ് പിന്തുണയ്ക്കാൻ തുനിഞ്ഞവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്?

തള്ളിയില്ലേ. ഇനി പറയേണ്ട കാര്യമില്ലല്ലോ. അതിനേക്കാൾ വലിയ വിഷയങ്ങളുണ്ട്. വലിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി ചില കുരുട്ട് വിദ്യകളുമായി വരും. അത് കണ്ടിട്ട് നമ്മൾ പേടിച്ച് പിന്മാറേണ്ട കാര്യമില്ലല്ലോ. അവിടെ ഇലക്ഷൻ നടക്കുന്നത് മാത്രം മതിയെനിക്ക്. ഞാനില്ലാത്തതുകൊണ്ട് അത് നടന്നില്ലെങ്കിൽ ഇത്രയും ചെയ്യാനായി എന്നോർത്ത് സന്തോഷിക്കും.

ഷമ്മി തിലകന്‍

പിന്തുണ ചോദിച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നുള്ള മറുപടി എന്തായിരുന്നു?

നോക്കൂ..അവരെല്ലാം എന്നോട് വളരെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് ഒപ്പിടാൻ പറ്റില്ലെന്ന് പറഞ്ഞത്. എന്നോട് അങ്ങനെ പറയാൻ പറ്റാത്ത ആൾക്കാരാണ് പറയുന്നത്. ‘ഷമ്മീ..സോറി’ എന്ന് കണ്ണു നിറഞ്ഞുകൊണ്ട് പറഞ്ഞവരുണ്ട്. അവരെ എങ്ങനെ കുറ്റം പറയാനാകും? അവരെ ഞാൻ ഒരിക്കലും തള്ളിപ്പറയുകയുമില്ല. ‘നിനക്ക് ഞാൻ വോട്ട് ചെയ്യാം. ഒപ്പിടാൻ പറയരുത്. കാരണം, അത് പരസ്യമാകും.’ എന്ന് അവർ പറഞ്ഞു. വോട്ടിടുമ്പോൾ പരസ്യമാകില്ലല്ലോ. ആരാണ് ഒപ്പിട്ടതെന്ന് എല്ലാവർക്കും വ്യക്തമാകും എന്നതാണ് അവരുടെ പ്രശ്നം. എന്തിന് എന്റെ സ്വന്തം അനിയൻ (ഷോബി തിലകൻ) പോലും ഒപ്പിട്ടില്ല. അതിലും അപ്പുറം ഇല്ലല്ലോ. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവന്റെ നിലനിൽപ് അവന് നോക്കണം. എനിക്കാരോടും പരാതിയില്ല. രണ്ട് പേർ ഒപ്പിടാൻ തയ്യാറായല്ലോ.

ആരൊക്കെയാണ് ആ രണ്ടുപേർ?

ബൈജു സന്തോഷും പ്രേം കുമാറും. രണ്ടുപേരും വളരെ താൽപര്യത്തോടെ ഒപ്പിട്ടു തന്നു. അത് ആരേയും വെല്ലുവിളിച്ചുകൊണ്ടല്ല. അവർക്ക് എന്നെ പിന്തുണച്ച് ഒപ്പിടണമെന്ന് തോന്നി. ഒപ്പിട്ടു. ‘ഇന്നയിന്ന കാര്യങ്ങളുണ്ട്. നിങ്ങൾക്ക് ദോഷമുണ്ടാകുമെന്നുണ്ടെങ്കിൽ ഞാൻ ഒപ്പിടാൻ നിർബന്ധിക്കില്ല’ എന്ന് പറഞ്ഞു. വിലക്കും കാര്യങ്ങളുമൊക്കെ ഇവിടെ നടക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. നിങ്ങളുടെ നിലനിൽപിനെ ബാധിക്കുമെങ്കിൽ വേണ്ട, പക്ഷെ, ബുദ്ധിമുട്ടില്ലെങ്കിൽ ഒപ്പിട്ടുതരൂയെന്ന് ഞാൻ അഭ്യർത്ഥിച്ചു. ആലോചിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു. ഒരാൾ പറഞ്ഞ സമയത്ത് കൃത്യമായി വിളിച്ച് ‘ഞാൻ ഒപ്പിട്ടു തരാടാ’ എന്ന് പറഞ്ഞു. അവർ ഒപ്പിട്ടുതന്നിട്ടും തള്ളിപ്പോയല്ലോ എന്നൊരു ചെറിയ നിരാശാബോധം മാത്രമാണുള്ളത്. ‘നീ കമ്മിറ്റിയിൽ വരുന്നത് നല്ലതായിരിക്കും. നിഷ്പക്ഷമായ തീരുമാനങ്ങളും കാര്യങ്ങളും കാണാൻ സാധിക്കും’ എന്നാണ് ബൈജുവും പ്രേംകുമാറും പ്രതികരിച്ചത്. വിജയാശംസ നേർന്ന് കൈ തന്നു. അവരുടെ കൂടെ ആഗ്രഹം, ഐക്യദാർഢ്യം അത് മുന്നോട്ടുപോയില്ലെന്ന വിഷമവും ഉണ്ട്. എങ്കിലും അപ്പോഴും ആ അദൃശ്യശക്തിയാണ് എന്നെ മുന്നോട്ടുനയിക്കുന്നതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പ്രേം കുമാര്‍

