തെലുങ്കില്‍ സ്വാധീനം ശക്തമാക്കാന്‍ വിജയ്; വംശി പൈദിപ്പള്ളിയുടെ ‘ദളപതി 66’ ഏപ്രിലില്‍ തുടങ്ങും

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ ഇടമുണ്ടാക്കാനൊരുങ്ങി വിജയ്. ഇളയ ദളപതിയുടെ 66-ാമത് ചിത്രം തമിഴ്-തെലുങ്ക് ഭാഷകളിലായാണ് ഒരുക്കുക. തെലുങ്ക് ഹിറ്റ്‌മേക്കര്‍ വംശി പൈദിപ്പള്ളിയാണ് വിജയ്‌യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനെ നായകനാക്കി ‘മുന്ന’ ജൂനിയര്‍ എന്‍ടിആറിന്റെ ‘ബൃന്ദാവനം’, ‘യെവഡു’ (രാം ചരണ്‍, അല്ലു അര്‍ജുന്‍), ‘ഊപിരി’ (നാഗാര്‍ജുന, കാര്‍ത്തി), ‘മഹര്‍ഷി’ (മഹേഷ് ബാബു) എന്നീ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിച്ചയാളാണ് വംശി. ആക്ഷന്‍ കോമഡികളും ക്രൈം ത്രില്ലര്‍ ചിത്രങ്ങളും ഇഷ്ട ഴോണ്‍റയായ വംശി വിജയ്‌ക്കൊപ്പം ചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന കൗതുകത്തിലാണ് പ്രേക്ഷകര്‍.

പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ‘ദളപതി 66’ ഇപ്പോള്‍. ശ്രീ വെങ്കിടേശ്വര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, ശിരീഷ് എന്നിവരാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. കേന്ദ്ര കഥാപാത്രത്തെ വിജയ് അവതരിപ്പിക്കുമെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപൂര്‍വ്വ മാനസികനിലയായ ‘ഇറോട്ടാമാനിയ’ (തന്നെ ഒരു പ്രത്യേക വ്യക്തി പ്രണയിക്കുന്നുണ്ടെന്ന മിഥ്യാധാരണ) നേരിടുന്ന ഒരു യുവാവിനെയാണ് വിജയ് അവതരിപ്പിക്കുന്നതെന്നും ചിത്രമൊരു റൊമാന്റിക് കോമഡിയാണെന്നും സൂചനയുണ്ട്. തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങള്‍ കൂടി പ്രൊജക്ടിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ബീസ്റ്റി’ന്റെ റിലീസിന് ശേഷമാകും കാസ്റ്റ് ആന്‍ഡ് ക്രൂ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിടുക.

വംശി പൈദിപ്പള്ളി, ദില്‍ രാജു. വിജയ്

നെല്‍സണ്‍ ദിലീപ് കുമാറിന്റെ ബീസ്റ്റ് ചിത്രീകരണം കഴിഞ്ഞെങ്കിലും വിജയ് മൂന്ന് മാസത്തേക്ക് ഇടവേളയെടുക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ബീസ്റ്റ് ജനുവരിയില്‍ തിയേറ്ററുകളിലെത്തും. ശിവ കാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ഡോക്ടറി’ന് ശേഷം വലിയ പ്രതീക്ഷയോടെയാണ് അടുത്ത നെല്‍സണ്‍ ചിത്രത്തെ വിജയ് ആരാധകര്‍ കാത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ ബീസ്റ്റില്‍ മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു പ്രധാന വേഷത്തിലുണ്ട്.

UPDATES
STORIES