എസ് ഹരീഷിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ക്കെതിരെ ഹൈക്കോടതി. ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍ നഗരേഷാണ് പ്രസ്താവന നടത്തിയത്. ‘ചുരുളി’ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്. തൃശൂര്‍ സ്വദേശിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ചുരുളി ഒടിടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണ് ചിത്രമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനേത്തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിക്കും ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് നല്കി. സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

നവംബര്‍ 19ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ‘ചുരുളി’ റിലീസ് ചെയ്തത്. പ്രമേയത്തിലെ പുതുമ കൊണ്ടും കഥ പറച്ചില് രീതികൊണ്ടും ചിത്രം ഏറെ ശ്രദ്ധേയമായി. ദേശീയ മാധ്യമങ്ങളില്‍ അടക്കം മികച്ച അഭിപ്രായങ്ങളോടെ നിരൂപണങ്ങള്‍ വരികയും സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. ചുരുളിക്ക് രണ്ട് വിഭാഗങ്ങളിലായി ഏഷ്യന്‍ ഫിലിം അവാര്ഡ്സിലേക്ക് നോമിനേഷന് ലഭിച്ചു. പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ എ വി ഗോകുല്‍ദാസും സൗണ്ട് ഡിസൈനിങ്ങില്‍ രംഗനാഥ് രവിയുമാണ് പരിഗണിക്കപ്പെട്ടത്. നാല് ഭാഷകളില്‍ നിന്ന് തെരഞ്ഞെടുത്ത ഒരു സിനിമ ചുരുളിയായിരുന്നു.
കുറ്റവാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന, വനത്തിന് നടുവിലെ ‘ചുരുളി’ എന്ന ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. അക്രമോത്സുകരായ ചുരുളി നിവാസികള്‍ പരസ്പരം തെറിവിളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. ചുരുളിയുടെ വ്യാജപതിപ്പിനൊപ്പം ക്ലൈമാക്സിലെ രംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
ചുരുളിയിലെ കഥാപാത്രങ്ങളുടെ തെറിവിളി വിവാദമായതോടെ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. സോണി ലിവില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം സര്‍ട്ടിഫൈഡ് പതിപ്പ് അല്ലെന്ന് സിബിഎഫ്സി റീജിയണല്‍ ഓഫീസര്‍ പാര്‍വ്വതി വി അറിയിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്ട്ടിഫിക്കേഷന് റൂള്‍സ് 1983, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയതെന്നും സിബിഎഫ്സി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്കെയില് ‘ചുരുളി’ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെടുകയും മേളയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതില്‍ നിന്ന് വ്യത്യസ്തമായ പതിപ്പാണ് ഒടിടി റിലീസായെത്തിയത്. സ്ട്രീം ചെയ്യുന്നതിന് മുന്‍പ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ചിത്രമെന്ന് സോണി ലിവ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Also Read: ഗോകുല്‍ദാസ് അഭിമുഖം: കാലഘട്ടം പുനഃസൃഷ്ടിക്കല്‍ കരവിരുതാണ്, ഫാന്റസിയിലാണ് ക്രിയേറ്റിവിറ്റി