മനോജ് പിള്ള അഭിമുഖം: ‘വിസിൽബ്ലോവർ’ ഒരു വെല്ലുവിളിയായിരുന്നു

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഞെട്ടിക്കുന്ന അഴിമതികളെ അടിസ്ഥാനപ്പെടുത്തി മനോജ് പിള്ള എന്ന യുവ സംവിധാകൻ ഒരുക്കിയ ചെയ്ത ദി വിസിൽ ബ്ലോവർ എന്ന വെബ് സീരീസ് ദിവസങ്ങൾക്ക് മുൻപാണ് ലോണിലിവിൽ റിലീസ് ചെയ്തത്. വിസിൽ ബ്ലോവറിന്റെ വിശേഷങ്ങളുമായി മലയാളികൂടിയായ മനോജ് പിള്ള സൌത്ത്റാപ്പിനൊപ്പം.

സ്‌കാം 1992 പോലെയുള്ള സിനിമകള്‍ വന്നിട്ടുണ്ടല്ലോ. വിസിൽ ബ്ലോവർ സീരീസ് എടുക്കുമ്പോഴുള്ള വെല്ലുവിളി എന്തായിരുന്നു?

കുറേ വെല്ലുവിളികളുണ്ടായിരുന്നു. എന്റെ ആദ്യത്തെ ലോങ്‌ഫോം സീരീസാണിത്. അതുകൂടാതെ ഇതിന്റെ മേക്കേഴ്‌സ് സ്‌കാം 92 ന്റെ മേക്കേഴ്‌സാണ്. ഞാന്‍ പ്രൊജക്ടില്‍ സൈന്‍ ചെയ്യുന്ന സമയത്ത് സ്‌കാം 1992 റിലീസായിട്ടുണ്ടായിരുന്നില്ല. അന്നതിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയായിരുന്നു. എനിക്ക് ആ സമയത്ത് സ്‌കാം 1992 വിന്റെ ബാക്ക്ഗ്രൗണ്ടൊന്നുമറിയില്ല. മേക്കേഴ്സ് മുന്നോട്ടുവെച്ച കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ പരസ്യചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു മുഴുനീള സിനിമ എന്നത് എന്റെ മനസിലും ആഗ്രഹമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ കഥ വായിച്ചപ്പോള്‍ അത് എന്നെ വളരെ ആവേശംകൊള്ളിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഈ കഥയില്‍ സിനിമാറ്റിക്കായി വര്‍ക്ക് ചെയ്യാന്‍ ഒരുപാട് സാധ്യതകളുണ്ടെന്നും തോന്നി. പെട്ടന്നുതന്നെ ഞാനത് കമ്മിറ്റ് ചെയ്തു. ഇത് സംഭവിക്കുന്നത് 2019ലാണ്. പിന്നെ കൊവിഡ് ലോക്ഡൗണുകള്‍ വന്നു. 2020ല്‍ സ്‌കാം 1992 റിലീസായി. അത് ഹിറ്റായതോടെ എന്റെ പ്രതീക്ഷയും ഇരട്ടിയായി.

അതൊരു സമ്മര്‍ദ്ദമായില്ലേ?

അത് മധുരമേറിയ സമ്മര്‍ദ്ദമാണ്. ഒരു വെല്ലുവിളി പോലെ. ഭാഗ്യവശാല്‍ ഇതിന്റെ തിരക്കഥയും നമ്മുടെ രീതിയുമൊക്കെ തീര്‍ത്തും വ്യത്യസ്തമായിരുന്നു. വിസില്‍ബ്ലോവര്‍ ഒരു വ്യത്യസ്ത ചലഞ്ചായി സ്റ്റുഡിയോ നെക്‌സ്റ്റ് ഏറ്റെടുത്തു. അതായിരുന്നു തുടക്കം. എങ്ങനെ അവതരിപ്പിക്കണം, സിനിമാറ്റിക്കലി എങ്ങനെ രൂപപ്പെടുത്തണം എന്നൊക്കെ കഥയുമായി ബന്ധപ്പെട്ട് കുറച്ച് ആശങ്കകളുണ്ടായിരുന്നു. എന്റെ ആദ്യത്തെ സിനിമയായതുകൊണ്ടുതന്നെ എനിക്കതില്‍ ഒരു ഫ്രഷ്‌നെസ് കൊണ്ടുവരണമായിരുന്നു. കാണുന്നവര്‍ക്ക് ഇന്ത്യ ടു ഇന്റര്‍നാഷണല്‍ എന്നൊരു തോന്നലുണ്ടാവണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയെ ആഗോള തലത്തിലേക്ക് എത്തിക്കുന്നതുപോല. ഇതൊക്കെയായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.

സംവിധാനത്തിൽ വീഴ്ചപറ്റിയാൽ ഡോക്യുമെന്ററിയായി പോയേക്കാവുന്ന വിഷയം കൂടിയായിരുന്നില്ലേ ഇത്?

