‘രാഷ്ട്രീയത്തില്‍ ചേരില്ല’; സഹോദരിക്കായി പ്രചരണത്തിനും ഇറങ്ങില്ലെന്ന് സോനു സൂദ്

കൊവിഡ് മഹാമാരി പിടിച്ചുലച്ച കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടിയും പാവപ്പെട്ടവര്‍ക്കുവേണ്ടിയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തായിരുന്നു ബോളിവുഡ് നടന്‍ സോനു സൂദ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഈ വര്‍ഷങ്ങളിലൊന്നും താരത്തിന്റേതായി ചിത്രങ്ങളൊന്നും ഉണ്ടായതുമില്ല. എന്നാല്‍, താന്‍ അതൊരു നഷ്ടമായി കാണുന്നില്ലെന്ന് വ്യക്തമാക്കുകയാണ് നടന്‍.

തന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ടുവര്‍ഷം ആത്മപരിശോധന നടത്താനുള്ള അവസരമായിരുന്നെന്നും മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്ന തിരിച്ചറിവിലേക്കെത്തിയെന്നും നടന്‍ പറയുന്നു. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം അതുതന്നെയായിരുന്നെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നു. സോനു സൂദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് സോനു സൂദിന്റെ സഹോദരി മാളവിക സൂദ്. പഞ്ചാബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാളവിക മത്സരിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍, രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ് സോനു സൂദ്. സഹോദരിക്കുവേണ്ടി പ്രചരണത്തിനിറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ഇത് അവളുടെ യാത്രയാണ്. എനിക്ക് രാഷ്ട്രീയത്തിലിറങ്ങി ഒന്നും ചെയ്യാനില്ല. ഞാനിപ്പോള്‍ എന്താണോ ചെയ്യുന്നത് അതുതന്നെ തുടരും. തെരഞ്ഞെടുപ്പില്‍ സഹോദരിക്കുവേണ്ടി പ്രചരണം നടത്താനും ഞാനിറങ്ങില്ല. അത് അവള്‍ തന്നെ കഠിനാധ്വാനം ചെയ്ത് നേടേണ്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം, എപ്പോഴും രാഷ്ട്രീയത്തില്‍ നിന്നും ഏതെങ്കിലും രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.

വിവിധ ഭാഷകളിലായി സോനു സൂദ് അഭിനയിച്ച ആറോളം ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് അനുഭവിച്ചത് സ്‌ക്രീനിലേക്ക് പകര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് നടന്‍ പറയുന്നു. ‘സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരെ സഹായിക്കുന്ന സാധാരണക്കാരന്റേതോ ആയ കഥകളുമായാണ് സംവിധായകര്‍ ഇപ്പോള്‍ എന്നെ സമീപിക്കുന്നത്. രസകരമായ കാര്യമെന്തെന്നാല്‍, മുമ്പ് വില്ലന്‍ ഷേഡുള്ള കഥാപാത്രങ്ങളുമായി മാത്രമായിരുന്നു തെന്നിന്ത്യന്‍ സംവിധായകര്‍ എന്നെ സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴങ്ങനെയല്ല. അവര്‍ എനിക്കുവേണ്ടി പോസിറ്റീവ് വേഷങ്ങളാണ് മാറ്റിവെക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ അത് ഇനി ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നാണ് അവര്‍ കരുതുന്നത്. ഇതെല്ലാം എനിക്ക് സവിശേഷതകള്‍ നിറഞ്ഞ അനുഭവങ്ങളാണ്. ആത്യന്തികമായി ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ മനസിലാക്കുകയും പുതിയ കാര്യങ്ങള്‍ ചെയ്യുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

UPDATES
STORIES