കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിനായുള്ള അവസാന കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകര്‍. സേതുരാമയ്യര്‍ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി മമ്മൂട്ടിയെത്തുന്ന ‘സിബിഐ5: ദ ബ്രെയ്ന്‍’ തീര്‍ത്തും ലോജിക്കലായിരിക്കുമെന്ന ഉറപ്പ് നല്‍കുകയാണ് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
‘അഞ്ചാറുവര്‍ഷം കൊണ്ടാണ് ഈ സിനിമ എഴുതിത്തീര്‍ത്തത്. ഇന്നത്തെ കാലത്ത് സിനിമയിലെ ലോജിക്കിനെ ഇഴകീറി പരിശോദിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. ലോജിക്കലായി മികച്ചുനിന്നില്ലെങ്കില്‍ കുറ്റാന്വേഷണ കഥ ഏല്‍ക്കില്ല. എന്റെ കഥയില്‍ എനിക്ക് ്പൂര്ണമായ വിശ്വാസമുണ്ട്. അതാണ് ഇപ്പോള്‍ വെക്കാന്‍ പറ്റുന്ന ഏക സ്റ്റേറ്റ്മെന്റ്. സിബിഐ ബ്രെയ്ന്‍ മികച്ച അനുഭവമായിരിക്കും’, എസ്എന്‍ സ്വാമി പറയുന്നതിങ്ങനെ.
സിനിമ ചെയ്യുന്നവര്‍ ആരാണെങ്കിലും കാലഘട്ടത്തിനനുസരിച്ച് സ്വയം പരിഷ്കരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ സീരിസില്‍ ജാഗ്രതയായിരുന്നു ഏറ്റവും കൂടുതല്‍ ട്വിസ്റ്റുകളുള്ള ചിത്രം. അതിനേക്കാള്‍ ട്വിസ്റ്റുള്ള സിനിമയായിരിക്കും സിബിഐ ദ ബ്രെയ്ന്‍ എന്നും എസ്എന്‍ സ്വാമി.
34 വര്‍ഷം തികയുന്ന മമ്മൂട്ടിയുടെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗമാണ് സിബിഐ 5. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു സീരീസിലെ ആദ്യ ചിത്രം. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ പിന്നാലെയെത്തി. എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയായിരുന്നു സംവിധാനം ചെയ്തത്. അഞ്ചാം സിബിഐയും ഒരുങ്ങുന്നത് ഈ കൂട്ടുകെട്ടില്‍ത്തന്നെയാണ്.
അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യരായി മമ്മൂട്ടി എത്തുന്നതിന് പുറമെ ജഗതി ശ്രീകുമാറും മുകേഷും യഥാക്രമം വിക്രമും ചാക്കോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അപകടത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കൂടിയാണ് ചിത്രം.