അതെ. എങ്ങനെയും കൊണ്ടുപോകാന്‍ കഴിയുന്ന വിഷയമായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ ട്രീറ്റ്‌മെന്റിന് പ്രാധാന്യമേറെയാണ്. അഭിനേതാക്കളുടെ കനപ്പെട്ട പ്രകടനങ്ങളുണ്ടാകേണ്ട വിഷയമാണിത്. അഭിനേതാക്കളില്‍ കേന്ദ്രീകൃതമായതുതന്നെയാവണം. അതിനുള്ള ഒരുപാട് അവസരങ്ങളും ഇതിലുണ്ട്. കഥാപാത്രങ്ങളെ എങ്ങനെ നിര്‍ണയിക്കണം, ഈ പ്ലോട്ടിനെ എങ്ങനെ വലുതാക്കണം, ഏതവസ്ഥയിലേക്ക് കൊണ്ടുപോകണം തുടങ്ങി വലിയ ആലോചനകള്‍ നടന്നിരുന്നു. ഒപ്പംതന്നെ ഒരു ഡോക്യുമെന്ററി പോലെയാവാതെ കൊമേഴ്‌സ്യലായിത്തന്നെ റിലീസ് ചെയ്യുകയും വേണം. അതിനാവശ്യമായ ആഴവും പരപ്പും ഉണ്ടായിരിക്കണം. അങ്ങനെത്തന്നെയാവണം അതിന്റെ സ്വഭാവമെന്നായിരുന്നു ആശയം.

സ്‌കാം 92 വുമായി താരതമ്യം ചെയ്തുള്ള റിവ്യൂകള്‍ വരുന്നുണ്ട്. എന്താണ് അതിനോടുള്ള പ്രതികരണം.

ഈ താരതമ്യപ്പെടുത്തല്‍ ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. കാരണം, ഇതിന്റെ മേക്കേഴ്‌സാണല്ലോ സ്‌കാം 92വും ചെയ്തത്. ഇങ്ങനെയൊരു താരതമ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. മേക്കേഴ്‌സിനും അറിയാമായികുന്നു. താരതമ്യം ചെയ്യലുണ്ടായാലും നമ്മുടേത് വ്യത്യസ്തമായിരിക്കുമെന്ന കൂട്ടായ തീരുമാനത്തിലേക്ക് ഞങ്ങളെത്തി. സ്‌കാം 1992 വുമായി സമാനതകളുണ്ടാകാത്ത വിധത്തിലുള്ള സമീപനമാവണം നമ്മള്‍ നടത്തേണ്ടത്. അറിഞ്ഞും അറിയാതെയും വ്യത്യസ്തതയുണ്ടാകണമെന്ന് ഉറപ്പിച്ചു. അടിസ്ഥാനപരമായി തിരക്കഥ പൂര്‍ണമായും വ്യത്യസ്തമാണ്. ആ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്നാല്‍പ്പോലും രണ്ടിന്റേയും ഉള്ളടക്കത്തിന് സമാനതകളുണ്ട്.

സമാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സാദൃശ്യം സ്വാഭാവികമാകുമല്ലോ?

ഒടിടി റിലീസുകള്‍ സജീവമായതോടെ സിനിമയായും സീരീസുകളായും ഒരുപാട് വിഷയങ്ങള്‍ ഇങ്ങനെ വരുന്നുണ്ട്. അതില്‍നിന്നും നമ്മള്‍ വ്യത്യസ്തമാവുന്നത് നമ്മുടെ കഥ പറച്ചിലിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കഥയും കഥാപാത്ര സൃഷ്ടിയും അതിനെ നമ്മള്‍ രൂപപ്പെടുത്തുന്നതും കഥാപാത്രത്തിന് നമ്മള്‍ കൊടുക്കുന്ന ഗ്രാഫുമെല്ലാം അതിനെ സ്വാധീനിക്കും. സംവിധായകന്‍ എന്ന നിലയില്‍ എന്തെങ്കിലും പ്രത്യേകതയോടെയാവണം കഥ പറയേണ്ടത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എന്നിരുന്നാല്‍ക്കൂടിയും ആ നിര്‍ബന്ധം കഥയെ ഒരുതരത്തിലും കീഴടക്കുകയും ചെയ്യരുത്. അത്തരത്തിലൊരു സമീകരണം നടന്നിട്ടുണ്ട്.