ഒരു സംഘടനാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ അംഗങ്ങൾ ഇങ്ങനെ ഭയക്കുന്നത് എന്തിനാണ്?

വിലക്കുമെന്ന പേടിയാണ് അവരുടെ പ്രശ്നമെന്ന് ഞാൻ പറഞ്ഞല്ലോ. അങ്ങനെയൊരു ഭയം അവർക്കുണ്ട്. ‘നീ ഇത്രയും വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടും നിനക്ക് അത്യാവശ്യം പടങ്ങളുണ്ട്. ഇവരാരും നിന്നെ വിളിക്കുന്നില്ലെങ്കിലും നിനക്ക് വർക്ക് കിട്ടുന്നുണ്ട്. പക്ഷെ, ഞങ്ങളുടെ അവസ്ഥ അങ്ങനെയല്ല. നിനക്ക് തന്നെ അറിയാമല്ലോ, ഞാൻ ഈ അമ്മയിൽ നിന്ന് കിട്ടുന്ന അയ്യായിരം രൂപ കൊണ്ടും കൂടിയാണ് കാര്യങ്ങൾ നോക്കുന്നത്.’ എന്ന് പറഞ്ഞവരുണ്ട്. അത് അവരുടെ ബുദ്ധിമുട്ടല്ലേ. അതിനോട് നോ എന്ന് പറയാൻ നമുക്ക് പറ്റില്ല.

എനിക്ക് തന്നെ 2018ൽ അമ്മയിൽ നിന്ന് ‘കൈനീട്ടം’ അനുവദിച്ചു. എനിക്കറിയാം, ഇവരുടെ ഉദ്ദേശ്യം ശരിയല്ല. എന്റെ ജോലികൾ തടസപ്പെടുത്തിയിട്ട് എനിക്ക് കൈനീട്ടം തരേണ്ട കാര്യമെന്താ? പേരിൽ, കൈനീട്ടം എന്ന ആർദ്രമായ വാക്കാണ്. പക്ഷെ, കണക്കിൽ അത് ഉൾക്കൊള്ളിച്ചിരിക്കുന്നത് ‘പെൻഷൻ സ്‌കീം’ ആയാണ്. അതിന്റെ അർത്ഥമെന്താ? ‘വീട്ടിലിരിക്കുന്നതിന് അയ്യായിരം രൂപ മാസം തരാം. ജോലിയൊന്നും ചെയ്യേണ്ട.’ എനിക്കിത് തരുമ്പോൾ 52 വയസേ ആയിട്ടുള്ളൂ. ഞാൻ പെൻഷൻ പറ്റാറായിട്ടില്ല. എനിക്കിനിയും ജോലി ചെയ്യണം.

ബൈജു സന്തോഷ്

അതിലൊരു താക്കീത് ഉണ്ടായിരുന്നോ?

ആയിരുന്നു. അത് തന്നെയല്ലേ. ഞാൻ ആ പണം അതേ പോലെ തന്നെ കൊണ്ടുപോയി കൊടുത്തിട്ട് പറഞ്ഞു. ‘എനിക്ക് പെൻഷൻ പറ്റാനുള്ള പ്രായമായിട്ടില്ല. ആകുമ്പോൾ ഞാൻ പറയാം.’ അങ്ങനെ കുറച്ച് പേർക്കിത് കൊടുത്തിട്ട്, പെൻഷൻ പറ്റിച്ച് വീട്ടിൽ ഇരുത്തിയിട്ടുണ്ട്. മാസം അയ്യായിരം രൂപ കിട്ടുമല്ലോ. എന്തെങ്കിലും കാര്യം നടക്കുമല്ലോ. അത് നഷ്ടപ്പെടുത്താൻ ആരെങ്കിലും തയ്യാറാകുമോ? ഓരോ തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും ഒരു 25 പേർക്ക് ‘കൈനീട്ടം’ കൊടുക്കും. ആ 25 പേരുടെ വോട്ട് ഉറപ്പായില്ലേ?

