മാര്‍വെല്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഡിസംബര്‍ 16നായിരുന്നു ‘സ്പൈഡര്മാന്: നോ വേ ഹോം’ ഇന്ത്യന്‍ തിയേറ്ററുകളിലെത്തിയത്. ഒടുവിലിതാ, പ്രദര്‍ശനം തുടങ്ങി ആഴ്ചകള്‍ക്കകം ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മൂന്നാമത്തെ ഹോളിവുഡ് സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. ‘അവഞ്ചേഴ്സ്: എന്ഡ്ഗെയിം’, ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്’ എന്നിവയാണ് കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഇതുവരെ ആഗോളതലത്തില്‍ 7,400 കോടി രൂപ നേടിയ ‘സ്പൈഡര്മാന്: നോ വേ ഹോം’ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ 202.34 കോടിയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്’ 227.43 കോടിയും ‘അവഞ്ചേഴ്സ്: എന്ഡ്ഗെയിം’ 373.22 കോടിയുമാണ് ഇന്ത്യയില്‍നിന്നും നേടിയത്. അല്ലു അര്‍ജുന്റെ ‘പുഷ്പ: ദ റേസ്’, അക്ഷയ് കുമാറിന്റെ ‘സൂര്യവംശി’ എന്നിവയ്ക്ക് ശേഷം 2021-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ ഉണ്ടാക്കിയതും ഈ സ്പൈഡര്മാന് ചിത്രം തന്നെ.
ആഗോളതലത്തില്‍ തരംഗമായി മാറിയ ‘സ്പൈഡര്മാന്: നോ വേ ഹോം’ 2019ല്‍ പുറത്തിറങ്ങിയ ‘സ്റ്റാര്‍ വാര്‍സ്: ദ റൈസ് ഓഫ് സ്കൈവാക്കറി’ന് ശേഷം ഒരു ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ‘ബ്ലാക്ക് പാന്തറി’നെയും കടത്തിവെട്ടിയാണ് സ്പൈഡര്‍മാന്റെ ആഗോള കളക്ഷന്‍ മുന്നേറ്റം. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിക്കുന്നതിന് മുമ്പുതന്നെ സ്പൈഡര്മാന് ലോകത്തിലെ പത്ത് മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് സൂചനകള്‍. ലോകത്തെ ഏറ്റവും വലിയ സിനിമാ മാര്‍ക്കറ്റായ ചൈനയില്‍ റിലീസാവുന്നതോടെ സ്പൈഡര്‍മാന്റെ ആഗോള വരുമാനം കുത്തനെ ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്പൈഡര്മാന് സീരീസുകളിലായി ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ‘സ്പൈഡര്മാന്: നോ വേ ഹോ’മെന്നാണ് പൊതു അഭിപ്രായം. പീറ്റര്‍ പാര്‍ക്കറാണ് യഥാര്‍ത്ഥ സ്പൈഡര്മാന് എന്ന വെളിപ്പെടുത്തലോടെയായിരുന്നു ‘സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോം’ അവസാനിച്ചിരുന്നതെങ്കില്‍, ഐഡന്റിറ്റി രഹസ്യമാക്കി തുടരാന്‍ ഡോക്ടര്‍ സ്ട്രെയ്ഞ്ചിന്റെ സഹായം തേടുന്ന സ്പൈഡര്‍മാനാണ് ‘നോ വേ ഹോമി’ല്‍. മിസ്റ്റീരിയോയുടെ മരണമൊഴി വീഡിയോ പുറത്തുവന്നതോടെ മാറിമറിയുന്ന പീറ്റര്‍ പാര്‍ക്കറുടെ ജീവിതാവതരണവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമാണ് ചിത്രത്തിന്റെ പ്രമേയം. ഒക്ടോപ്പസിന്റെ തിരിച്ചുവരവും ഡോക്ടര്‍ സ്ട്രെയിഞ്ചിന്റെ മുഴുനീള കഥാപാത്രവുമെല്ലാം ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്.
സ്പൈഡര്മാന് സീരീസുകളിലെ ‘സ്പൈഡര്മാന്: ഹോം കമിങും’, ‘സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോ’മും ഒരുക്കിയ ജോണ്‍ വാട്സ് തന്നെയാണ് നോ വേ ഹോമിന്റെയും മാസ്റ്റര്‍ ബ്രെയിന്‍. ടോം ഹോളണ്ട് സ്പൈഡര്‍മാനായും എത്തി. മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.