അഭിനേതാക്കളെ തെരഞ്ഞെടുത്തത് എങ്ങനെയാണ്

സംഗേത് എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് കഥ പുരോഗമിക്കുന്നത്. സംഗേതിനെയും ജയരാജിനെയും ആര് ചെയ്യണം എന്ന് തീരുമാനിക്കുന്നതും പ്രയാസമേറിയ കാര്യമായിരുന്നു. ചില പ്രത്യേക സ്വഭാവമുള്ള ആളായിരിക്കണം സംഗീതിനെ അവതരിപ്പിക്കേണ്ടത് എന്നുണ്ടായിരുന്നു. ഡോ. സംഗീത് അങ്ങനെയൊരാളാണ്. അതുകൊണ്ടുതന്നെ വളരെ സമയമെടുത്താണ് കഥാപാത്രങ്ങള്‍ ആരാവണമെന്ന തീരുമാനത്തിലേക്കെത്തിയത്. ആറ്-ഏഴ് മാസത്തോളം അതിനുവേണ്ടി മാത്രം ചെലവിട്ടു. ഓഡീഷനുകളും മീറ്റിങുകളുമൊക്കെ നടത്തി. ചിലര്‍ ആ പ്രായത്തിന് യോജിച്ചില്ല, ചിലരുടെ രൂപം സംഗീതുമായി ചേരുന്നതായിരുന്നില്ല, ചിലരുടെ പ്രകടനം തൃപ്തികരമായില്ല. അങ്ങനെ ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് ഋത്വികിനെ തീരുമാനിച്ചത്. ഋത്വികിനെ ആദ്യ ഓഡീഷനില്‍ത്തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് കണ്ട് സംസാരിച്ചു. കഥാപാത്രത്തിലേക്ക് ഋത്വിക് വളരെ പെട്ടന്നെത്തി. ഋത്വിക് കഥാപാത്രത്തെ ഉള്‍ക്കൊണ്ട രീതി വളരെ തൃപ്തികരമായിരുന്നു.

സംഗേത് എന്ന കഥാപാത്രമായി ഋത്വിക്

ജയരാജ് എന്ന കഥാപാത്രവും വെല്ലുവിളിയേറെയുള്ളതാണ്. നെഗറ്റീവ് ഷേഡുള്ള റോളാണത്. തുടക്കം മുതല്‍ നെഗറ്റീവ് ആക്കാതെ എന്റര്‍ടൈനിങ്ങായ ഒരു മേമ്പൊടി ആ കഥാപാത്രം ആവശ്യപ്പെടുന്നുമുണ്ട്. കാരണം, ഇക്കാലത്ത് ബ്ലാക്ക് റോള്‍ എന്നത് പൂര്‍ണമായും ബ്ലാക്ക് അല്ല. അതൊരു ഗ്രേ ഏരിയ ആണ്. അത് മുന്നില്‍ കണ്ടേ ചെയ്യാന്‍ കഴിയുള്ളൂ. ജയരാജിന് വേണ്ടിയും കുറേ ചര്‍ച്ചകളും ഓഡീഷനുകളും നടത്തി. അങ്ങനെ കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്രയുമായുള്ള ചര്‍ച്ചകള്‍ക്കിടെ രവി കിഷന്റെ പേരും ചര്‍ച്ചയായി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറാണോ എന്ന് രവി കിഷനോട് ചോദിച്ചു. താല്‍പര്യമുണ്ടെന്നും സംവിധായകനെ കാണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രവി അന്ന് ഹൈദരാബാദില്‍ ഒരു ഷൂട്ടിങിലായിരുന്നു. അവിടെ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന് കഥയൊക്കെ ഇഷ്ടമായി. എന്റെ മനസില്‍ ഞാന്‍ രൂപം കൊടുത്തിട്ടുള്ള കഥാപാത്രം എങ്ങനെയാണെന്ന് ഞാന്‍ രവി കിഷനോട് പറഞ്ഞു. സീരിസില്‍ മുഴുവന്‍ ജയരാജ് നെഗറ്റീവോ മുഴുനീളത്തില്‍ ലൗഡോ അല്ല. ഒരു മീറ്ററിലാണ് ജയരാജിന്റെ പ്രകടനം. ഒരു ഹൃദ്യമായ അവസ്ഥകൂടിയുണ്ട്. ജയരാജ് ഒരു കുടുംബസ്ഥന്‍ കൂടിയാണ്. മറ്റ് ചില സ്വാധീനങ്ങള്‍ അയാള്‍ക്കുമേല്‍ ഉണ്ടാവുകയാണ്. അത് രവി കിഷന് കഥാപാത്രത്തെ ഇഷ്ടമായി. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രവി കിഷനുള്ള അഭിനയ അനുഭവങ്ങളും വലിയ തോതില്‍ പ്രയോജനപ്പെട്ടു. ഋത്വിക്കും രവി കിഷനും കൃത്യമായ കോമ്പിനേഷനുമായി.

മുംബൈയിൽ ജനിച്ചു വളർന്ന മനോജിന്റെ മലയാളി ബന്ധം?

എന്റെ അച്ഛൻ എറണാകുളം സ്വദേശിയും അമ്മ കാലടി സ്വദേശിയുമാണ്. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കാറുള്ളൂ. പിന്നെ മലയാളം സിനിമകൾ കണ്ടു തന്നെയാണ് ഞാൻ വളർന്നത്. മോഹൻലാൽ-ശ്രീനിവാസൻ സിനിമകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്.

ഇപ്പോഴത്തെ ആളുകളിൽ ലിജോ ജോസ്, ദിലീഷ് പോത്തൻ, ആഷിഖ് അബു തുടങ്ങിയവരെയൊക്കെ ഇഷ്ടമാണ്.

മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുമോ?

തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അത്ര സല്ലൊരു സബ്ജക്ടും തിരക്കഥയും വേണം. എല്ലാം ഒത്തുവരുമ്പോൾ ഉറപ്പായും മലയാളത്തിൽ സിനിമ ചെയ്യും.

UPDATES
STORIES