ഇത്തവണയും അതുണ്ടായോ?

ഉണ്ട്. പെൻഷൻ ആക്കിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതിയ ആളുകൾക്ക് അംഗത്വം നൽകിയിട്ടുമുണ്ട്. ഓരോ കമ്മിറ്റിക്കും നിശ്ചിതമായ കാലാവധിയുണ്ട്. അത് കഴിഞ്ഞാൽ നയപരമായും മറ്റും ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ലെന്ന ചട്ടങ്ങളുണ്ട്. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ ഒരു പെരുമാറ്റച്ചട്ടം നിലവിൽ വന്നില്ലേ. ആ സമയത്ത് വോട്ട് നേടാനെന്ന തരത്തിൽ പ്രഖ്യാപനങ്ങൾ നടത്താൻ ഭരണത്തിലുള്ള സർക്കാരിന് കഴിയില്ല. അത് ഇലക്ഷൻ കമ്മീഷൻ തടയും. അമ്മയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത്. അതൊക്കെ ചോദ്യം ചെയ്യേണ്ടത് ആരാണ്? റിട്ടേണിങ്ങ് ഓഫീസർ അല്ലേ? ചക്കച്ചുള അല്ലല്ലോ അദ്ദേഹത്തിന് എണ്ണിക്കൊടുക്കുന്നത്? നിഷ്പക്ഷമായി കാര്യങ്ങൾ നോക്കാനാണ് റിട്ടേണിങ്ങ് ഓഫീസർ ഇരിക്കുന്നത്. ജനാധിപത്യബോധമുണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇതാണ്. പെരുമാറ്റച്ചട്ടം ലംഘിച്ചവരുടെ പത്രിക എങ്ങനെ സ്വീകരിച്ചു? അതല്ലേ ആദ്യം തള്ളേണ്ടത്? ഇത് ഏതെങ്കിലും പത്രക്കാരൻ ആരോടെങ്കിലും ചോദിക്കുന്നുണ്ടോ? ഇതൊക്കെയല്ലേ വിഷയങ്ങൾ. ഇങ്ങനെയാണ് ജനാധിപത്യപരമാകുന്നത്. അല്ലാതെ കുറേ… എന്റെ വായിൽ വേറെ വാചകം വരും.

ഒരു കാര്യവുമില്ലന്നേ. ഇവര് നന്നാകില്ല. എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകില്ല എന്ന് പറഞ്ഞ് നടക്കുന്ന ഗ്രൂപ്പിന്റെയടുത്ത് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം? അവർ അവിടെ കിടന്ന് ചെയ്യട്ടേ. അവർ എത്രത്തോളം പോകുമെന്ന് നമുക്കറിയാം. ചെമ്മീൻ ചാടിയാൽ മുട്ടോളം, അത് കഴിഞ്ഞാൽ ചട്ടിയോളം. അത്ര തന്നെ.

തിലകന്‍

കേരളം പൊലൊരു സംസ്ഥാനത്തെ, ഏറ്റവും ജനകീയരായ കലാകാരന്മാരുടെ സംഘടനയിൽ ഇങ്ങനെയൊക്കയാണ് കാര്യങ്ങൾ എന്നത് മലയാളികൾക്കും ഒരു നാണക്കേടല്ലേ?

ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുകയേ വേണ്ട. നിങ്ങൾ അന്വേഷിച്ചു നോക്കൂ. ഞാൻ പറഞ്ഞതിൽ പത്ത് ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ ബാക്കി അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ്. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അന്വേഷണാത്മക പത്രപ്രവർത്തനമാണ് ഇവിടേയും വേണ്ടത്. എന്റെ അച്ഛൻ മരിക്കുന്നതുമുതൽ, 2012 മുതൽ ഞാൻ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ചധികം കാര്യങ്ങൾ പിടിച്ചുനിർത്താൻ എനിക്ക് പറ്റിയിട്ടുണ്ട്. പല കാര്യങ്ങളും ഞാൻ ഇടപെട്ട് നല്ല രീതിയിലാക്കിയിട്ടുണ്ട്.

‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണോ?

സുതാര്യതയില്ല. പക്ഷെ, അതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് പൊതുജനത്തോട് പറയാനാകില്ല. സംഘടനയുടെ ജനറൽ ബോഡിയിൽ എനിക്ക് അതിന് അവസരമുണ്ട്. ആ അവസരം വിനിയോഗിക്കുകയാണ് ഞാൻ ചെയ്യേണ്ടത്. വിവരാവകാശ നിയമം എനിക്ക് ബാധകമായതുപോലെ നിങ്ങൾക്കും ബാധകമാണ്. അന്വേഷിച്ചാൽ സുതാര്യമല്ലാത്ത പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ടെന്ന് നിങ്ങൾക്കും എളുപ്പത്തിൽ കണ്ടുപിടിക്കാം.

വലിയ തോതിലുള്ളതാണോ?

പിന്നേ. സിബിഐയും ഡിആർഐയും (റവന്യൂ ഇന്റലിജൻസ്) വരെ ഇടപെടേണ്ട കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്. അത്രയും മാത്രം പറയാം. ഓരോ റെയ്ഡുകളും മറ്റും നടക്കുന്നില്ലേ ഇപ്പോൾ. ഒരു പക്ഷെ, അതിന്റെയെല്ലാം പുറകിൽ ഇത് ആണ് അല്ലെങ്കിൽ അല്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? എനിക്കറിയില്ല.

ഷമ്മി തിലകന്‍

നിർമ്മാതാക്കളുടെ ഓഫീസിൽ നടക്കുന്ന റെയ്ഡുകൾക്ക് പിന്നിൽ എന്താണ്?

എനിക്കറിയില്ല. പലതുമായിരിക്കാം. ഞാൻ ഇങ്ങനെ സംശയിക്കുന്നു എന്ന് മാത്രം. എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ ചോദിച്ചാൽ ഞാൻ പറയും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാൽ മാത്രമേ ഞാനത് പറയൂ. മാധ്യമങ്ങളോട് പറയാൻ പറ്റാത്തതും സംഘടനയിൽ മാത്രം പറയേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ആ കാര്യത്തിൽ ഞാൻ സംഘടനയിൽ ഫൈറ്റ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പരാതികൾ കൊടുത്തിട്ടുണ്ട്. അതിൽ നടപടിയെടുക്കാൻ അവർക്ക് പറ്റില്ല. അവർക്കെതിരെ തന്നെയാണ് നടപടിയെടുക്കേണ്ടത്. വേട്ടക്കാരനെതിരെ വേട്ടക്കാരൻ നടപടിയെടുക്കുമോ? ഇരയ്ക്ക് വേട്ടക്കാരന്റെ അടുത്ത് പരാതി കൊടുക്കാൻ പറ്റുമോ? അതുകൊണ്ട് പല പരാതിയും ഞാൻ കൊടുത്തില്ല.

ഞാൻ ഭാരവാഹിയായി വന്നിരുന്നെങ്കിൽ എനിക്ക് പരാതി നൽകാൻ പറ്റില്ലായിരുന്നു. ഇവരുടെ അടുക്കൽ തന്നെയാണ് ഇനിയും പരാതി എത്തേണ്ടത്? അപ്പോൾ ഞാൻ പരാതി എവിടെ കൊടുക്കും? എനിക്ക് ജീവിതകാലം നീതി കിട്ടില്ലെന്ന കാര്യം ഉറപ്പ്.

പക്ഷെ, എതിർപ്പുകൾ തുടരും?

പിന്നെയെന്തിനാണ് പത്രക്കാർ? മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യാത്തതിലാണ് എനിക്ക് അത്ഭുതം. സംഘടനയോടുള്ള പ്രതിബന്ധതയുടെ ഭാഗമായി ഞാൻ ചിലത് തുറന്നുകാണിക്കേണ്ടതുണ്ട്. അതിനപ്പുറത്തേക്ക് പറയണമെങ്കിൽ ഞാൻ രാജിവെച്ച് പുറത്തുപോകണം. എന്നിട്ട് പറയാം. ഞാൻ രാജിവെക്കില്ല. എന്നെ അവർ പുറത്താക്കട്ടെ. അത് ജന്മത്ത് നടക്കില്ല. ഷമ്മി തിലകൻ രാജിവെച്ച് പോകുമെന്ന് ആരും വിചാരിക്കേണ്ട. രാജിവെച്ച് പലരും പോയിട്ടുണ്ട്.

