വിടുപണികളുടെ തനിയാവര്‍ത്തനം; മികച്ച പ്രതികരണങ്ങള്‍ നേടി ‘ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും’

പാര്‍വ്വതി തിരുവോത്ത്, ലക്ഷ്‍മിപ്രിയ ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപത്രങ്ങളായ തമിഴ് ചിത്രം ‘ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും’ ശ്രദ്ധേയമാകുന്നു. വസന്ത് എസ് സായിയാണ് മൂന്ന് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ കാലങ്ങളിൽ ജീവിച്ച സരസ്വതി, ദേവകി, ശിവരഞ്‍ജിനി എന്നീ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ് സിനിമ. കുടുംബത്തിലെ പുരുഷ മേൽക്കോയ്മ, സ്ത്രീകളുടെ നിസ്സഹായാവസ്ഥ, അവരുടെ അസ്തിത്വ പ്രതിസന്ധി തുടങ്ങിയവ ചിത്രത്തിൽ ചർച്ചയാകുന്നു. 2018ൽ പൂർത്തിയാക്കുകയും ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത ചിത്രം ഇപ്പോഴാണ് സോണി ലിവിലൂടെ റിലീസായത്.

പുരുഷന്മാർ വീടിനുള്ളിലും പുറത്തും സുഖജീവിതം ആസ്വദിക്കുമ്പോൾ ചെറുപ്പത്തിലുള്ള വിവാഹവും ഗര്‍ഭധാരണവുമൊക്കെ കാരണം വ്യക്തിത്വം തന്നെ പണയം വയ്ക്കേണ്ടി വരുന്നവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സ്ത്രീകളിൽ കേന്ദ്രീകൃതമാണ് ചിത്രമെങ്കിലും വിവിധ അവസരങ്ങളിൽ പുരുഷന്മാർ എങ്ങനെ പ്രതികരിക്കുന്നു എന്നതും സിനിമ ചർച്ചക്കെടുക്കുന്നു.

കാളീശ്വരി ശ്രീനിവാസനാണ് സരസ്വതിയായി വേഷമിട്ടിരിക്കുന്നത്. ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സരസ്വതി മോഹങ്ങളൊക്കെ അസ്തമിച്ചവളാണ്. തന്നെ ഗൗനിക്കാത്ത ഭർത്താവും ചെറിയ കുട്ടിയുമായി സരസ്വതി കഷ്ടപ്പെടുന്നു. എന്നാൽ ദേവകിയും ശിവരഞ്‍ജിനിയും ഉയർന്ന സാമ്പത്തിക നിലവാരത്തിലുള്ളവരാണ്. പാർവ്വതി ദേവകിയായും ലക്ഷ്‍മിപ്രിയ ശിവരഞ്‍ജിനിയായുമെത്തുന്നു. വിവാഹം കഴിയുന്നതോടെ താളരഹിതമായ ജീവിതത്തിന്റെ മുഷിപ്പിലേക്കും അവഗണനയിലേക്കും ഇവരും ചെന്നെത്തുന്നു. വ്യക്തിജീവിതങ്ങൾക്കും അഭിലാഷങ്ങൾക്കും സ്ഥാനമില്ലാതാകുന്നു. വ്യത്യസ്ത സമയങ്ങളിലെ കഥകൾ പറയുന്ന സിനിമ കാലം മാറുമ്പോഴും അവസാനിക്കാത്ത സ്ത്രീവിവേചനത്തെ ചൂണ്ടിക്കാട്ടുന്നു.

ഓടിടിയിൽ വേൾഡ് പ്രീമിയർ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പെരുപ്പിച്ചുകാണിക്കലുകളില്ലാതെ, കൃത്യതയോടെ സമൂഹത്തെ അടയാളപ്പെടുത്തിയ സിനിമയെന്നാണ് സിനിമാസ്വാദകർ സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുന്നത്. പ്രമേയത്തിന്റെ സമാനതകൾ കൊണ്ട് ‘ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളെയും’ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചനുമായി ചേർത്തുള്ള താരതമ്യ ചർച്ചകളും ഉയരുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലർ

കരുണാകരൻ, സുന്ദര്‍ രാമു, സെന്തി കുമാരി, ഹമരേഷ്, നേത്ര, രമ, ലിസി ആന്റണി, റെയ്‍ച്ചല്‍ റബേക്ക, രാജ്‍ മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹംസ പ്രൊഡക്ഷൻസിന്റെ ബാനറിൽ വസന്ത് തന്നെയാണ് ചിത്രം നിര്‍മിച്ചതും. എന്‍ കെ ഏകാംബരവും രവി റോയ്യും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് ആണ്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ആദവൻ, അശോകമിത്രന്‍, ജയമോഹന്‍ എന്നിവരുടെ കഥകളെ ആസ്പദമാക്കിയുള്ള വസന്ത് ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ബാംഗ്ലൂര്‍ ഫെസ്റ്റിവലിലും നേരത്തേ പ്രദര്‍ശിപ്പിച്ചിരുന്നു.ഫുക്കുവോക്ക ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും ‘ശിവരഞ്‍ജിനിയും ഇന്നും സില പെണ്‍കളും’ ആയിരുന്നു. 2018 മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അവിടെ ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു.

UPDATES
STORIES