നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്‌ക്കൊപ്പമെന്ന് സൂര്യ

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. ഒരു സ്ത്രീക്കെതിരേയും നടക്കാന്‍ പാടില്ലാത്ത ആക്രമണമാണ് നടന്നതെന്നും ഈ വിഷയത്തില്‍ ആക്രമണത്തെ അതിജീവിച്ച നടിയോടൊപ്പമാണ് നില്‍ക്കുന്നതെന്നും സൂര്യ പറഞ്ഞു. ‘എതിര്‍ക്കും തുനിന്തവന്‍’ എന്ന തന്‌റെ പുതിയ ചിത്രത്തിന്‌റെ പ്രമോഷനായി കൊച്ചിയില്‍ എത്തിയതായിരുന്നു സൂര്യ.

കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ നാമെല്ലാവരും കാണുന്നുണ്ട്. അതിജീവിച്ച നടിക്കൊപ്പം തന്നെയാണ് നമ്മളെല്ലാം നില്‍ക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ എനിക്കറിയില്ല. പക്ഷെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന ഒന്നാണ് നടന്നത്. ഇത്രയും പുരോഗമനപരമായ ഒരു സമൂഹത്തില്‍ ഒരിക്കലും ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ പാടില്ലായിരുന്നു,’ സൂര്യ പറഞ്ഞു.

2017ലാണ് മലയാള സിനിമയിലെ പ്രമുഖ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. അഞ്ച് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന കേസില്‍ പ്രതി ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഹര്‍ജി തള്ളി. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

UPDATES
STORIES