തമിഴ്നാട് പൊലീസിന്റെ ‘കാവൽ കരങ്ങൾ’ക്ക് പിന്തുണയുമായി സൂര്യ; ആറുലക്ഷത്തിന്റെ വാഹനം കെെമാറി

തമിഴ്‌നാട് പൊലീസിന്റെ ‘കാവൽ കരങ്ങൾ’ പദ്ധതിക്ക് പിന്തുണയുമായി നടന്‍ സൂര്യ. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റ് പദ്ധതിക്കായി ആറുലക്ഷം രൂപയുടെ വാഹനം കെെമാറി.

തെരുവുകളില്‍ കഴിയുന്ന നിരാലംബരായ മനുഷ്യർക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് പോലീസ് വകുപ്പ് രൂപംകൊടുത്ത പദ്ധതിയാണ് ‘കാവൽ കരങ്ങൾ’. വിവിധ എൻ‌ജി‌ഒകളുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം.

പദ്ധതി പ്രവർത്തനങ്ങള്‍ക്കായി നടന്‍ കെെമാറിയ വാഹനം ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗഗൻ ദീപ് സിംഗ്, ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ, ശരണ്യ രാജശേഖർ എന്നിവർ ചേർന്ന് വാഹനം ആദ്യ ദൗത്യത്തിലേക്ക്‌ ഫ്ലാഗ് ഓഫ് ചെയ്തു.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഉള്‍പ്പടെയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ അഗം ഫൗണ്ടേഷനിലൂടെ താരം നടത്തി വരുന്നുണ്ട്. ഇതിന് പുറമെയാണ് സർക്കാർ പദ്ധതികള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് സൂര്യ രംഗത്തെത്തുന്നത്. അതിനാല്‍ തന്നെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനമേറ്റുവാങ്ങുകയാണ് താരം.

UPDATES
STORIES