മാര്‍വല്‍ Vs മാസ്റ്റേഴ്സ്: സൂപ്പര്‍ ഹീറോ ചിത്രങ്ങളെ പുച്ഛിച്ചുതള്ളിയ പത്ത് സംവിധായകര്‍

രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണംവാരി പടങ്ങള്‍ ചെയ്ത് ‘ഫേസ് ഫോറി’ലൂടെ മുന്നോട്ടുപോകുകയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സും ഉടമകളായ ഡിസ്നി സ്റ്റുഡിയോയും. ഫേസ് ഫോറിലെ പതിനൊന്ന് ചിത്രങ്ങളില്‍ ‘ബ്ലാക് വിഡോ’, ‘ഷാങ് ചി’, ‘എറ്റേണല്‍സ്’ എന്നിവ പുറത്തിറങ്ങി മികച്ച കളക്ഷന്‍ നേടി. ഉടനെ റിലീസാകുന്ന ‘സ്പൈഡര്‍മാന്‍ – നോ വേ ഹോം’ മുന്‍ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടുമുള്ള എംസിയു ആരാധകര്‍ ഓരോ ചിത്രങ്ങള്‍ക്കും സീരീസുകള്‍ക്കുമായി ദിവസങ്ങളെണ്ണി കാത്തുനില്‍ക്കുന്നു.

ഇതിനിടയിലും സമൂഹമാധ്യമങ്ങളില്‍ മാര്‍വല്‍ ആരാധകരും വിരോധികളും തമ്മില്‍ വാക് പോര് തുടരുകയാണ്. ഗ്രീന്‍ സ്‌ക്രീനും വിഎഫ്എക്സും കൂടുതലായി ആശ്രയിക്കുന്ന, ഓര്‍ത്തിരിക്കാന്‍ ഒന്നും നല്‍കാത്തവയാണ് സൂപ്പര്‍ഹീറോ ചിത്രങ്ങളെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ‘ഞങ്ങള്‍ ഇത് നന്നായി ആസ്വദിക്കുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ പാട് നോക്കൂ’ എന്ന് മാര്‍വല്‍ ആരാധകരും. സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ കണ്ടുരസിച്ച ശേഷം ചിലര്‍ ബുദ്ധിജീവിനാട്യം കാണിക്കുകയാണെന്നും എംസിയു ആരാധകര്‍ കുറ്റപ്പെടുത്തുന്നു. കുറച്ചുകൂടി സീരിയസായ പ്ലോട്ടുകളും ‘ഡാര്‍ക്’ ആഖ്യാനരീതിയും പിന്തുടരുന്നതുകൊണ്ടാണോ എന്നറിയില്ല ഡിസിയുവിനും ആരാധകര്‍ക്കുമെതിരെ വിമര്‍ശനം ഇത്തിരി കുറവാണ്. ഡിസിയു പുറത്തിറക്കിയ ജോക്കര്‍, ബാറ്റ്മാന്‍ ട്രയോളജി തുടങ്ങിയവ നിരൂപക പ്രശംസ നേടിയിരുന്നു. റോബര്‍ട്ട് പാറ്റിന്‍സണെ ബാറ്റ്മാനാക്കി അവതരിപ്പിക്കുന്ന മാറ്റ് റീവ്‌സ് ചിത്രമാണ് ഡിസി ആരാധകര്‍ കാത്തിരിക്കുന്നത്.

സ്‌പൈഡര്‍മാന്‍: നോ വെ ഹോം

വര്‍ഷങ്ങളായി ഈ ‘അതിമാനുഷ സിനിമാ’ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിഹാസ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി സൂപ്പര്‍ ഹീറോ ചിത്രങ്ങളെ പുച്ഛിച്ച് രംഗത്ത് വന്നതോടെയാണ് ‘മാര്‍വല്‍ വേഴ്സസ് മാസ്റ്റേഴ്സ്’ അടി ചൂട് പിടിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ സ്‌കോസെസിയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമെത്തി. പ്രമുഖ സംവിധായകരില്‍ പലരും മാര്‍വലിനെ തള്ളിപ്പറഞ്ഞപ്പോള്‍ വേറിട്ടുനിന്നത് പോള്‍ തോമസ് ആന്‍ഡേഴ്സണിന്റെ (ദെയര്‍ വില്‍ ബി ബ്ലഡ്, ഫാന്റം ത്രെഡ്) പ്രതികരണമാണ്. താനും കുടുംബവും മാര്‍വല്‍ ആരാധകരാണെന്നും ഈയിടെ ഇറങ്ങിയ ഷാങ് ചിയും വെനം രണ്ടാം ഭാഗവും ഇഷ്ടപ്പെട്ടെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ‘മാര്‍വല്‍ ചിത്രങ്ങള്‍ കാണാറുണ്ടോ? സൂപ്പര്‍ ഹീറോ സിനിമകളേക്കുറിച്ച് എന്താണ് അഭിപ്രായം? സ്‌കോസെസിയുടെ നിലപാടിനോട് യോജിക്കുന്നോ?’ എന്നത് സംവിധായകരോടുള്ള ഒരു പതിവുചോദ്യമായി മാറിയിരിക്കുകയാണ്. വിഖ്യാത സംവിധായിക ജെയ്ന്‍ കാംപിയോണാണ് ഏറ്റവും ഒടുവിലായി അതിമാനുഷചിത്രങ്ങള്‍ക്കെതിരെ വെടി പൊട്ടിച്ചിരിക്കുന്നത്.

