വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ അച്ചടക്ക നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പ്രശ്ന പരിഹാസ സമിതിയിൽ നിന്ന് രാജിവയ്ക്കാൻ ശ്വേതാ മേനോനും കുക്കു പരമേശ്വരനും സന്നദ്ധത അറിയിച്ചു എന്ന് മാലാപാർവതി. ഐസിസിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മാലാപാർവതിയുടെ പ്രതികരണം.
“ഇരയുടെ പേര് പറഞ്ഞത് അംഗീകരിക്കാനാകില്ല, നിലവിൽ ‘അമ്മ’ സംഘടന സ്വീകരിച്ചത് അച്ചടക്ക നടപടിയെന്ന് കരുതാനാകില്ല, ഈ സാഹചര്യത്തിൽ ഐസിസിയിൽ തുടരാനാകില്ല. ശ്വേതാ മേനോനും, കുക്കു പരമേശ്വറും രാജി സന്നദ്ധത അറിയിച്ചു,” മാലാപാർവതി മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര പ്രശ്ന പരിഹാര സമിതിയുടെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ വിജയ് ബാബുവിനെതിരെ താരം സംഘടന സ്വീകരിച്ച നിലപാടിലുള്ള അസംതൃപ്തിയാണ് രാജിക്ക് കാരണമെന്ന് മാലാപാർവതി മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബുവിനെതിരെ ശരിയായ രീതിയിലല്ല നടപടി സ്വീകരിച്ചത്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി കണ്ടോ എന്ന് സംശയമുണ്ടെന്നും അവർ വ്യക്തമാക്കി.
ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഐസിസി യോഗം. ഈ റിപ്പോർട്ട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അമ്മ എക്സിക്യൂട്ടീവിന് തൊട്ടുമുമ്പ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് യോഗത്തിൽ പരിഗണിച്ചത്.
യുവനടിയാണ് വിജയ് ബാബുവിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസത്തോളം താന്‍ നേരിട്ടത് വലിയ രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അനുവാദമില്ലാതെ വിജയ് ബാബു ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് ഈ യുവതി ആരോപിക്കുന്നത്.