പുറത്താക്കില്ലേ?

പുറത്താക്കിയാൽ അവർക്ക് തന്നെയാണ് ദോഷം. അതുകൊണ്ട് അവരത് ചെയ്യില്ല. എന്നെ പുറത്താക്കിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഞാൻ അകത്ത് പറയുന്ന കാര്യങ്ങൾ വെളിയിൽ വരുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അകത്തായതുകൊണ്ട് ഞാൻ ഒരു പരിധിവിട്ട് പറയില്ലെന്ന് അവർക്കറിയാം. എന്നെ വിലക്കാൻ ഈ ലോകത്താകെ ഒറ്റയാളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം മരിച്ചിട്ട് ഒമ്പത് വർഷമായി. ഇനി ആരെ പേടിക്കണം ഞാൻ?

ജോജി മുണ്ടക്കയം, ഷമ്മി തിലകന്‍, ബാബുരാജ് / ജോജി

റെയ്ഡുകളുടെ കാര്യം പരാമർശിച്ചല്ലോ? ‘അമ്മ’ സംഘടനയെ ദുരുപയോഗിച്ച് കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടോ?

അതിനുത്തരം പറയാൻ എനിക്ക് പരിമിതികളുണ്ട്. ഞാൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. നിങ്ങൾ അന്വേഷിക്കൂ. വിവരാവകാശ നിയമം ഉണ്ടായിട്ടും വിവരമില്ലാത്തവരായി ജീവിക്കേണ്ട അവസ്ഥയുണ്ടോ ഇനിയും? ഉത്തരം കിട്ടിയില്ലെങ്കിൽ അടുത്ത അടി കൊടുക്കുക. ഹർജി നൽകുക. വീട്ടിൽ കൊണ്ടുപോയിതരും ഉത്തരം. കൈയാമം ആയുധമാക്കി ആഞ്ഞടിക്കാനല്ലേ ക്രിസ്തു പറഞ്ഞത്. ചോദ്യങ്ങളുണ്ടാകട്ടെ.

ഷമ്മി തിലകനെപ്പോലെ ഒരാൾ നേതൃസ്ഥാനങ്ങളിൽ വരണമെന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ടാകും?

സമ്മർദ്ദങ്ങളിൽ വീഴാത്ത കുറച്ചുപേരുണ്ട്. ജോയ് മാത്യു, ബൈജു സന്തോഷ്, പ്രേം കുമാര്‍ എന്നിങ്ങനെ ചിലർ. ഓരോരുത്തരുടേയും ജീവിത സാഹചര്യവും നിലനിൽപും സങ്കീർണമായ പ്രശ്നങ്ങൾ നേരിടാനുള്ള മനക്കരുത്തും വ്യത്യസ്തമാണ്. അമ്മയിലെ അംഗങ്ങൾക്ക്, എന്റെ സഹപ്രവർത്തകർക്ക് ആർക്കും ഞാൻ കാരണം ദോഷം വരരുതെന്നാണ് ആഗ്രഹം. നിന്നേ പോലെ ഒരാൾ തലപ്പത്ത് വരണമെന്ന് പറഞ്ഞവർ തന്നെയാണ് ഒപ്പിടാൻ മടിച്ചത്. ആരുടേയും പേര് ഞാൻ പറയില്ല. ആരേയും നിർബന്ധിച്ച് നിലപാട് എടുപ്പിക്കരുത്. അവർ മനസോടെ ചെയ്യട്ടെ. ഒരു ഒപ്പു പോലും ഇഷ്ടത്തോടെ കിട്ടിയില്ലെങ്കിൽ ഞാൻ തെരഞ്ഞെടുപ്പിൽ നിൽക്കാതിരിക്കുന്നതാണ് നല്ലത്. സ്ഥാനാർത്ഥി പട്ടികയിലെ എന്റെ അസാന്നിധ്യത്തിലും എന്റെ പ്രതിഷേധമുണ്ട്.

ഇത്തവണ അമ്മ നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം കൂടാൻ സാധ്യതയുണ്ടല്ലേ?

സാധ്യതയല്ലേ ഉള്ളൂ. ബുധനാഴ്ച്ച വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ആരൊക്കെ നിൽക്കും പോകും എന്ന് അന്നറിയാം. ഷമ്മി തിലകൻ മത്സരിക്കാൻ ഇല്ലാത്ത സ്ഥിതിക്ക് കൃത്യം 17 പേരേ കാണാനിടയുള്ളൂ.

