താപ്സി പന്നുവും താഹിർ രാജ് ഭാസിനും അഭിനയിക്കുന്ന ‘ലൂപ്പ് ലപെട്ട’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി നാലിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ആകാശ് ഭാട്ടിയ സംവിധാനം ചെയ്ത ലൂപ് ലപേട്ട ജർമ്മൻ ചിത്രമായ റൺ ലോല റണ്ണിന്റെ ഹിന്ദി പതിപ്പാണ്.
2 മിനിറ്റ് 25 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ താപ്സിയും താഹിറും 50 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്നു. ഒരു ആപത്തിൽ അകപ്പെടുന്ന തന്റെ കാമുകൻ സത്യയുടെ ജീവൻ രക്ഷിക്കാൻ 50 മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നേടാനുള്ള ഉത്തരവാദിത്തമാണ് സംവിധായകൻ ചിത്രത്തിൽ താപ്സിയുടെ സാവി എന്ന കഥാപാത്രത്തെ ഏൽപ്പിച്ചിരിക്കുന്നത്.
ടൈം ലൂപ്പ് സിനിമകൾ ചർച്ചയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നത്. ‘സമയം തീർന്നുകൊണ്ടിരിക്കുന്നു, ഓട്ടമാരംഭിക്കാൻ നേരമായി,’ എന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നെറ്റ്ഫ്ളിക്സ് റിലീസ് പ്രഖ്യാപിച്ച് താപ്സി പന്നു ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. കോമഡി-ത്രില്ലർ വിഭാഗത്തിലുള്ള സിനിമയായിരിക്കും ലൂപ്പ് ലപെട്ട’ എന്നാണ് അണിയറ പ്രവർത്തകൻ വ്യക്തമാക്കുന്നത്. താപ്സിയുടെ ജോഡിയായി താഹിർ രാജ് ഭാസിനാണ് വേഷമിട്ടിരിക്കുന്നത്.
1998ലാണ് കൾട്ട് ക്ളാസിക്കായ റൺ ലോല റൺ പുറത്തിറങ്ങിയത്. ടൈം ലൂപ്പ്/റിവേഴ്സ് ലൂപ്പ് കാറ്റഗറിയിലുള്ള ചിത്രമാണ് ഇത്. അപ്രതീക്ഷിത ആപത്തിൽപ്പെടുന്ന കാമുകനെ രക്ഷിക്കാനായുള്ള നായികയുടെ ഓട്ടമാണ് റൺ ലോല റണ്ണിലും ലൂപ്പ് ലപെട്ടയിലും. ഫ്രാങ്ക പൊട്ടന്റ ചെയ്ത ലോലയുടെ നായിക വേഷമാണ് സാവി എന്ന പേരിൽ താപ്സി അവതരിപ്പിക്കുന്നത്.
ആകാശ് ഭാട്ടിയയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ലൂപ്പ് ലപെട്ട. കോമഡി, ത്രില്ലർ, റൊമാൻസ് കോമ്പിനേഷനുള്ള സിനിമ പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ റോളർകോസ്റ്റർ റൈഡായിരിക്കും സമ്മാനിക്കുകയെന്നാണ് ഭാട്ടിയ പറയുന്നത്. കഥാപാത്രങ്ങളുടെ വൈകാരിക സൂക്ഷ്മതകളിലേക്ക് സിനിമയെ ചേർത്തു നിർത്തിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
സോണി പിക്ചേഴ്സും എലിപ്സിസ് എന്റെർറ്റൈന്മെന്റും ആയുഷ് മഹേശ്വരിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം.