മലയാളികളുടെ ‘ദാസേട്ടന്’ സിനിമയ്ക്ക് വേണ്ടി പാടിത്തുടങ്ങിയിട്ട് 60 വര്‍ഷങ്ങള്‍. 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ശബ്ദം ആദ്യമായി ഒരു ചലച്ചിത്ര ഗാനത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്ന 21കാരന്റെ ചലച്ചിത്രലോകത്തേക്കുള്ള വരവ് വൈകാതിരുന്നത് ഒരു നവാഗത നിര്‍മ്മാതാവിന്റെ ശാഠ്യത്തോടെയുള്ള തീരുമാനത്തിലാണ്. ഗാനരചയിതാവ് രാമന് നമ്പിയത്ത് ആദ്യമായി നിര്‍മ്മിക്കുന്ന ‘കാല്പാടുകള്’ എന്ന ചിത്രത്തിലാണ് യേശുദാസിന് ആദ്യ അവസരം ലഭിക്കുന്നത്. ‘കാല്‍പ്പാടുകളുടെ മുറിപ്പാടുകള്‍’ എന്ന ആത്മകഥയില്‍ ആര് നമ്പിയത്ത് യേശുദാസിന്റെ ആദ്യ ഗാന റെക്കോര്ഡിങ്ങിനേക്കുറിച്ച് വിവരിക്കുന്നുണ്ട്.
ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കിയാണ് കാല്പാടുകള് നിര്‍മ്മിച്ചത്. നമ്പിയത്ത് അടക്കം ഏഴ് സംവിധായകര്‍. സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് വിഖ്യാതനായ എം ബി ശ്രീനിവാസന്. പി ഭാസ്കരന്, കുമാരനാശാന്, നമ്പിയത്ത്, ശ്രീനാരായണ ഗുരു എന്നിവരുടേതാണ് വരികള്‍. കാല്പാടുകള് നല്ലൊരു ചുവടുവെയ്പാകുമെന്ന പ്രതീക്ഷയോടെ, എം ബി ശ്രീനിവാസന് മുന്നില്‍ പ്രതിഭ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ യേശുദാസ് മദ്രാസിലേക്ക് വണ്ടി കയറി. യാത്രാ ക്ഷീണമോ പെട്ടെന്നുള്ള കാലാവസ്ഥാമാറ്റമോ എന്തോ, മദ്രാസിലെത്തിയതിന് പിന്നാലെ യേശുദാസിന് പനി പിടിച്ചു. ഭരണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡിങ്ങ് നടക്കേണ്ടുന്നതിന്റെ രണ്ട് ദിവസം മുന്‍പ് യേശുദാസ് കിടപ്പിലായി.

‘ഈ അവസ്ഥയില്‍ യേശുദാസിനേക്കൊണ്ട് പാടിക്കാനാകില്ല’ എന്ന് എം ബി ശ്രീനിവാസന് പറഞ്ഞു. കേരളത്തില്‍ നിന്ന് ഇത്രയും ദൂരം വന്നിട്ട് ഒരു പാട്ട് പാടിക്കാതെ വിടരുതെന്ന അഭിപ്രായവുമുയര്‍ന്നു. ‘പടം പൊട്ടിയാലും യേശുദാസ് തന്നെ പാടട്ടെ’ എന്നായിരുന്നു നിര്‍മ്മാതാവിന്റെ പക്ഷം. ശ്രീ നാരായണ ഗുരുവിന്റെ നാലുവരി ശ്ലോകമാണ് യേശുദാസിന് ആദ്യം നല്‍കിയത്.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.’

നാലുവരി ചൊല്ലിച്ച് വണ്ടി കയറ്റി വിടാനിരുന്ന യേശുദാസിന്റെ ആലാപനം എം ബി ശ്രീനിവാസന് തൃപ്തികരമായി. ‘നല്ല റിഹേഴ്സല്‍ നടത്തി പാട്ട് പാടിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ യേശുദാസിന്റെ ആദ്യ ചലച്ചിത്ര ഗാനം റെക്കോഡ് ചെയ്യപ്പെട്ടു. ‘ശബ്ദം എങ്ങനെയുണ്ട്?’ എന്ന് ഭരണി സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയറായിരുന്ന കോടീശ്വര റാവുവിനോട് എം ബി ശ്രീനിവാസന് ചോദിച്ചു. പത്ത് വര്‍ഷം കഴിഞ്ഞ് പറയാമെന്ന കോടീശ്വര റാവുവിന്റെ മറുപടി കേട്ട് യേശുദാസ് ഞെട്ടി. പത്തുവര്‍ഷം ഒരു തടസവുമില്ലാതെ യേശുദാസിന് ചലച്ചിത്ര സംഗീതലോകത്ത് നില്‍ക്കാനാകുമെന്നാണ് കോടീശ്വരറാവു ഉദ്ദേശിച്ചത്. കോടീശ്വര റാവുവിന്റെ പ്രവചനാത്മക നിരീക്ഷണം കാലം ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു.

ചിത്രത്തില്‍ കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യിലെ കവിതാശകലം കൂടി യേശുദാസ് പാടി. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ‘കാല്പാടുകള്’ സാമ്പത്തികമായി പരാജയപ്പെട്ടു. 1962ലെ മലയാളത്തിലെ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചു. സാമ്പത്തികമായി തകര്‍ന്ന രാമന് നമ്പിയത്ത് ആത്മഹത്യയേക്കുറിച്ച് വരെ ചിന്തിച്ചു. തൃശൂര്‍ കണ്ടശ്ശാംകടവിലെ വീടും സ്ഥലവും വിറ്റ് ഒറ്റപ്പാലം പത്തംകുളത്തേക്ക് താമസം മാറ്റി. കൃഷിയും കവിതയെഴുത്തുമായി ശിഷ്ടകാലം ജീവിച്ചു. ഇതിനിടെ സദ്ഗമയ, തുഞ്ചത്താചാര്യന്, അരിവാളും നക്ഷത്രവും തുടങ്ങി എട്ടോളം സീരിയലുകളില്‍ അഭിനയിച്ചു. ഇടയ്ക്ക് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായി. 2014 ഫെബ്രുവരി 26ന് 90-ാം വയസില്‍ രാമന് നമ്പിയത്ത് അന്തരിച്ചു. മരിക്കുന്നതിന് മുന്‍പ് കാണണമെന്ന നമ്പിയത്തിന്റെ ആഗ്രഹം യേശുദാസ് നിറവേറ്റി. യേശുദാസ് നമ്പിയത്തിനെ പത്തംകുളത്തെ വീട്ടിലെത്തി കണ്ടു. മലയാള ചലച്ചിത്ര ലോകത്ത് ഒരേയൊരു വര്‍ഷമാണ് സജീവമായി നിന്നതെങ്കിലും രാമന് നമ്പിയത്തിനോട് വലിയ കടപ്പാടുണ്ട് സംഗീതപ്രേമികള്‍ക്ക്. യേശുദാസ് മിക്ക വേദികളിലും ‘ജാതിഭേദം മതദ്വേഷം’ ഒരു സമര്‍പ്പണം പോലെ ആലപിക്കാറുമുണ്ട്.