അന്നയും റസൂലിലെ മട്ടാഞ്ചേരിക്കാരന്‍ അബു മുതല്‍ കുറുപ്പിലെ ഭാസ്കര പിള്ള വരെ, ചെയ്യുന്ന വേഷങ്ങളില്‍ എപ്പോഴും പുതുമ കൊണ്ടുവരാന്‍ ശ്രമിച്ച് മലയാള സിനിമയില്‍ ഇരിപ്പുറപ്പിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ‘ഒറ്റാലി’ലേതു പോലെ ഏതാനും മിനുട്ടുകള്‍ മാത്രമുള്ള കഥാപാത്രമായാലും ‘ലവി’ലെ മുഴുനീള കഥാപാത്രമായാലും ‘പക്കാ വൃത്തിക്ക് ചെയ്തിട്ട് പോകുന്ന നടന്’ ആയാണ് ഷൈനിനെ സിനിമാസ്വാദകര്‍ വിശേഷിപ്പിക്കാറ്. ‘ഇഷ്കി’ലെ ആല്ബിന്, ‘ലവി’ലെ അനൂപ് എന്നീ കഥാപാത്രങ്ങളിലൂടെ ഷൈന്‍ തന്റെ പ്രതിഭ എത്രയെന്ന് വീണ്ടും തെളിയിച്ചതാണ്. ‘ഭാസി പിള്ള’ ശ്രദ്ധിക്കപ്പെടുമ്പോള്‍ നടന് ചിലത് പറയാനും ഓര്മ്മിപ്പിക്കാനുമുണ്ട്. ഷൈന്‍ ടോം ചാക്കോ ‘സൗത്ത് റാപ്പിന്’ നല്കിയ അഭിമുഖം.
19 വര്‍ഷം മുന്‍പ് നമ്മള് എന്ന ചിത്രത്തിലെ ഒറ്റ ഷോട്ടിലൂടെ ബസ് കയറിയാണ് അഭിനയലോകത്തേക്കുള്ള വരവ്. ഇപ്പോള്‍ അടി, പട, പടവെട്ട്, ഷൈന്‍ ടോം ചാക്കോ ത്രില്ലര്‍ സിനിമകളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായല്ലോ?
അത് അഭിനയിച്ചതൊന്നുമല്ല. അന്ന് ഞാന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് പശ്ചാത്തലത്തില്‍ ഇരുത്തുന്നവരൊക്ക സെറ്റിലെ ആള്ക്കാര് തന്നെയാകും. രാത്രിയായാലും കണ്ടിന്യൂയിറ്റി കിട്ടണമല്ലോ. അങ്ങനെ ഇരുത്തിയതാണ്.

സോഷ്യല്‍ മീഡിയയില്‍ വന്ന ‘ഭാസി പിള്ള റിവ്യൂ’കള്‍ ഷൈന്‍ ടോം ചാക്കോ കണ്ണ്, നോട്ടം എന്നിവ സമര്‍ത്ഥമായി ഉപയോഗിക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്?
എല്ലാ അഭിനേതാക്കളും കണ്ണ് ഉപയോഗിക്കുന്നുണ്ട്. കണ്ണാണ് മെയിന്‍. മനസുകൊണ്ടാണല്ലോ അഭിനയിക്കുന്നത്. അഭിനയം മുഖം കൊണ്ട് മാത്രമുള്ള എക്സ്പ്രഷന്‍ അല്ല. മനസിലും ചിന്തയിലും അതുണ്ടാകുമ്പോള്‍ കണ്ണില്‍ വരും. ആളുകള്‍ ശ്രദ്ധിക്കുന്നത് വളരെ കഴിഞ്ഞിട്ടായിരിക്കും.
രണ്ട് വര്‍ഷം മുന്പാണല്ലോ കുറുപ്പ് ചെയ്തത്. ഇന്നായിരുന്നെങ്കില്‍ മറ്റൊരു ഭാസ്കര പിള്ളയെയാകും കാണുകയെന്ന് പറഞ്ഞല്ലോ?