1, ജെയ്ന്‍ കാംപിയോണ്‍

ജെയ്ന്‍ കാംപിയോണ്‍, ബെനഡിറ്റ് കംബര്‍ബാച്ച്, കിഴ്‌സ്റ്റണ്‍ ഡണ്‍സ്റ്റ്

ആദ്യമായി പാം ഡിയോര്‍ നേടിയ വനിതാ സംവിധായികയെന്ന ചരിത്രം സൃഷ്ടിച്ചയാളാണ് ജെയ്ന്‍ കാംപിയോണ്‍. തന്റെ പുതിയ ചിത്രം ‘ദ പവര്‍ ഓഫ് ദ ഡോഗ്’ലെ പ്രധാന അഭിനേതാക്കള്‍ മാര്‍വല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണെന്ന കാര്യമൊന്നും ജെയ്ന്‍ നോക്കിയില്ല. ഡോക്ടര്‍ സ്‌ട്രേഞ്ചായി വേഷമിടുന്ന ബെനഡിറ്റ് കംബര്‍ബാച്ചും സ്‌പൈഡര്‍മാനില്‍ മേരി ജെയ്‌ന്റെ വേഷം ചെയ്ത കിഴ്സ്റ്റന്‍ ഡണ്‍സ്റ്റുമാണ് ‘ദ പവര്‍ ഓഫ് ദ ഡോഗ്’ലെ കേന്ദ്ര കഥാപാത്രങ്ങള്‍. എഎഫ്‌ഐ (അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്) മേളയില്‍ വെച്ച് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷമാണ് ‘പിയാനോ’ സംവിധായിക മാര്‍വലിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്. സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമേയല്ലെന്ന് ജെയ്ന്‍ പറഞ്ഞു. ‘വല്ലാത്ത ഒച്ചപ്പാടും വിഡ്ഢിത്തങ്ങളും. ഇടയ്ക്ക് ചിരിക്കാനുള്ളതുണ്ട്. പക്ഷെ, മുതിര്‍ന്നവര്‍ അടിവസ്ത്രം പുറത്തിട്ട് നടക്കുന്നതിലും തോളങ്കി അണിയുന്നതിലും എന്താണിത്രയുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല.’ താന്‍ ഒരിക്കലും ഒരു സൂപ്പര്‍ ഹീറോ ചിത്രം സംവിധാനം ചെയ്യില്ലെന്നും ഓസ്‌കര്‍ ജേതാവ് വ്യക്തമാക്കി.

2, ഡെനിസ് വല്‍നവ്

ഡെനിസ് വല്‍നവ്, ഹവിയര്‍ ബാര്‍ഡം/ ഡ്യൂണ്‍ ചിത്രീകരണത്തിനിടെ

തന്റെ ‘ഡ്യൂണ്‍’ മികച്ച നിരൂപക പ്രശംസ നേടിക്കൊണ്ട് മുന്നേറുന്നതിനിടയിലാണ് വല്‍നവിന്റെ കമന്റ്. മാര്‍വല്‍ ചിത്രങ്ങള്‍ ഓരോന്നും മറ്റൊന്നിന്റെ വെറും കട്ട് ആന്റ് പേസ്റ്റുകള്‍ മാത്രമാണെന്ന് സംവിധായകന്‍ പറഞ്ഞു. ‘ഇത്തരം സിനിമകള്‍ നമ്മളെയല്‍പം സോംബികളായി മാറ്റിയിരിക്കാം. പക്ഷെ, വലിയ പണച്ചെലവുള്ളതും ഉയര്‍ന്ന മൂല്യമുള്ളതുമായ ചിത്രങ്ങളും ഇന്നുണ്ടാകുന്നുണ്ട്.’ സിനിമയുടെ ഭാവിയുടെ കാര്യത്തില്‍ താന്‍ ഒരു ദോഷൈകദൃക്ക് അല്ലെന്നും ‘അറൈവല്‍’, ‘സികാരിയോ’, ‘ബ്ലേഡ് റണ്ണര്‍’, ‘പ്രിസണേഴ്സ്’, ‘എനിമി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വല്‍നവ് പറയുന്നു.

