‘ഞാന്‍ പറഞ്ഞത് തെറ്റ്’; സൈന നെഹ്‌വാളിനോട് മാപ്പ് ചോദിച്ച് സിദ്ധാര്‍ഥ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെയുള്ള വിവാദ ട്വീറ്റിൽ പരസ്യമായി ക്ഷമാപണം നടത്തി നടൻ സിദ്ധാർഥ്. ഫെമിനിസ്റ്റ് മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന ഒരാൾ എന്ന നിലയിൽ തന്റെ ട്വീറ്റിൽ ലിംഗവിവേചനപരമായ യാതൊരു അർഥവും താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ലെന്നും സിദ്ധാർഥ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സിദ്ധാർഥിന്റെ പ്രസ്താവനയുടെ പൂർണരൂപം:

പ്രിയ സൈന നെഹ്‌വാൾ,

കുറച്ചു ദിവസങ്ങൾക്കു മുൻപ് താങ്കളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ കുറിച്ച കാഠിന്യമേറിയ തമാശയ്ക്ക് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഒട്ടേറെ കാര്യങ്ങളിൽ എനിക്ക് താങ്കളോട് അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും താങ്കളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അർഥത്തെയും ന്യായീകരിക്കാൻ തക്കതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നിൽ അതിൽ കൂടുതൽ ബഹുമാനം ഉണ്ട്.

ഇനി ആ തമാശയേക്കുറിച്ച്… ഒരു തമാശ മറ്റുള്ളവർക്കായി വിശദീകരിക്കേണ്ടി വരികയെന്നാൽ അത് അത്ര നല്ല തമാശയല്ലെന്നു തന്നെയാണ് അർഥം. പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കപ്പെടാതെ പോയ ആ തമാശയെക്കുറിച്ച് ക്ഷമ ചോദിക്കുന്നു.

എങ്കിലും ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള വ്യത്യസ്തരായ ആളുകൾ ചാർത്തി നൽകിയതുപോലുള്ള മോശപ്പെട്ട അർഥങ്ങളൊന്നും ഉദ്ദേശിച്ചല്ല ഞാൻ ആ വാക്കുകൾ ട്വീറ്റ് ചെയ്തതെന്ന് ആവർത്തിക്കട്ടെ. ഫെമിനിസ്റ്റ് മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ ട്വീറ്റിൽ ലിംഗവിവചേനപരമായ യാതൊരു അർഥവും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്ത്രീയെന്ന നിലയിൽ താങ്കളെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ല.

ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും താങ്കൾ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾ എക്കാലവും എന്റെ ചാംപ്യനായിരിക്കും.

വിശ്വസ്തതയോടെ,

സിദ്ധാർഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സംഭവിച്ച സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടിയായി സിദ്ധാർത്ഥിട്ട ട്വീറ്റാണ് വിവാദമായത്. “സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചാൽ ആ രാജ്യ൦ സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. അരാജകവാദികൾ പ്രധാനമന്ത്രിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്. ഇതിനെതിരെ ഏറ്റവും ശക്തമായി തന്നെ ഞാൻ അപലപിക്കുന്നു,” എന്നായിരുന്നു സൈനയുടെ ട്വീറ്റ്.

ഇതു റീട്വീറ്റ് ചെയ്ത് സിദ്ധാർത്ഥ് ഇട്ട കുറിപ്പിലെ ഒരു വാക്കാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സിദ്ധാർഥിന്റെ ട്വീറ്റിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ, നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭർത്താവും ബാഡ്മിന്റൺ താരവുമായ പി കശ്യപ് എന്നിവരും രംഗത്തെത്തി. സിദ്ധാർഥിന്റെ ട്വിറ്റർ അക്കൗണ്ട് എന്തിനാണ് നിലനിർത്തുന്നത് എന്നായിരുന്നു ട്വിറ്റർ ഇന്ത്യയെ മെൻഷൻ ചെയ്തുകൊണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ ചോദിച്ചത്.

UPDATES
STORIES