അത് സ്വാഭാവികമാണ്. ഭാസ്കരപിള്ളയെ ചെയ്ത് കഴിയുമ്പോള്‍ നിങ്ങളെ സംബന്ധിച്ച് വളരെ മികച്ചതായിരിക്കും. പക്ഷെ, കുറച്ചുകഴിയുന്നതോടുകൂടി ആ വേഷം ചെയ്ത ഒരു വ്യക്തി അതിനേക്കാള്‍ മികച്ചതാക്കാമായിരുന്നു എന്നാണ് ചിന്തിക്കുക. അതിലുള്ള പോരായ്മകളായിരിക്കും നമ്മള് കാണുക. ഇന്നാണ് ഭാസ്കര പിള്ളയെ ചെയ്തതെങ്കില്‍ അതില്‍ നിന്നും വ്യത്യാസങ്ങളുണ്ടായിരിക്കും.
ചാക്കോയുടെ കുടുംബം ഭാസ്കര പിള്ളയ്ക്ക് മാപ്പ് നല്കാന് തയ്യാറാകുകയും ഭാസ്കര പിള്ള ശാന്തമ്മയേയും ചാക്കോയുടെ സഹോദരന്മാരേയും നേരില്‍ കാണുകയും ചെയ്തു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് ശാന്തമ്മ ഭാസ്കര പിള്ളയോട് പറഞ്ഞത്. 2018ലായിരുന്നു അത്. സിനിമയെ വെല്ലുന്ന ഒരു നിമിഷമല്ലേ അത്?
ആ വാര്‍ത്ത ഞാന്‍ കണ്ടിരുന്നു. ഭാസ്കര പിള്ള ജയില്‍ മോചിതനായതിന് ശേഷം ചാക്കോയുടെ ഭാര്യയെ കാണുകയും അവരോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഒരു മനുഷ്യനിലുണ്ടാകുന്ന ഏറ്റവും വലിയ അവസ്ഥയാണത്. ഒരു മനുഷ്യനെ കൊല്ലുന്നു, അതില്‍ പശ്ചാത്തപിക്കുന്നു, മാപ്പ് ചോദിക്കുന്നു. ഭാസ്കര പിള്ള വളരെയധികം മാറിയിട്ടുണ്ട്.

ഏറ്റവും വലിയ സംഗതിയെന്തെന്നാല്‍ ഇവര്‍ തമ്മില്‍ ഒരു മുന്‍ വൈരാഗ്യം പോലും ഉണ്ടായിരുന്നില്ല എന്നതാണ്. വേറൊരുതരം വല്ലാത്ത ക്രൂരത കൂടിയുണ്ട് അതില്‍. ദേഷ്യമുണ്ടെങ്കില്‍ ആളുകള്‍ തമ്മില്‍ വഴക്കുകൂടി പരസ്പരം ഉപദ്രവിച്ചേക്കാം. ഇവിടെ ഒരു ബന്ധമോ ദേഷ്യമോ ഇല്ലാത്ത ഒരാളെയാണ് പിടിച്ചുകൊണ്ടുപോയി കൊല്ലുന്നത്. ‘ഭര്‍ത്താവ് രാത്രി വീട്ടിലെത്തും, വിവാഹവാര്‍ഷികമാണ്, പള്ളിപ്പെരുന്നാളിന് പോകണം’ എന്നൊക്കെ കരുതി കാത്തിരിക്കുന്ന ഗര്‍ഭിണിയായ ഒരു യുവതിയുടെ ജീവിതത്തിലാണിത് സംഭവിക്കുന്നത്. അയാള്‍ കത്തിക്കരിഞ്ഞ് മൃതദേഹമായിട്ടാണ് വരുന്നത്. നമുക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. ആ അവസ്ഥയിലായിരുന്ന ആളുകള്‍ മാപ്പ് നല്‍കാനും ചെയ്തവര്‍ മാനസാന്തരപ്പെട്ട് മാപ്പ് ചോദിക്കാനും തയ്യാറാകുക എന്നത് വലിയ കാര്യം തന്നെ.
നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് കൂടുതല്‍ ലഭിക്കുന്നത്. ടൈപ്പ് ചെയ്യപ്പെടുകയാണെന്ന തോന്നലുണ്ടോ?
