തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ശ്രദ്ധേയരായ അഭിനേത്രികളില്‍ ഒരാളാണ് സമാന്ത. ‘വിണ്ണൈ താണ്ടി വരുവായാ’യുടെ തെലുങ്ക് പതിപ്പ് ‘യേ മായ ചേസവേ’യിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സമാന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സമാന്ത. നാഗചൈതന്യയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഏറെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് സമാന്ത സമൂഹത്തിന്റെ മുന്നിലേക്ക് വയ്ക്കുന്നത്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്താതിരിക്കൂ എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാമന്ത ഇക്കാര്യം പറയുന്നത്.

അടുത്തിടെ ക്രിട്ടിക്സ് അവാര്‍ഡ്സില്‍ താരം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ സമാന്ത ധരിച്ച പച്ച നിറത്തിലുള്ള ഗൗണിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്റെ വാക്കുകള്‍.
സാമന്തയുടെ വാക്കുകള്‍:
വിലയിരുത്തപ്പെടുക എന്നതിന്റെ അര്‍ഥം എന്താണെന്ന് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് നന്നായി അറിയാം. സ്ത്രീകളെ പല തരത്തില്‍ വിധിക്കാറുണ്ട്. അവര്‍ ധരിക്കുന്ന വസ്ത്രം, വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എളുപ്പമുള്ള കാര്യമാണ്. ഇത് 2022 ആണ്. ഇനിയെങ്കിലും സ്ത്രീകളെ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൂടെ? നിങ്ങള്‍ക്ക് സ്വയം വിലയിരുത്തല്‍ നടത്തുകയും വളരുകയും ചെയ്തുകൂടെ? നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം.
നയന്‍താരയ്ക്ക് ശേഷം തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ് സമാന്ത. അടുത്തിടെ എത്തിയ അല്ലു അര്‍ജുന്റെ മെഗാ ഹിറ്റ് ചിത്രം ‘പുഷ്പ’യില്‍ ഒരു നൃത്തരംഗത്തില്‍ മാത്രമായി പ്രത്യക്ഷപ്പെട്ടതിന് വലിയ തുകയായിരുന്നു സമാന്തയുടെ പ്രതിഫലം.