‘ആദ്യം പറഞ്ഞത് പറ്റില്ലെന്ന്, തരുണ്‍ കഥപറഞ്ഞതോടെ മനസുമാറി’; സൗദി വെള്ളക്കയിലേക്ക് ‘മജിസ്‌ട്രേറ്റ്’ എത്തിയത് ഇങ്ങനെ

‘ഓപ്പറേഷന്‍ ജാവ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ രംഗത്തേക്ക് മികച്ച എന്‍ട്രി സ്വന്തമാക്കിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയാ പേജുകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മജിസ്‌ട്രേറ്റിനെ കണ്ടെത്തിയതിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണിവര്‍.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെത്തന്നെ മജിസ്‌ട്രേറ്റും മജിസ്‌ട്രേറ്റിന്റെ രസകരമായ ഡയലോഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡെന്നിസ് ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘മനു അങ്കിളി’ല്‍ ലോതല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോയാണ് ‘സൗദി വെള്ളക്ക’യിലെ മജിസ്‌ട്രേറ്റ്. എന്നാല്‍ ‘സൗദി വെള്ളക്ക’യിലേക്കുള്ള ക്ഷണം കുര്യന്‍ ചാക്കോ നിഷേധിക്കുകയായിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പിന്നീട് തരുണ്‍ മൂര്‍ത്തി കഥ പറഞ്ഞതോടെയാണ് സിനിമയില്‍ ഭാഗമാകണമെന്ന ആഗ്രഹത്തിലേക്ക് അദ്ദേഹമെത്തിയതെന്നും ടീം സൗദി വെള്ളക്ക വിശദീകരിക്കുന്നു.

സൗദി വെള്ളക്കയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സൗദി വെള്ളക്കയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളില്‍ ഒന്നിലും തരുണും ടീമും തൃപ്തരായില്ല. ആവനാഴികളിലെ അസ്ത്രങ്ങള്‍ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുണ്‍ ഒന്നിലും തൃപ്തനായിരുന്നില്ല.
ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുണ്‍ കാണാന്‍ ഇടയായത്’,

ആ വീഡിയോയില്‍ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയില്‍ കണ്ട ആള്‍ ‘മനു അങ്കിള്‍ ‘ എന്ന സിനിമയില്‍ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്, മനു അങ്കിള്‍ റിലീസായി വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാന്‍ സംവിധായകന്‍ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നില്‍ ഇല്ല എന്ന് മനസിലാക്കിയ തരുണ്‍, നിര്‍മ്മാതാവ് സന്ദിപ് സേനന് മജിസ്ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണില്‍ മെസ്സേജ് അയച്ചു.

ആദ്യ കാഴ്ചയില്‍ തന്നെ ആവേശഭരിതനായ നിര്‍മ്മാതാവിനും കുര്യന്‍ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാന്‍ തിടുക്കമായി.
പക്ഷേ കുര്യന്‍ ചാക്കോയുടെ കോണ്‍ടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവില്‍ ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യന്‍ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു.

കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യന്‍ ചാക്കോയുടെ മറുപടി.
‘അയ്യോാ.. ഞാന്‍ ഇല്ല…
അതൊക്കെ അന്ന് ഡെന്നിസ് സര്‍ പറഞ്ഞത് പോലെ ചെയ്തത് ആണ്… അതില്‍ നിന്നൊക്കെ സിനിമ ഒരുപാട് മാറി…
നിങ്ങള്‍ വേറെ അളിനെ നോക്കു എന്നാണ്..’

തരുണ്‍ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു. കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു. തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ സൗദി വെള്ളക്കയിലെ രസികനായ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോള്‍ കുര്യന്‍ ചാക്കോ പറഞ്ഞു നിര്‍ത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ വരുമ്പോഴുള്ള പേടിയും, ആകാംഷയും ഒപ്പം അവതരിപ്പിയ്ക്കാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.

പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്താണ് അവിടെ നിന്നും പോയത്, സൗദി വെള്ളക്കയുടെ ടീസറില്‍ കുര്യന്‍ ചാക്കോയെ കണ്ട് പഴയ ലോതറിനെ തിരക്കിയുള്ള ആളുകളുടെ സ്‌നേഹം വീണ്ടുമെത്തുമ്പോള്‍ വെള്ളക്ക ടീമിനുറപ്പാണ് മലയാള സിനിമയില്‍ ഇനിയും കുര്യന്‍ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികള്‍ ഏറ്റു വാങ്ങുന്നതിനായി.

UPDATES
STORIES