ഇല്ല. ഏതെങ്കിലും തരത്തില്‍ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെയാണ് ഞാന്‍ ചെയ്യുന്നത്. നെഗറ്റീവ് ഷേഡുള്ളതിലും വ്യത്യാസമുണ്ടാക്കുക എന്നതാണല്ലോ ഒരു അഭിനേതാവ് ചെയ്യേണ്ടത്. ഒരു വില്ലനെ മാത്രമോ, ഒരേ കഥാപാത്രത്തെ മാത്രമോ, ഒരു പൊലീസുകാരനെ മാത്രമോ ചെയ്തുകൊണ്ടിരിക്കുക ഒരിക്കലും സാധ്യമല്ല. മമ്മൂട്ടിയും മോഹന്‍ലാലും എത്രയോ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഥാകൃത്തുകളുടേയും സംവിധായകരുടേയും കൂടി മികവാണ് വ്യത്യസ്തത കൊണ്ടുവരല്‍. അത്തരം പടങ്ങള്‍ തെരഞ്ഞെടുക്കും. ടൈപ്പ് ആകാതിരിക്കാനാണ് ഏറ്റവും കൂടുതല്‍ നോക്കുന്നത്. അതുകൊണ്ടാണ് ക്രാഫ്റ്റ് ഉള്ള തിരക്കഥാകൃത്തുക്കളുടേയും സംവിധായകരുടേയും കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. നമ്മളെ ഇതുവരെ കാണാത്തതും ചെയ്യാത്തതുമായ വേഷങ്ങളാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ നല്ല കഥാപാത്രങ്ങള്‍ കിട്ടും, അതില്‍ വ്യത്യസ്തയുണ്ടാകും.

‘ഇതിഹാസ’യില്‍ സ്ത്രീ വേഷം ചെയ്ത ആളാണ്. ‘ഇഷ്കിലെ’ ആല്ബിന് ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ടോക്സിക് മാസ്കുലിനായുള്ളവയും. രണ്ടും രണ്ട് എക്സ്ട്രീമാണ്. ഏതും വഴങ്ങുമെന്ന് തെളിയിച്ചു. ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ ഏതൊക്കെയാണ്?
ആ അന്തരങ്ങള്‍ക്കിടയില്‍ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഒന്നോ രണ്ടോ ക്യാരക്ടര്‍ കൊണ്ട് സംതൃപ്തിയിലേക്ക് എത്തില്ല. ഒരുപാട് ചെയ്യുമ്പോഴാണ് ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കിട്ടുന്നത്. എല്ലാ ചിത്രങ്ങളിലും ഇത്തരം കഥാപാത്രങ്ങള്‍ ഇല്ലല്ലോ. നല്ല ആഗ്രഹമുണ്ട്. പക്ഷെ, ഒരുപാട് കാലത്തിനിടയ്ക്കാണ് അത് സംഭവിക്കുക. ഒരു പ്രത്യേക കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമില്ല.
‘ലവ്’ നിരൂപക പ്രശംസ നേടി. കന്നഡയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. നെറ്റ്ഫ്ളിക്സ് റിലീസിലൂടെ ഒരുപാടുപേരിലെത്തി. പക്ഷെ, അനൂപ് ആയുള്ള പ്രകടനം കേരളത്തില്‍ അര്‍ഹിച്ച രീതിയില്‍ വിലയിരുത്തപ്പെട്ടില്ലെന്ന് കരുതുന്നുണ്ടോ?
അനൂപ് കുറച്ചുകൂടി സൂക്ഷ്മമായ ഡീറ്റെയിലിങ്ങ് കൊടുത്ത കഥാപാത്രമായിരുന്നു. മുന്‍പ് പറഞ്ഞതുപോലെ കണ്ണും നോട്ടവുമെല്ലാം ഉള്‍പ്പെടെ. അത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നത് നോക്കേണ്ട കാര്യമില്ല. വേണ്ടാത്ത കാര്യങ്ങള്‍ ആളുകള്‍ അന്വേഷിക്കുന്നുണ്ടല്ലോ. ആവശ്യമുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കാത്തത്.
