ബീസ്റ്റിന് ശേഷം വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’ സംബന്ധിച്ച് പുതിയ അഭ്യൂഹം. തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തിനുവേണ്ടിയാണ് ലോകേഷ് ‘ദളപതി 67’ ന്റെ തിരക്കഥ തയ്യാറാക്കിയതെന്നും പിന്നീടത് വിജയ്ക്കുവേണ്ടി മാറ്റുകയായിരുന്നു എന്നുമാണ് എന്റർടെന്‍മെന്റ് ടെെംസ് അടക്കം പങ്കുവയ്ക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ രജനികാന്ത് നായക വേഷത്തിലെത്തുന്ന ചിത്രമായാണ് ‘ദളപതി 67’ ന്റെ തിരക്കഥ ലോകേഷ് തയ്യാറാക്കിയത്. എന്നാല്‍ രജനികാന്ത് ചിത്രത്തിന് തയ്യാറാകാതെ വന്നതോടെ തിരക്കഥ തിരുത്തി വിജയെ സമീപിക്കുകയായിരുന്നു സംവിധായകന്. കഥ ഇഷ്ടമായ താരം ചിത്രത്തിന് തയ്യാറായതോടെയാണ് ‘ദളപതി 67’ വിജയ് ചിത്രമായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ ഒന്നും സംവിധായകനില്‍ നിന്ന് ഉണ്ടായിട്ടില്ല. മുന്‍പ് രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രമെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
അതേസമയം, ‘ദളപതി 66’ എന്ന ടെറ്റലില് വംശി പെടിപ്പള്ളി ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ചെന്നൈയില്‍ പൂര്‍ത്തിയായി. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം 2022 ദീപാവലി റിലീസായി എത്തുമെന്നാണ് സൂചന. എസ്എസ് തമ്മനാണ് ചിത്രത്തിന് സംഗീതം തയ്യാറാക്കുന്നത്.
കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ ജൂണ്‍ 3 തിയറ്ററുകളിലെത്തും.