എകെ 61ന് സ്റ്റണ്ടൊരുക്കുക മൈക്കിളപ്പനെ ഇടി പഠിപ്പിച്ച മാസ്റ്റര്‍; അജിത്തിന്റെ ത്രില്ലറില്‍ സുപ്രീം സുന്ദറെത്തുമ്പോള്‍

‘വലിമൈ’യ്ക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലെത്തുന്ന അജിത് കുമാര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘എകെ 61’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന അജിത്തിന്റെ 61-ാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഏപ്രില്‍ ഒമ്പതിന് ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടറായി സുപ്രീംസുന്ദര്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. അമല്‍നീരദ് ചിത്രം ‘ഭീഷ്മപര്‍വ’ത്തിനും ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’യിലും സ്റ്റണ്ട് മാസ്റ്ററായി എത്തിയത് സുപ്രീം സുന്ദറായിരുന്നു. ‘അതോ അന്ത പാര്‍വൈ പോല’, ‘ദ പ്രീസ്റ്റ്’, ‘അജഗജാന്തരം’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റണ്ട് മാസ്റ്ററായും മറ്റ് ചില ചിത്രങ്ങളില്‍ ആക്ഷന്‍ ഡയറക്ടറായും സുപ്രീം സുന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ‘എകെ 61’ ഒരുങ്ങുന്നതെന്നാണ് വിവരം. ‘വലിമൈ’യെ അപേക്ഷിച്ച് എകെ 61ല്‍ നിരവധി ആക്ഷന്‍ രംഗങ്ങളും വ്യത്യസ്തതയാര്‍ന്ന സ്റ്റണ്ട് സീക്വന്‍സുകളുമുണ്ടാവും. വലിമൈയില്‍നിന്നും വ്യത്യസ്തമായി അജിത്തിന്റെ ലുക്കിലും അടിമുടി മാറ്റമുണ്ട്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് അജിത് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി അജിത് പാലക്കാട് ജില്ലയിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സക്കായി എത്തിയിരുന്നു. ഇവിടെനിന്നുള്ള ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘എകെ 61’ പൂര്‍ത്തിയാക്കിയതിന് ശേഷം അജിത്ത് വിഘ്‌നേഷ് ശിവന്റെ ചിത്രത്തിലാണ് എത്തുക. ഇതിനും പേര് തീരുമാനിച്ചിട്ടില്ല. ‘എകെ 62’ എന്നാണ് താല്‍ക്കാലിക പേര്. വിഘ്‌നേഷ് ശിവനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

UPDATES
STORIES