ഇനിയും ലഭിക്കാനുള്ളത്‌ നാലുകോടി; നിര്‍മ്മാതാവിനെതിരെ ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയില്‍

കോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ഉടമ ജ്ഞാനവേല്‍ രാജക്കെതിരെ നടന്‍ ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയില്‍. ‘മിസ്റ്റര്‍ ലോക്കല്‍’ എന്ന ചിത്രത്തിനായി തനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലതുകയില്‍ ഇനിയും നാലുകോടി ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് നടന്‍ കോടതിയെ സമീപിച്ചത്.

15 കോടി പ്രതിഫലമായി നിശ്ചയിച്ച് 2018 ജൂലൈ ആറിന് കരാര്‍ തയ്യാറാക്കിയെങ്കിലും ഇതുവരെ 11 കോടി മാത്രമാണ് നിര്‍മ്മാതാവ് നല്‍കിയതെന്നാണ് ഹര്‍ജി. റിലീസിന് മുന്‍പ് അവസാന ഒരു കോടി എന്ന നിലയില്‍ തവണകളായി 15 കോടി നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും പലതവണ ആവശ്യപ്പെട്ടിട്ടും, ബാക്കിയുള്ള നാലുകോടി നല്‍കാന്‍ നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഇതിനുപുറമെ പ്രതിഫലമായി നല്‍കിയ 11 കോടിയുടെ നികുതി (ടിഡിഎസ്) സ്റ്റുഡിയോ ഗ്രീന്‍ അടച്ചിട്ടില്ലെന്നും നടന്‍ ആരോപിക്കുന്നു. ഫെബ്രുവരി ഒന്നിന് ടിഡിഎസ് അടച്ചിട്ടില്ലെന്ന് കാണിച്ച് ആദായനികുതി വകുപ്പില്‍ നിന്ന് താരത്തിന് നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഒടുവില്‍ 91 ലക്ഷം രൂപ പിഴ ശിവകാര്‍ത്തികേയനില്‍ നിന്ന് ആദായനികുതി വകുപ്പ് ഈടാക്കി. നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഭാഗമായാണ് തനിക്ക് ഈ നഷ്ടമുണ്ടായെന്നും നടന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ തന്റെ പ്രതിഫല തുക മുഴുവനായി തന്നുതീര്‍ക്കുന്നതുവരെ സ്റ്റുഡിയോ ഗ്രീനിനെ പുതിയ സിനിമകളില്‍ നിക്ഷേപത്തിന് അനുവദിക്കരുതെന്നും, നിലവില്‍ സ്റ്റുഡിയോ ഗ്രീനിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ചിയാന്‍ 61, റിബല്‍, പത്തുതല എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം വില്‍ക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ തടയണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച കോടതി മാര്‍ച്ച് 31 ലേക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.

2019-ല്‍ ശിവകാര്‍ത്തികേയന്‍- നയന്‍താര ജോഡിയെ സ്‌ക്രീനിലെത്തിച്ച റൊമാന്റിക് കോമഡി ചിത്രമായിരുന്നു മിസ്റ്റര്‍ ലോക്കല്‍. എം രാജേഷ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നില്ല.

UPDATES
STORIES