ഒരു ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍ ‘കള്ള് കുടിച്ചിട്ടാണോ? കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?’ എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത അതാണല്ലോ. ഒരുവന് പട്ടിണിയാണോ എന്ന് അന്വേഷിക്കില്ല. കള്ളുകുടിച്ചോ എന്നതിലാണ് ശ്രദ്ധ. രണ്ട് പെഗ് അടിക്കുന്നതേ കാണൂ. അതിനെ ഞാന്‍ കാര്യമായി എടുക്കുന്നില്ല. ആളുകളില്‍ പലരും വേണ്ടത് എടുക്കുന്നില്ല. ഭാസി പിള്ള എന്ന കഥാപാത്രത്തിലെത്തുമ്പോഴാണ് ഇതൊക്കെ ആളുകള്‍ ശ്രദ്ധിക്കുന്നത്. എത്ര ശ്രദ്ധിക്കപ്പെട്ടാലും ഒരു കലാകാരന് അത് മതിവരില്ല. ശ്രദ്ധിക്കപ്പെട്ടില്ലല്ലോ എന്ന് കേള്‍ക്കുന്നത് തന്നെ ഒരു കലാകാരന് വിഷമമുണ്ടാക്കും. വലിയൊരു ഭൂമി കുലുക്കം എല്ലാവരും ശ്രദ്ധിക്കാതിരിക്കുകയും ചെറിയൊരു ഇല അനങ്ങുന്നത് വളരെ വലുതായി കാണുകയും ചെയ്യുന്ന ഒരു തരം സാമൂഹിക അന്തരീക്ഷമുണ്ട്. ഒരു കലാകാരനായിരിക്കും ഇതാദ്യം തിരിച്ചറിയുന്നത്. മനസിലാക്കാവുന്നതേയുള്ളൂ ഇതെല്ലാം.
ലവിനേക്കുറിച്ച് എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ എഴുതാതിരുന്നത്? ഞാന്‍ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടുകിടക്കുന്ന സമയത്ത് എല്ലാവരും അറിയുമല്ലോ. എല്ലാ മാധ്യമങ്ങളും എഴുതുമല്ലോ, അവരുടെ ഇഷ്ടം പോലെ. പുതുതായി വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കൂടി ശ്രദ്ധിക്കണ്ടേ. അത് എന്റെ കടമയല്ല.

‘കള്ള് കുടിച്ചിട്ടാണോ അഭിനയിച്ചത്’ എന്നത് തമാശമട്ടിലാണ് ചോദിക്കുന്നതെങ്കിലും കലാകാരനെ ചോദ്യം ചെയ്യുന്ന ഒരു അപമാനിക്കല്‍ അതിലുണ്ടല്ലേ?
പല ഇന്റര്വ്യൂകളിലായി ഞാന്‍ കാണുന്നു. ഞാന്‍ ഹൈ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍. ‘ഭാസ്കര പിള്ളയില്‍ നിന്നും പോരുന്നില്ല. ഇപ്പോഴും രണ്ടെണ്ണം അടിച്ചിട്ടുണ്ട്’ എന്നൊക്കെ. കലാകാരന്, അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. അവന് ഒന്നും കഴിക്കണമെന്നും കുടിക്കണമെന്നും ഇല്ല. ഇനിയിപ്പോള്‍ എന്തെങ്കിലും കഴിച്ചു, കുടിച്ചു എന്ന രീതിയില്‍ തോന്നലുകളുണ്ടെങ്കില്‍ അത് അവന്റെ പെര്‍ഫോമന്‍സില്‍ നിന്ന് ആളുകളിലേക്ക് എത്തുന്നതാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ഹൈ ഉണ്ട്. ഇവര്‍ക്ക് അതൊന്നും മനസിലാകുകയേ ഇല്ല.
ഭയങ്കര ഇന്‍സള്‍ട്ട് തന്നെയല്ലേ ആ ചോദ്യം? ഒരാളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സാഹചര്യമായിട്ട് പോലും അങ്ങനെ ചോദിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്? അല്ലെങ്കിലും ആ ചോദിക്കുന്നയാള്‍ക്ക് എന്ത് അധികാരമാണുള്ളത്? കലാകാരന് എന്നല്ല ഏതു മനുഷ്യനോടാണെങ്കിലും മറ്റൊരാള്‍ ‘കുടിച്ചതോ? കഴിച്ചതോ?’ എന്ന് അന്വേഷിക്കേണ്ട കാര്യമില്ല. ഇത്രയും പരിഷ്കൃതമായ സമൂഹത്തില്‍ നിന്ന് ഇതൊക്കെ വരുന്നതുകൊണ്ടാണ് ഏറ്റവും വിഷമം
അങ്ങനെയാണ് നമ്മള് അവകാശപ്പെടുന്നത്?
നമ്മള് ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം തന്നെയാണ്. ഇത്രയും വിദ്യാഭ്യാസമുള്ള, പരിഷ്കൃതരായിട്ടുള്ള ആളുകള്‍ വേറേത് സംസ്ഥാനത്താണുള്ളത്? അവരില്‍ നിന്നാണ് ഈ ചിന്താഗതി വരുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. മദ്യമൊന്നും സമൂഹത്തിന്റെ ഭാഗമല്ല എന്ന് വിചാരിക്കുന്ന ഒരുപാട് ആളുകളുണ്ട് ഇവിടെ.