3, മാര്‍ട്ടിന്‍ സ്‌കോസെസി

മാര്‍ട്ടിന്‍ സ്‌കോസെസി, ലിയനാഡോ ഡികാപ്രിയോ

സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ് പോലെ നടന്നിരുന്ന സംഗതിയെ വലിയ ചര്‍ച്ചയാക്കി മാറ്റിയത് സ്‌കോസെസിയുടെ ഒറ്റ പ്രസ്താവനയാണ്. ‘അവഞ്ചേഴ്സ്’, ‘ക്യാപ്റ്റന്‍ അമേരിക്ക’, ‘അയണ്‍ മാന്‍’ പോലുള്ള ചിത്രങ്ങള്‍ മനുഷ്യരുടേത് അല്ലെന്ന് ഓസ്‌കര്‍ ജേതാവ് പറഞ്ഞു. ‘ഞാന്‍ കാണാറില്ല. ശ്രമിച്ചുനോക്കി, പറ്റുന്നില്ല. അതല്ല സിനിമ. വൈകാരികവും മാനസികവുമായ അനുഭവങ്ങള്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്ന ചലച്ചിത്രങ്ങളല്ല അവ.’ സംഭവം വിവാദമായതോടെ ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെ സ്‌കോസെസി നിലപാട് അല്‍പമൊന്ന് മയപ്പെടുത്തി. തനിക്ക് ഇത്തരം ചിത്രങ്ങളില്‍ താല്‍പര്യമില്ലെന്നും കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കില്‍ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടേനെയെന്നും ‘ടാക്‌സി ഡ്രൈവര്‍’ സംവിധായകന്‍ പ്രതികരിച്ചു.

4, ബോണ്‍ ജൂന്‍-ഹോ

പാരസൈറ്റിന് ലഭിച്ച ഓസ്‌കറുകളുമായി ബോണ്‍ ജൂന്‍-ഹോ

‘പാരസൈറ്റി’ലൂടെ ഓസ്‌കര്‍ നേടിയ ബോണ്‍ ജൂന്‍-ഹോ മാര്‍വല്‍ ചിത്രങ്ങളിലെ കോസ്റ്റിയൂമിനെയാണ് പരിഹസിച്ചത്. അത്രയും ഇറുക്കമുള്ള വസ്ത്രം ധരിച്ചവരെ കണ്ടാല്‍ തനിക്ക് ശ്വാസം മുട്ടുമെന്ന് ഹോ പറഞ്ഞു. ‘വ്യക്തിപരമായൊരു പ്രശ്‌നമാണ്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന സര്‍ഗാത്മകതയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ, സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും മുറുക്കമുള്ള വസ്ത്രം ധരിച്ചവരെ കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല. മാനസികമായി എനിക്കത് ബുദ്ധിമുട്ടുണ്ടാക്കും. എങ്ങോട്ട് നോക്കണമെന്ന അവസ്ഥയാകും. എനിക്ക് ശ്വാസം മുട്ടും. മിക്ക സൂപ്പര്‍ ഹീറോകളും ഇറുക്കമുള്ള വസ്ത്രമാണ് ധരിക്കുന്നത്. അതുകൊണ്ടെനിക്ക് ഒരു സൂപ്പര്‍ ഹീറോ ചിത്രം ഒരിക്കലും സംവിധാനം ചെയ്യാന്‍ കഴിയില്ല.’ വളരെ അയഞ്ഞ വേഷം ധരിക്കുന്ന ഒരു സൂപ്പര്‍ഹീറോ ഉണ്ടെങ്കില്‍ ശ്രമിച്ചുനോക്കാമെന്നും ‘മെമ്മറീസ് ഓഫ് മര്‍ഡര്‍’ സംവിധായകന്‍ പറഞ്ഞു.

