താരസംഘടനയായ അമ്മയുടെ നേതൃയോഗം മൊബൈൽ ക്യാമറയിൽ പകർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയുമായി നടൻ ഷമ്മി തിലകൻ. ഇതുമായി ബന്ധപ്പെട്ട് തനിക്കിതുവരെ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുകയോ തന്നോട് ആരും വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകൻ സൗത്ത്റാപ്പിനോട് പറഞ്ഞു.
“ഞാൻ ദൃശ്യങ്ങൾ പകർത്തിയത് ഒളിക്യാമറയിലല്ല, എല്ലാവരും ഇരിക്കുന്ന സമയത്ത് മൊബൈൽ ഫോണിലാണ്. എന്നോട് ഇതുവരെ ആരും ഒന്നും ചോദിച്ചിട്ടില്ല. ഇനി അഥവാ ചോദിച്ചാലും എന്റെ കൈയിൽ കൃത്യമായ മറുപടിയുണ്ട്. മറുപടി ഇല്ലാത്തവർക്കല്ലേ പേടിക്കേണ്ടതുള്ളൂ,” ഷമ്മി തിലകൻ പറഞ്ഞു.

അവിടെ വരുന്ന പലരും ഫോണിൽ ഫോട്ടോയും വീഡിയോയും എടുക്കാറുണ്ട്. ഞാൻ എടുത്തത് ഫോട്ടോ ആണോ വീഡിയോ ആണോ എന്നു പോലും അവർക്കറിയില്ല.
“ഞാൻ അമ്മ സംഘടന പൊളിക്കാൻ നടക്കുന്ന ഒരു വ്യക്തിയല്ല. ആ സംഘടനയിൽ തുടക്കം മുതലുള്ള ആളാണ് ഞാൻ. പ്രാഥമിക അംഗമാണ്. മണിയൻപിള്ള രാജു പറഞ്ഞില്ലേ അവരുടെയൊക്കെ പൈസകൊണ്ടാണ് സംഘടന കെട്ടിപ്പൊക്കിയതെന്ന്. ഞാനും കൊടുത്തിട്ടുണ്ട്. ഈ പറയുന്ന മണിയൻപിള്ള രാജുവാണ് എന്റെ കൈയിൽ നിന്ന് പൈസ വാങ്ങിയത്. അമ്മ അസോസിയേഷന്റെ ആദ്യത്തെ ലെറ്റർപാഡ് അടിക്കാൻ ഉൾപ്പെടെ എന്റെ പൈസ ഉപയോഗിച്ചിട്ടുണ്ട്. ആ ഞാൻ ഒരിക്കലും സംഘടനയെ തകർക്കാൻ ആഗ്രഹിക്കില്ല.”
Read More: ഷമ്മി തിലകൻ അഭിമുഖം: ‘അമ്മ’യിൽ ജനാധിപത്യമുണ്ടാകില്ല, സംഭവിക്കാന്‍ പോകുന്നത് അട്ടിമറി
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്. ഇതിനിടെ ഷമ്മി തിലകന് ചര്‍ച്ചകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് വിവാദം.
അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മണിയൻപിള്ള രാജുവാണ്.