സ്റ്റൈൽ മട്ടും അല്ലൈ; അഭിനയം കൊണ്ട് അടയാളപ്പെടുത്തിയ ആറ് രജനി പടങ്ങൾ

എഴുപത്തിയൊന്ന് വയസ്സുതികയുന്ന സൂപ്പർ സ്റ്റാർ രജനീകാന്ത് തമിഴ് മനസുകളിൽ ദൈവതുല്യനായത് സ്റ്റൈലിനപ്പുറം അഭിനയത്തിന്റെ വിവിധ അടരുകളെ കയ്യിലൊതുക്കി നിരവധി സിനിമകളിൽ നിറഞ്ഞാടിയതിനാലാണ്. കൈലാസം ബാലചന്ദറിന്റെ 1975ലെ അപൂർവ രാഗങ്ങളിൽ തുടങ്ങി 160നു മുകളിൽ സിനിമകളുമായി ചരിത്രമെഴുതി നിൽക്കുകയാണ് ആരാധകരുടെ തലൈവ. അണ്ണാമലൈ, ബാഷ, പടയപ്പ തുടങ്ങി സൂപ്പർ താരപദവിയിലേക്ക് രജനിയെ കൈപിടിച്ചുയർത്തിയ നിരവധി സിനിമകളുണ്ട്. എന്നാൽ അഭിനയത്തിന്റെ മികവുകൊണ്ട് ശ്രദ്ധേയമായ രജനി ചിത്രങ്ങൾ പരിശോധിക്കാം:

ഗായത്രി – 1977

നീലച്ചിത്രങ്ങളുണ്ടാക്കുന്ന യുവാവായാണ് രജനികാന്തിന്റെ ഗായത്രിയിലെ കഥാപാത്രം. സംഭ്രമാത്മകമായ കഥാപരിസരങ്ങളിലൂടെ കടന്നുപോകുന്ന സിനിമ എഴുപതുകളിൽ വലിയ ചർച്ചയുയർത്തിയിരുന്നു. ശ്രീദേവിയായിരുന്നു നായിക. അസാധാരണവും കനപ്പെട്ടതുമായൊരു വിഷയമെടുത്ത് രാജരത്നം എന്ന വില്ലനെ സൂക്ഷമമായും സുന്ദരമായും അവതരിപ്പിക്കുന്നതിൽ രജനികാന്ത് വിജയിച്ചു. ചിത്രം വലിയ കയ്യടികൾ നേടിയില്ലെങ്കിലും രജനിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

ഭുവന ഒരു കേൾവി കുറി -1977

എസ്.പി മുത്തുരാമന്റെ സിനിമാ മാജിക്കായിരുന്നു ഭുവന ഒരു കേൾവി കുറി എന്ന് പറയാം. പൊതുവെ നല്ല ഇമേജ് ഉണ്ടായിരുന്ന ശിവകുമാർ ചിത്രത്തിൽ സ്ത്രീലമ്പടനായ കഥാപാത്രയമായപ്പോൾ അന്നുവരെ വില്ലനായിരുന്ന രജനികാന്ത് സന്മാർഗിയായ നായകനായി. സുമിത്ര അവതരിപ്പിച്ച ഭുവന എന്ന കഥാപാത്രത്തിന്റെ വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകിയായിരുന്നു സിനിമ അവതരിപ്പിച്ചത്. എന്നാൽ രജനികാന്തിന്റെ ഹീറോയിലേക്കുള്ള പ്രയാണത്തിനു തുടക്കമിട്ട സിനിമകളിൽ ഒന്നായിരുന്നു ഇത്.

