നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുകൊണ്ട് സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ടി.ജെ ജ്ഞാനവേല്‍ തയ്യാറാക്കിയ ജയ് ഭീമിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഓസ്കാര്‍ ഔദ്യോഗിക യൂട്യൂബ് ചാനല്‍. സിനിമയിലെ ചില ഭാഗങ്ങളും ചിത്രത്തെക്കുറിച്ച് സംവിധായകന് വിശദീകരിക്കുന്നതുമായ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. സീന്‍ അറ്റ് ദ അക്കാദമി എന്ന വിഭാഗത്തിലാണ് വീഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുറ്റമാരോപിച്ചിട്ടുള്ളവരെ ജയിലില്‍നിന്നും പുറത്തിറക്കുന്ന ചിത്രത്തിലെ രംഗവുമായിട്ടാണ് 12 മിനുട്ടും 47 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ടി.ജെ ജ്ഞാനവേല്‍ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗവും കാണിക്കുന്നുണ്ട്.
‘ജാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദിവാസികളായ ആളുകളെ തരംതിരിക്കുന്നതാണ് സിനിമയുടെ ആദ്യരംഗം. സിനിമയുടെ മൊത്തത്തിലുള്ള തീം അതുതന്നെയാണെന്ന് പറയാം. എത്രയെളുപ്പത്തിലാണ് അധികാരം ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നത്. മേധാവിത്വവും ആധിപത്യവുമുള്ള ആള് എന്തെങ്കിലും ബുദ്ധിമുട്ടിലകപ്പെടുമ്പോഴേക്ക് ആ സമൂഹമൊന്നാകെ അയാള്ക്കുവേണ്ടിയെത്തും. പക്ഷേ, ആദിവാസികളെപ്പോലെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്താണ്? അവര്‍ക്ക് യാതൊരു പ്രതീക്ഷകളുമില്ല’, ജ്ഞാനവേല്‍ വീഡിയോയില്‍ പറയുന്നു.
വീഡിയോ പുറത്തുവന്നതിന് നിമിഷങ്ങള്‍ക്കകം ചിത്രത്തിന് വീണ്ടും അഭിനന്ദന പ്രവാഹവുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. സൂര്യയും ജ്ഞാനവേലും തമിഴ്നാടിനെ അഭിമാനത്തിന്റെ അത്യുന്നതങ്ങളിലേക്കെത്തിക്കുന്നു എന്ന തരത്തിലുള്ള ട്വീറ്റുകളും ഇതിനോടകം എത്തിക്കഴിഞ്ഞു.
ജാതിയുടെ രാഷ്ട്രീയവും വിവേചനവുമാണ് ജയ് ഭീം ചര്‍ച്ച ചെയ്യുന്നത്. 1995ല്‍ തമിഴ്നാട്ടിലെ കടലൂരില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അഭിഭാഷകനും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുകളാണ് ചിത്രത്തിലുടനീളം. ജസ്റ്റിസ് ചന്ദ്രുവായുള്ള സൂര്യയുടെ അഭിനയം നടന്റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് വിലയിരുത്തപ്പെടുന്നത്.
ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ജയ് ഭീം മികച്ച പ്രതികരണങ്ങളാണ് നേടിയത്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.