5, റിഡ്‌ലി സ്‌കോട്ട്

റിഡ്‌ലി സ്‌കോട്ട്

‘ഏലിയന്‍’, ‘ബ്ലേഡ് റണ്ണര്‍’, ‘തെല്‍മ ആന്‍ഡ് ലൂയിസ്’, ‘ഗ്ലാഡിയേറ്റര്‍’, ‘ബ്ലാക് ഹോക് ഡൗണ്‍’, ‘ദ മാര്‍ഷ്യന്‍’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റിഡ്‌ലി സ്‌കോട്ട് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ ഒന്നുമല്ലെന്നാണ് പറഞ്ഞത്. ‘സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ എനിക്ക് താല്‍പര്യമേയില്ല. അതുകൊണ്ടാണ് ഒരിക്കലും അങ്ങനെയൊന്ന് ചെയ്യാത്തത്. പലരും പലപ്പോഴും എന്നോട് ചോദിച്ചു. സൂപ്പര്‍ഹീറോയുടെ അയഥാര്‍ത്ഥമായ സാഹചര്യത്തിലും ഇറുകിയ വസ്ത്രത്തിലും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല.’

6, ഫ്രാന്‍സിസ് ഫോഡ് കൊപ്പോള

ഫ്രാന്‍സിസ് ഫോഡ് കൊപ്പോള

സ്‌കോസെസിക്കെതിരെ പരിഹാസങ്ങളുയര്‍ന്നപ്പോള്‍ അര്‍ത്ഥശങ്കയില്ലാതെ ഒപ്പം നില്‍ക്കുകയാണ് മറ്റൊരു ഇതിഹാസ സംവിധായകനായ കൊപ്പോള ചെയ്തത്. ‘മാര്‍വല്‍ ചിത്രങ്ങള്‍ സിനിമകള്‍ അല്ലെന്ന് മാര്‍ട്ടിന്‍ സ്‌കോസെസി പറയുന്നെങ്കില്‍ അദ്ദേഹമാണ് ശരി. കാരണം, സിനിമയില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും മനസിലാക്കുന്നതിന് വേണ്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും പുതുതായി കിട്ടാന്‍, കുറച്ച് തിരിച്ചറിവുകളോ, അറിവോ, പ്രചാദനമോ അങ്ങനെ എന്തെങ്കിലും. ഒരു സിനിമ തന്നെ പിന്നേയും കണ്ടുകൊണ്ടിരുന്നാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടുമോയെന്ന് എനിക്കറിയില്ല. കുറച്ച് ദയ കാണിച്ചുകൊണ്ടാണ് മാര്‍വല്‍ ചിത്രങ്ങള്‍ സിനിമയല്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞത്. അവ ജുഗുപ്‌സാവഹമാണ് എന്ന് മാര്‍ട്ടിന്‍ പറഞ്ഞില്ല.’ താന്‍ അതിനെ അങ്ങനെത്തന്നെ വിശേഷിപ്പിക്കുകയാണെന്നും ‘ഗോഡ് ഫാദര്‍’ സംവിധായകന്‍ വിമര്‍ശനം കടുപ്പിച്ചു.

7, ഡേവിഡ് ക്രോണന്‍ബെര്‍ഗ്

ഡേവിഡ് ക്രോണന്‍ബെര്‍ഗ്

സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് ‘ദ ഫ്‌ളൈ’, ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’, ‘ക്രാഷ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്രോണന്‍ബെര്‍ഗിന്റെ അഭിപ്രായം. ‘ഒരു സൂപ്പര്‍ഹീറോ ചിത്രം എന്നുപറയുന്നത് കോമിക് ബുക്കില്‍ നിന്നുണ്ടാകുന്നതാണ്. അത് കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അതായിരുന്നു അതിന്റെ ആകര്‍ഷകത്വം. ‘ദ ഡാര്‍ക് നൈറ്റ് റൈസസ്’ മഹത്തായ സിനിമയാണെന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് അവരെന്ത് *ണ് പറയുന്നതെന്ന് പോലും അറിയില്ല. പരിഹാസ്യമായ ഒരു തോളങ്കി ധരിച്ച് ബാറ്റ്മാന്‍ ഇപ്പോഴും വട്ടംകറങ്ങി ഓടുകയാണ്. ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും മികച്ച ചിത്രം ‘മെമന്റോ’ ആണ്. അതേറെ താല്‍പര്യമുണര്‍ത്തുന്ന സിനിമയാണ്. മെമന്റോയേക്കാള്‍ 20 ദശലക്ഷം ഇരട്ടി പണം മുടക്കിയാണ് ബാറ്റ്മാന്‍ ചിത്രങ്ങള്‍ ചെയ്തതെങ്കിലും അവ അതിന്റെ പകുതി പോലും വരില്ല.’

