രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർആർആർ റിലീസ് തിയതി മാറ്റി. ജനുവരി ഏഴിന് ആഗോള റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസാണ് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നീട്ടിവച്ചിരിക്കുന്നത്. പുതിയ റിലീസ് ഡേറ്റ് അറിയിച്ചിട്ടില്ല.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
“എല്ലാവരുടെയും നന്മയെക്കരുതി ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നിരുപാധികമായ സ്നേഹത്തിന് ആരാധകരോടും മറ്റ് സിനിമാപ്രേമികളോടും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. പല ഇന്ത്യന്‍ സംസ്ഥാനങ്ങളും തിയറ്ററുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് മറ്റൊരു വഴിയുമില്ല. ആകാംക്ഷ കാത്തുസൂക്ഷിക്കുക എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ. ഇന്ത്യന്‍ സിനിമയുടെ ഈ യശസ്സിനെ ശരിയായ സമയത്ത് ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും”, ആര്‍ആര്‍ആര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ചിത്രത്തിന്റെ അവസാനവട്ട പ്രൊമോഷന് പരിപാടികളിലായിരുന്നു ഇക്കഴിഞ്ഞ ദിവസം വരെ രാജമൗലി ഉള്‍പ്പെടെയുള്ളവര്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഇതിനായി തിരുവനന്തപുരത്തും സംഘം എത്തിയിരുന്നു.
നേരത്തെ ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ‘ജേഴ്സി’യുടെ റിലീസും നീട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിത്രത്തിന്റെ ഒഫിഷ്യല്‍ ഹാന്‍ഡിലുകളിലൂടെയാണ് പ്രഖ്യാപനം.