2020-21 ആണോ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും മികച്ച വര്‍ഷങ്ങള്‍?
ഇഷ്കിന് (2019) ശേഷം സംഭവിച്ച ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്. ഇഷ്ക് ആണ് അത്തരം വേഷങ്ങളിലേക്ക് എന്നെ എത്തിച്ചത്. കൊവിഡ് കാരണം ഇപ്പോഴാണ് ഇതൊക്കെ പുറത്തേക്കുവരുന്നത്. മുന്‍പേ വരേണ്ടതായിരുന്നു.
ഭീഷ്മപര്വ്വത്തിലൂടെ മറ്റൊരു ഞെട്ടിക്കലുണ്ടാകുമല്ലേ?
ഞെട്ടിക്കല്‍ അമല്‍ നീരദിന്റെ പരിപാടിയല്ലേ. സംവിധായകരുടെ പ്രത്യേകത കൊണ്ടാണ് കഥാപാത്രങ്ങളും പടങ്ങളും നന്നാകുന്നത്. അതില്‍ അഭിനേതാക്കള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ പങ്കൊന്നുമില്ല. നല്ല രീതിയില്‍ ഷൂട്ട് ചെയ്തില്ലെങ്കില്‍ പ്രേക്ഷകരില്‍ എത്തില്ലല്ലോ.
ബീസ്റ്റിലെ കഥാപാത്രത്തേക്കുറിച്ച്?
അതിനേക്കുറിച്ചൊന്നും പറയരുതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. വിജയ് പടമാണല്ലോ. എല്ലാവരും വലിയ പ്രതീക്ഷയിലാണ്.
വിജയ്ക്കൊപ്പമുള്ള ചിത്രീകരണം എങ്ങനെയുണ്ടായിരുന്നു?
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടന്മാരില് ഒരാളാണ് വിജയ്. നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന പെരുമാറ്റങ്ങളൊന്നും വിജയ് യുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. അത്രയ്ക്ക് ശാന്തനായ മനുഷ്യനാണ്. എന്നെ ‘ഗുഡ്മോണിങ്ങ് സര്’ എന്ന് വിളിച്ചാണ് അദ്ദേഹം അഭിസംബോധന ചെയ്യുക. എന്നെ മാത്രമല്ല, എല്ലാവരേയും.
‘ഡോക്ടര്‍’ വലിയ ഹിറ്റാക്കിയ ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്?
ഒരു പയ്യനാണ് കക്ഷി. ഞാന്‍ നെല്‍സണ്‍ പ്രായം കുറവാണെന്നല്ല ഉദ്ദേശിച്ചത്. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വരുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ പയ്യനായിരുന്നു. എല്ലാവരും ഇപ്പോള്‍ എന്നേക്കാള്‍ ചെറുപ്പമായി. പൊതുവേ ഇന്‍ഡസ്ട്രിയില്‍ കൂടുതലും ചെറുപ്പക്കാരാണ്. വൃത്തിയായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്ന കക്ഷിയാണ് നെല്‍സണ്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ വലിയൊരു വിജയ് പടമാണ് ചെയ്യുന്നത്. അതിന്റെ ടെന്‍ഷനൊന്നും ഇല്ല. അതുകൊണ്ടാണല്ലോ അവര്‍ സംവിധായകര്‍ ആകുന്നത്.

അസിസ്റ്റന്റ് ഡയറക്ടറായിരുന്നല്ലോ കുറച്ചുകാലം. സംവിധാനത്തില്‍ താല്പര്യമുണ്ടോ?
ഇല്ല. സംവിധാനം ഒരുകാലത്തും എന്നെ താല്പര്യപ്പെടുത്തിയിട്ടില്ല. അഭിനയം തന്നെയാണ് എന്നെ ഇഷ്ടപ്പെടുത്തിയത്.
ഏതൊക്കെയാണ് പുതിയ ചിത്രങ്ങള്‍?
കൊച്ചിയിലിപ്പോള്‍ ഷൂട്ട് നടക്കുന്നത് ‘വിചിത്രം’ എന്ന സിനിമയുടെയാണ്. സുജയന്‍ എന്ന പുതിയ സംവിധായകന്റേതാണ് പടം. ‘തല്ലുമാല’യുടെ ഷൂട്ട് തുടങ്ങാനുണ്ട്.