8, അലഹാന്‍ഡ്രോ ഇന്യാരിറ്റു

ലിയനാഡോ ഡികാപ്രിയോ, അലഹാന്‍ഡ്രോ ഇന്യാരിറ്റു

സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ളതല്ലെന്നാണ് ‘ബേര്‍ഡ്മാന്‍’ലൂടെ ഓസ്‌കര്‍ നേടിയ ഇന്യാരിറ്റുവിന്റേയും അഭിപ്രായം. ‘ഒരു സൂപ്പര്‍ഹീറോ ചിത്രം ചെയ്യല്‍ എനിക്ക് അസാധ്യമാണ്. ഏഴ് വയസുള്ളപ്പോള്‍ സൂപ്പര്‍ഹീറോകളില്‍ അഭിനിവേശമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ, അവിടെ നിന്നും വളര്‍ച്ചയുണ്ടാകാതിരിക്കുന്നത് ഒരു രോഗമാണെന്നാണ് എന്റെ തോന്നല്‍.’

9, കെന്‍ ലോച്ച്

കെന്‍ ലോച്ച്

‘ഐ ഡാനിയല്‍ ബ്ലേക്ക്’, ‘സോറി വി മിസ്ഡ് യു’, ‘ദ വിന്‍ഡ് ദാറ്റ് ഷേക്‌സ് ദ ബാര്‍ലി’, ‘കെസ്’ എന്നീ ചിത്രങ്ങളിലൂടെ വിഖ്യാതനായ സംവിധായകനാണ് കെന്‍ ലോച്ച്. മാര്‍വല്‍ ചിത്രങ്ങള്‍ കച്ചവടച്ചരക്കുകള്‍ മാത്രമാണെന്നാണ് ബ്രിട്ടീഷ് സംവിധായകന്റെ പ്രതികരണം. ‘അവ ഹാംബര്‍ഗര്‍ പോലെയുണ്ടാക്കിയെടുക്കുന്ന വില്‍പനച്ചരക്കുകളാണ്. എന്തെങ്കിലും ആശയം വിനിമയം ചെയ്യുകയോ ഭാവന പങ്കുവെയ്ക്കുകയോ ചെയ്യുന്നില്ല. ഒരു വലിയ കോര്‍പറേറ്റ് കമ്പനിക്ക് ലാഭമുണ്ടാക്കല്‍ മാത്രമാണ് അതിലെ സംഗതി. അത് ദോഷകരമായ ഒരു പരിപാടിയാണ്. സിനിമ എന്ന കലയുമായി കച്ചവടത്തിന് ഒരു ബന്ധവുമില്ല.’ ‘പണം ചര്‍ച്ചയാകുമ്പോള്‍ കല അസാധ്യമാകുന്നു’ എന്ന വില്യം ബ്ലേക് (ഇംഗ്ലീഷ് കവി) വരികളും ലോച്ച് ഉദ്ധരിക്കുന്നു.

10, ലുക്രേസിയ മാര്‍ടെല്‍

ലുക്രേസിയ മാര്‍ടെല്‍

‘ഹോളിഗേള്‍’, ‘ദ ഹെഡ്‌ലെസ് വുമണ്‍’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അര്‍ജന്റൈന്‍ സംവിധായകയാണ് ലുക്രേസിയ മാര്‍ടെല്‍. മാര്‍വല്‍ ചിത്രങ്ങളിലെ സ്‌പെഷ്യല്‍ എഫക്ടുകളേയും സൗണ്ട് ട്രാക്കുകളേയുമാണ് മാര്‍ടെല്‍ വിമര്‍ശിച്ചത്. ‘സ്‌പെഷ്യല്‍ എഫക്ട്‌സില്‍ മാറ്റം വരുത്തണമെന്നാണ് ഞാന്‍ ആദ്യം ആവശ്യപ്പെടുക. അത്രയ്ക്ക് അസഹനീയമാണത്. മാര്‍വല്‍ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും ഭയങ്കരമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കാം. പക്ഷെ, ഒരു മാര്‍വല്‍ ചിത്രം കാണുകയെന്നത് വലിയ പാടാണ്.’ മാര്‍വല്‍ ചിത്രങ്ങള്‍ കണ്ടാല്‍ ചെവി വേദനിക്കുമെന്നും മാര്‍ടെല്‍ കുറ്റപ്പെടുത്തി.

UPDATES
STORIES