മുള്ളും മലരും – 1978

രജനികാന്തിന്റെ കാഥാപാത്ര പട്ടികയിൽ മേലെനിൽക്കുന്നതാണ് മുള്ളും മലരിലെയും കാളി. തമിഴ് സിനിമയിൽ അന്നുവരെയുണ്ടായിരുന്ന സംഭാഷണ രീതികളെയും അഭിനയത്തേയും പൊളിച്ചെഴുതിയ സിനിമയായിരുന്നു ഇത്. വ്യത്യസ്തമായ സഹോദര ബന്ധത്തിന്റെ കഥപറഞ്ഞ മുള്ളും മലരും, ഒരു തമിഴ് കൾട്ട് ക്ലാസ്സിക്കായാണ് പരിഗണിക്കപ്പെടുന്നത്. മഹേന്ദ്രൻ സംവിധാനം ചെയ്ത ഈ സിനിമ പല പിൽക്കാല കലാരന്മാരെയും സ്വാധീനിച്ചിട്ടുണ്ട്. മണിരത്നം ഉൾപ്പടെയുള്ളവർ പലപ്പോഴായി മുള്ളും മലരും പരാമർശിക്കാറുണ്ട്. പാ രഞ്ജിത് കബാലിക്ക് മാതൃകയാക്കിയത്പോലും ഈ സിനിമയായിരുന്നു.

ആറിലിരുന്ത് അറുപത് വരൈ – 1979

ജീവിത സാഹചര്യങ്ങളും സമ്പത്തും മാറുന്നതിനനുസരിച്ച് മറ്റുള്ളവർക്ക് നിങ്ങളോടുള്ള സമീപനങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സിനിമ ആവിഷ്‌കരിക്കുന്നത്. സന്താനം എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാണ് താരത്തിന്റെ ഈ ചിത്രത്തിലെ പ്രകടണമെന്നാണ് നിരൂപണം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ വൈകാരിക വ്യതിചലനങ്ങൾ അതിന്റെ പൂർണതയിൽ രജനി അഭിനയിപ്പിച്ചു ഫലിപ്പിച്ചു.

ദളപതി – 1991

മണിരത്നം, ഇളയരാജ, സന്തോഷ് ശിവൻ കൂട്ടുകെട്ടിലെ മമ്മൂട്ടി-രജനികാന്ത് ചിത്രം ദളപതിയിൽ കയ്യടിവാങ്ങിയത് രജനികാന്തായിരുന്നു. സൂര്യ എന്ന കഥാപാത്രമായി തകർപ്പൻ അഭിനയമാണ് രജനികാന്ത് കാഴ്ചവെച്ചത്. മണിരത്നത്തിന്റെ സിനിമാലോകത്തേക്കുള്ള രജനിയുടെ അഭിനയ അനുരൂപീകരണം എടുത്തുപറയേണ്ടത് തന്നെയാണ്. അമ്മയുമായുള്ള രംഗങ്ങൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലെ അഭിനയം തമിഴ് സിനിമാ കാൻവാസിൽ വേറിട്ട് നിൽക്കും.

കാല – 2018

കബാലിയും കാലയുമാണ് പാ രഞ്ജിത്തും രജനിയും ചേർന്നെടുത്ത രണ്ട് ചിത്രങ്ങൾ. മാസ്സ് രംഗങ്ങളായിരുന്നു കബാലിയിൽ എടുത്തുനിന്നത്. എന്നാൽ രജനിയുടെ നടന പാടവം അടയാളപ്പെടുത്തുന്ന നിരവധി അവസരങ്ങളുള്ള സിനിമയാണ് കാല. തന്റെ ഭാര്യയായി അഭിനയിച്ച ഈശ്വരി റാവുവുമായുള്ള രംഗങ്ങളും മുൻ കാമുകി ഹുമ ഖുറൈശിയെ സമീപിക്കുമ്പോഴുണ്ടാകുന്ന സൂക്ഷ്മമായ ധർമ്മസങ്കടവും എല്ലാം അതിഗംഭീരമായി രജനികാന്ത് കൈകാര്യം ചെയ്യുന്നു. പ്രതീകാത്മക സിനിമയെന്ന് വിളിക്കാവുന്ന കാലയിൽ രജനിയുടെ കരികാലൻ ശ്രദ്ധേയമായി നിൽക്കുന്നു.

UPDATES
STORIES