‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സുരാജിനെ അടയാളപ്പെടുത്തും’; എം മുകുന്ദന്റെ കഥയിൽ ഹരികുമാറിന്റെ സിനിമയിലൂടെ ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്

സുരാജ് വെഞ്ഞാറമ്മൂട് ആൻ അഗസ്റ്റിൻ ജോഡി അഭിനയിക്കുന്ന പുതിയ സിനിമ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ നടന്റെ അഭിനയ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ അവസരമുണ്ടാകുന്ന സിനിമയായിരിക്കുമെന്ന് സംവിധായകൻ ഹരികുമാർ. സിനിമയിൽ സുരാജ് തിളങ്ങുമെന്ന് തനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് മാഹിയിൽ ആരംഭിച്ച അവസരത്തിലാണ് സംവിധായകന്റെ പ്രതികരണം.

ക്ലിന്റ്, ജ്വാലാമുഖി സിനിമകൾക്ക് ശേഷം എം.മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ഹരികുമാർ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയുമായെത്തിയിരിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

‘സജീവൻ എന്ന കഥാപാത്രമായി സുരാജല്ലാതെ മറ്റാരെയും ചിന്തിക്കാൻ കൂടി കഴിയില്ല എനിക്ക്. അഭിനയത്തിന് പ്രാമുഖ്യമുള്ള കാരക്ടറാണ് സുരാജിന്റേത്. ഒരുപാട് പരീക്ഷണങ്ങൾക്ക് വകയുള്ള കഥാപാത്രവും. പിഴവുപറ്റാത്ത അഭിനേതാവാണ് സുരാജ്,’ എന്ന് ഹരികുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിരവധി വൈകാരിക തലങ്ങളുള്ള കഥാപാത്രത്തെ സുരാജ് അതിന്റെ പൂർണതയിൽ അവതരിപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീവൻ എന്ന ഓട്ടോറിക്ഷാ ഡ്രൈവറായാണ് സുരാജ് എത്തുന്നത്.

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ആൻ അഗസ്റ്റിന് വളരെ ശക്തമായ ഒരു തിരിച്ചുവരവായിരിക്കും രാധിക എന്ന കഥാപാത്രം നൽകുക എന്നും സംവിധായകൻ പറഞ്ഞു. സജീവനോളം പ്രാധ്യാന്യമുള്ള കഥാപാത്രമാണ് രാധികയും.

സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. മുകുന്ദൻ തന്നെയാണ് സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും. എന്നാൽ കഥയിൽ നിന്നും വ്യത്യസ്തമായി ക്ളൈമാക്സിൽ ഉൾപ്പടെ വ്യത്യാസങ്ങളുണ്ടെന്നാണ് ഹരികുമാർ വ്യക്തമാക്കുന്നത്.

ഫ്രഞ്ച് അധ്യാപികയായ ലില്ലി ടീച്ചറായെത്തുന്നത് സ്വാസികയാണ്. കെട്ട്യോളാണ് എന്റെ മാലാഖ സിനിമയിൽ അഭിനയിച്ച മനോഹരി ജോയിയാണ് സുരാജിന്റെ കഥാപാത്രത്തിന്റെ അമ്മയായി വരുന്നത്. ജനാർദ്ദനനും സിനിമയിലുണ്ട്. ജനുവരി 20ന് ഷൂട്ടിങ് അവസാനിപ്പിച്ച് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

UPDATES
STORIES