കമല്‍ഹാസന്റെ ‘വിക്രം’; കേരളത്തിലെ വിതരണം ഷിബു തമീൻസ്

കമല്‍ഹാസൻ നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ഷിബു തമീൻസ് ആണ്. ഈ വിവരം പങ്കുവെച്ച ഷിബു തമീൻ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കാൻ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയ മലയാളി താരനിരയും ചിത്രത്തില്‍ കമല്‍ഹാസനൊപ്പം സ്ക്രീന്‍ പങ്കിടുന്നുണ്ട്. വിജയ് സേതുപതിയും പ്രധാന വേഷം കെെകാര്യം ചെയ്യുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ചിത്രത്തിലെ കമൽഹാസന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും റിലീസിനുമുന്‍പ് പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ മുപ്പതുകാരനായാണ് കമല്‍ ഹാസന്‍ എത്തുന്നതെന്നും അതിനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നുമായിരുന്നു അതിലൊരു റിപ്പോർട്ട്. ഹോളിവുഡ് ടീം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയ്ക്കായി 10 കോടി രൂപയാണ് നിർമ്മാതാക്കള്‍ മുടക്കിയതെന്നും എന്റർടെന്‍മെന്റ് ടെെംസ് ഉള്‍പ്പടെ റിപ്പോർട്ട് ചെയ്തിരുന്നു.

ചിത്രത്തിൽ കമൽഹാസന്റെ കഥാപാത്രം പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് മറ്റൊരു സൂചന. 1986-ൽ കമല്‍ഹാസന്‍ പൊലീസ് വേഷത്തിലെത്തിയ ‘വിക്രം’ എന്ന സിനിമയുടെ തുടർച്ചയാണ് ചിത്രമെന്നും ഇതോടൊപ്പം അഭ്യൂഹങ്ങളുണ്ട്. തമിഴിലെ മള്‍ട്ടി ഹീറോ ചിത്രങ്ങളിലൊന്നായ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

UPDATES
STORIES