ഇലക്ഷൻ എന്ന പ്രതീതി മാത്രമാണോ ഉള്ളത്?

മിക്കവരും പിൻവലിക്കും. നമുക്ക് കാത്തിരുന്ന് കാണാം. ഞാൻ ഈ പറയുന്നതെല്ലാം തെറ്റാണെന്ന് കാണിക്കാൻ ഇലക്ഷൻ നടത്തിയാൽ അത്രയുമായി. നല്ലത്.

സംഘടനയിലും അമ്മ നേതൃത്വത്തിലും സ്ത്രീകൾക്ക് തുല്യമായ ഇടം എന്നെങ്കിലും കിട്ടുമോ?

ലോകത്തും ഇന്ത്യാ മഹാരാജ്യത്തും മുഴുവൻ അങ്ങനെ തന്നെയാണ് വേണ്ടത്. എനിക്ക് പ്രാതിനിധ്യം വേണ്ട എന്ന് പറഞ്ഞ് മാറിയാൽ എന്ത് ചെയ്യാൻ പറ്റും? നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഞാൻ ബഹുമാനിക്കുന്ന ഒരു വനിതാ അംഗം ഒരു ദിവസം വിളിച്ച് നോമിനേഷൻ കൊടുക്കാമെന്ന് പറഞ്ഞു. അവരുടെ പേര് ഞാൻ പറയുന്നില്ല. ഞാൻ ഇന്ന സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്ന് അവർ പറഞ്ഞു. ഞാൻ മത്സരിക്കാനിരുന്ന സ്ഥാനമായിരുന്നു അത്. അങ്ങനെയെങ്കിൽ ആ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഞാൻ പിന്മാറാം എന്ന് ഞാൻ വ്യക്തമാക്കി. ‘അങ്ങ് മത്സരിക്കുന്നെങ്കിൽ ഞാനില്ല. മറ്റേതെങ്കിലും ഒഴിവിലേക്ക് മത്സരിച്ചോളാം.’ ഒത്തിരി എതിരാളികൾ വന്നാൽ വോട്ട് ഭിന്നിച്ചുപോകുമല്ലോ എന്ന് കരുതി കൂടിയാണ് ഞാൻ മാറിയത്. പക്ഷെ, അവസാന നിമിഷം അവർ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്മാറി. പ്രാതിനിധ്യം വേണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെട്ടവർ തന്നെയാണിത് ചെയ്തത്. അവർ ഇപ്പോൾ ഈ പറയുന്ന ചില ആൾക്കാരുടെ സിനിമകളിൽ അഭിനയിക്കുന്നവർ തന്നെയാണ്. ഈ പറച്ചിലുകളും മറ്റും അവരവരുടെ അവസരങ്ങൾ ഉണ്ടാക്കാനുള്ള ചവിട്ടുപടികളാക്കി മാറ്റുന്നുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യെയാണ് ഞാനിത് പറയുന്നത്. എല്ലാവരേയും സഹപ്രവർത്തകരായാണ് ഞാൻ കാണുന്നത്. ഒരാൾ സ്ത്രീ രൂപമാണ്, മറ്റൊരാൾ പുരുഷ രൂപമാണ്. അങ്ങനയേ ഞാൻ കാണുന്നുള്ളൂ. മത്സരിക്കാൻ ആഗ്രഹിച്ച വനിതാ അംഗത്തിന് വേണ്ടി ഞാൻ മാറിക്കൊടുത്തു. അത്രയുമൊക്കെയേ എനിക്ക് ചെയ്യാനാകൂ.

സമീപകാലത്തെങ്ങാനും അമ്മയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ?

ആർജ്ജവമുള്ള ഒരു വനിത സ്ഥാനാർത്ഥിയായി വരണം. എങ്കിൽ വനിതാ പ്രസിഡന്റുണ്ടാകും. അതിന് എത്ര പേർ തയ്യാറാകും എന്ന് എനിക്കറിയില്ല.

Also Read: ഗോകുല്‍ദാസ് അഭിമുഖം: കാലഘട്ടം പുനഃസൃഷ്ടിക്കല്‍ കരവിരുതാണ്, ഫാന്റസിയിലാണ് ക്രിയേറ്റിവിറ്റി

UPDATES
STORIES