‘എനിക്കദ്ദേഹത്തിന്റെ വിജിയാകാന്‍ കഴിയുമെന്ന് 41 വര്‍ഷം മുമ്പ് മഹേന്ദ്രന്‍ വിശ്വസിച്ചു’; ഓര്‍മ്മകളുമായി സുഹാസിനി

41 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ആദ്യചിത്രം പുറത്തിറങ്ങിയതിന്റ ഓര്‍മ്മകളുമായി നടി സുഹാസിനി. തമിഴ് സംവിധായകന്റെ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയരംഗത്തേക്കെത്തിയത്. 1980 ഡിസംബര്‍ 12നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. എന്തുകൊണ്ടും തനിക്ക് ഡിസംബര്‍ 12-കള്‍ പ്രിയപ്പെട്ടതാണെന്ന് സുഹാസിനി പറയുന്നു.

’41 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംവിധായകന്‍ മഹേന്ദ്രന്‍ എനിക്ക് അദ്ദേഹത്തിന്റെ വിജിയാകാന്‍ കഴിയുമെന്ന് വിശ്വസിച്ചു. 41 വര്‍ഷം നീണ്ട എന്റെ അഭിനയജീവിതത്തിന് അദ്ദേഹത്തോടാണ് കടപ്പാട്. ഒട്ടും തയ്യാറല്ലാതിരുന്ന എന്നെ നെഞ്ചത്തെ കിള്ളാത്തൈയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിരിക്കാന്‍ സമ്മതിപ്പിച്ച ഗുരു അശോക് കുമാറിനും എന്റെ അച്ഛന്‍ ചാരുഹസനും നന്ദി. ഡിസംബര്‍ 12 എനിക്ക്‌ പ്രത്യേക ദിവസമാണ്’, സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നെഞ്ചത്തെ കിള്ളാതെയുടെ ലൊക്കേഷന്‍ ചിത്രത്തോടൊപ്പമായിരുന്നു നടിയുടെ കുറിപ്പ്. ചിത്രത്തില്‍ വിജി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു സുഹാസിനി അവതരിപ്പിച്ചത്.

ചിത്രം സുഹാസിനിക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം നേടിക്കൊടുത്തു. മഹേന്ദ്രന്‍ തന്നെയാണ് ഈ റൊമാന്റിക് ഡ്രാമയ്ക്ക് കഥയൊരുക്കിയതും. സുഹാസിനിക്കൊപ്പം ശരത് ബാബുവും പ്രതാപും മോഹനും പ്രധാന വേഷങ്ങളിലെത്തി. മോഹനും ആദ്യമായി കേന്ദ്രകഥാപാത്രമായത് ചിത്രത്തിലൂടെയായിരുന്നു. ഇളയരാജയാണ് പശ്ചാത്തല സംഗീതവും സൗണ്ട് ട്രാക്കുമൊരുക്കിയത്.

1983ല്‍ പദ്മരാജന്റെ കൂടെവിടെയിലൂടെയാണ് സുഹാസിനി മലയാളത്തിലേക്കുള്ള വരവറിയിച്ചത്. തമിഴിനും മലയാളത്തിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും സുഹാസിനി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

UPDATES
STORIES