എആർആർ-ജിവിഎം മാനിയ വീണ്ടും; ‘വെന്ത് തനിന്തത് കാട്’ ടീസർ കണ്ടത് 39 ലക്ഷം പേർ

റിലീസ് ചെയ്ത് ഒരു ദിവസമാകുമ്പോഴേക്കും തരംഗമായി മാറിയിരിക്കുകയാണ് ഗൗതം മേനോൻ ചിമ്പു ടീമിന്റെ ‘വെന്ത് തനിന്തത് കാട്’ ടീസർ. പുത്തൻ ഗെറ്റപ്പിൽ ചിമ്പുവെത്തുന്ന ചിത്രം നടന്റെ ലേറ്റസ്റ്റ് ബ്ലോക്ബസ്റ്റർ മാനാടിനെപ്പോലെ ഹിറ്റാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഇതിനോടകം 39 ലക്ഷത്തിനടുത്ത് ആളുകൾ യൂട്യുബിൽ ടീസർ കണ്ടുകഴിഞ്ഞു.

തന്റെ സിനിമകളിലെ ആവർത്തന വിരസതയെപ്പറ്റി പരാതിപ്പെടുന്നവർക്കുള്ള മറുപടിയായിരിക്കും ‘വെന്ത് തനിന്തത് കാട്’എന്നാണ് ചിത്രത്തിന്റെ പ്രമേയത്തെ സൂചിപ്പിച്ച് സംവിധായകൻ ഗൗതം മേനോൻ പ്രതികരിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ആക്ഷൻ-ഡ്രാമ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും മുംബൈ മഹാനഗരത്തിലെത്തിപ്പെടുന്ന നായകൻറെ വ്യക്തി സംഘർഷങ്ങളിലേക്കുള്ള സൂചന നൽകുന്നതാണ് ടീസർ. ജോലിതേടി മുബൈയിലെത്തുന്ന ചിമ്പുവിന്റെ മുത്തു എന്ന കഥാപാത്രം നിരന്തരമായ ചൂഷണങ്ങളിലൂടെ കടന്നുപോകുന്നു. ഒടുവിൽ ചൂഷിതരെ കായികമായും സായുധമായും നേരിടാൻ മുത്തു നിർബദ്ധിതമാകുന്നു.

എ.ആർ റഹ്‌മാനാണ് സംഗീതം. റഹ്‌മാൻ പാടിയ ‘മറക്കമുടിയുമാ നെഞ്ചം’ എന്ന ഗാനമാണ് ടീസറിന്റെ പശ്ചാത്തലം.

ജെയമോഹന്റേതാണ് കഥ. കർണൻ-അസുരൻ കഥകൾക്ക് സമാനമായ തന്തുവാണ് ‘വെന്ത് തനിന്തത് കാട്’ എന്ന അഭ്യൂഹങ്ങൾ ജെയമോഹനും തള്ളിക്കയുന്നു. ചിമ്പുവിന്റെ കരിയറിലെ ഏറ്റവും പുതുമയാർന്ന, സങ്കീർണവും അമ്പരപ്പിക്കുന്നതുമായ കഥയായിരിക്കും ഇതെന്നാണ് ജയമോഹൻ പറഞ്ഞുവെക്കുന്നത്. പൊതുവെ നഗരജീവിതങ്ങളുടെ കഥപറയുന്ന ഗൗതം മേനോന്റെ ഗ്രാമീണ മർദ്ധിതരുടെ കഥപറയുന്ന ആദ്യ സിനിമകൂടിയാണ് ഈ ചിത്രം.

വെന്ത് തനിന്തത് കാട് – ടീസർ

ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ മുതൽ വലിയ ചർച്ചയാണ് ‘വെന്ത് തനിന്തത് കാടിനെ’ ചുറ്റിപ്പറ്റി നടക്കുന്നത്. വലിയ ശാരീരിക മാറ്റമാണ് ചിത്രത്തിന് വേണ്ടി ചിമ്പു ചെയ്തത്. കഥാപാത്രത്തിലേക്കുള്ള രൂപമാറ്റം കാണിച്ചുകൊണ്ടുള്ള ചിമ്പുവിന്റെ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കന്നഡ താരം കയാദു ലോഹറായിരിക്കും നായിക. രാധിക ശരത്കുമാർ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലുണ്ടാകും . നീരജ് മാധവും സിദ്ധീഖും വിവിധ വേഷങ്ങൾ ചെയ്യുന്നുണ്ട്.

ചിമ്പുവിനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ വൻ ഹിറ്റായിരുന്നു. പിന്നീട് 2016 ൽ ‘അച്ചം യെൻപത് മദമയെടാ’ എന്ന ചിത്രവും ശ്രദ്ധേയമായി. ലോക്ഡൗൺ കാലത്ത് ‘വിണ്ണൈതാണ്ടി വരുവായ’ ജോഡികളെവെച്ച് ഗൗതം മേനോൻ ഒരുക്കിയ ‘കാർത്തിക് ഡയൽ സെയ്താ യേൻ’ എന്ന ഹ്രസ്വ ചിത്രവും പ്രേക്ഷക പ്രശംസ നേടിയിരുന്നു

UPDATES
STORIES