സൂര്യയുടെ ‘എതർക്കും തുനിന്തവൻ’ മലയാളമുൾപ്പടെ അഞ്ചുഭാഷകളിൽ; ഫെബ്രുവരി നാലിന് തിയേറ്ററുകളിലേക്ക്

സൂര്യയുടെ പുതിയ ചിത്രം എതർക്കും തുനിന്തവൻ മലയാളത്തിൽ ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും പാണ്ടിരാജ് ചിത്രത്തിന്റെ റിലീസ്. ജയ് ഭീം മെഗാ ഹിറ്റായതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് സൂര്യ ആരാധകർ.

ശിവകാർത്തികേയന്റെ ഡോക്ടറിലൂടെ ശ്രദ്ധേയയായ പുതുതാരം പ്രിയങ്ക അരുൾ മോഹനാണ് നായിക. സത്യരാജ്, ജയപ്രകാശ്, ശരണ്യ പൊന്നവൻ, ദേവദർശിനി, ഇളവരസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2015ലിറങ്ങിയ പ്രസംഗ 2ആണ് സൂര്യ-പാണ്ടിരാജ് കോംബോയുടെ മുൻ ചിത്രം. സൺ പിക്‌ചേഴ്‌സാണ് നിർമ്മാണം.

ആക്ഷൻ ത്രില്ലർ സിനിമയായ എതർക്കും തുനിന്തവന്റെ കഥയും പാണ്ടിരാജിന്റേതാണ്. 2019ൽ പൊള്ളാച്ചിയിൽ നടന്ന ലൈംഗീകാതിക്രമത്തെ ആധാരമാക്കിയാണ് കഥയെന്നാണ് സൂചന. 1976ൽ ഇതേ പേരിലിറങ്ങിയ സിനിമയിൽ സൂര്യയുടെ അച്ഛൻ ശിവകുമാറായിരുന്നു നായക വേഷത്തിൽ.

ഡി. ഇമ്മന്റേതാണ് സംഗീതം. ഇമ്മന്റെ ആദ്യ സൂര്യ ചിത്രമാണ് ഇത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ. രത്നവേലുവാണ്. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ചിത്രീകരണത്തിനിടെ സൂര്യക്ക് കൊവിഡ് പിടിപെട്ടിരുന്നു. ആക്ഷൻ രംഗങ്ങളിൽ വലിയ ആൾകൂട്ടം പ്ലാൻ ചെയ്തിരുന്നെങ്കിലും സർക്കാർ നിർദേശത്തെ തുടർന്ന് ഷൂട്ടിങ് പുനഃക്രമീകരിക്കേണ്ടി വന്നു. ഷൂട്ടിംഗ് കാലത്ത് സഹസംവിധായകൻ വിക്റ്ററിന്റെ പക്കൽ നിന്നും യഥാർത്ഥ തോക്കുകളാണെന്ന് തെറ്റിദ്ധരിച്ച് കളിത്തോക്കുകൾ പോലീസ് കണ്ടെടുത്തതും വാർത്തയായിരുന്നു.

സിനിമ ഡിസംബർ 17നെത്തുമെന്നായി ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അല്ലു അർജുന്റെ പുഷ്‌പയുമായി ക്ലാഷാകുന്നത് ഒഴിവാക്കാൻ തീയതി മാറ്റുകയായിരുന്നു. ക്രിസ്‌മസ്‌ റിലീസായി ഡിസംബർ 24ന് റിലീസാകുമെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായെങ്കിലും പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകൾ അതിന് മുൻപ് കഴിയില്ലെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു.

UPDATES
STORIES