സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലിനേത്തുടര്‍ന്നാണ് ‘മരക്കാര്‍’ ഉള്‍പ്പെടെയുള്ള ‘മോഹന്‍ലാല്‍ പാക്കേജ്’ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തന്നെ ആദ്യമെത്തിക്കാനുള്ള വഴി തുറന്നത്. സിനിമാസംഘടനാ നേതാക്കളും നിര്‍മ്മാതാക്കളും തമ്മില്‍ വാക് പോര് തുടര്‍ന്ന സമയത്തും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള ഇടവും സാധ്യതയും തുറന്നിട്ടു. സിനിമകള്‍ ഒടിടിയിലേക്ക് പോകുന്ന പ്രവണത സിനിമാ വ്യവസായത്തിന്റെ നിലനില്പിനെ ബാധിക്കുമെന്ന നിരീക്ഷണമാണ് സര്‍ക്കാരിനുള്ളത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണിതെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചൂണ്ടിക്കാട്ടുന്നു. എല്ലാ സിനിമകളും തിയേറ്ററില്‍ റിലീസ് ചെയ്യണം. ഒരു സിനിമയും ഒടിടിയില്‍ പോകാന്‍ പാടില്ല. സര്‍ക്കാരിനും വലിയ നഷ്ടം സംഭവിക്കും. ഈ ട്രെന്‍ഡ് വന്നാല്‍ വലിയ പ്രയാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കാരിന് തിയേറ്ററുകളുള്ളതും തിയേറ്ററിലെ വിനോദ നികുതി വഴിയുള്ള വരുമാനവുമാണ് സജി ചെറിയാന് പരോക്ഷമായി പരാമര്‍ശിച്ചത്.
മോഹന്‍ലാല്‍ നായകനായ അഞ്ച് ചിത്രങ്ങളാണ് ഒടിടി റിലീസിന് ആലോചിച്ചിരുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ‘ട്വല്‍ത് മാന്‍’, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’, മോഹന്‍ലാലിനെ ബോക്സിങ്ങ് താരമായി അവതരിപ്പിക്കുന്ന പ്രിയദര്ശന് ചിത്രം, ഷാജി കൈലാസിന്റെ ‘എലോണ്‍’ എന്നിവയുള്‍പ്പെടെ. മെഗാഹിറ്റ് ചിത്രം ‘പുലിമുരുകന്’ ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ‘മോണ്‍സ്റ്റര്‍’ഉം ഒരു പക്ഷെ നേരിട്ട് ഒടിടിയിലേക്ക് പോയേനെ. മലയാള സിനിമാ ഇന്ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹന്‍ലാലിന്റെ സിനിമകള്‍ തിയേറ്ററിലെത്തിയില്ലെങ്കില് സര്‍ക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാകുമായിരുന്നു. തിയേറ്ററുകളുമായി നേരിട്ടും അല്ലാതേയും ബന്ധപ്പെട്ടുനില്ക്കുന്ന സമ്പദ്വ്യവസ്ഥ കൂടിയാണ് സര്‍ക്കാരിനെ വലിയ ചിത്രങ്ങളുടെ ‘ഫാന്‍ ബോയ്’ ആക്കുന്നത്.

ഡിസംബര്‍ രണ്ടിനാണ് ‘മരക്കാര്‍’ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 31വരെ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിന്നുള്ള വരുമാനം മുന്നില്‍ കണ്ടാണ് ഈ നീക്കം. വിനോദ നികുതി ഇനത്തില്‍ അഞ്ച് ചിത്രങ്ങളില്‍ നിന്നായി സംസ്ഥാന സര്‍ക്കാരിന് ഏകദേശം 35 കോടി രൂപ ലഭിക്കും. ഇതുകൂടാതെ സാംസ്കാരിക ക്ഷേമനിധി വിഹിതമായി 15 കോടിയോളം രൂപയും പൊതുഖജനാവിലെത്തും. ഒരു ടിക്കറ്റില്‍ നിന്ന് മൂന്ന് രൂപയാണ് ക്ഷേമനിധിയായി തിയേറ്ററുകളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്നത്. മോഹന്‍ലാല്‍ പാക്കേജ് ചിത്രങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന് കുറഞ്ഞത് 350-375 കോടി രൂപ കളക്ഷന്‍ നേടുമെന്ന് വിലയിരുത്തലുണ്ട്. പടങ്ങള്‍ പ്രതീക്ഷതിലും വലിയ വിജയമായാല്‍ സര്‍ക്കാരിന്റെ സ്വന്തം ബോക്സ് ഓഫീസിലും അതിനനുസരിച്ച് കളക്ഷന്‍ ഉയരും.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിലാണ് കേരളം. ദിവസ വേതനക്കാരും വ്യാപാരികളും ഉള്‍പ്പെടെ വലിയൊരു ശതമാനം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മെച്ചമുണ്ടാകണമെങ്കില് വിപണി ഉഷാറാകണം. പല അടരുകളായി കിടക്കുന്ന സാമ്പത്തിക വ്യവസ്ഥയില്‍ പണം രക്തം പോലെ ഒഴുകിയാലേ പുത്തനുണര്വ്വുണ്ടാകൂ. ഇവിടെയാണ് തിയേറ്ററിനോട് അനുബന്ധിച്ചുള്ള സമ്പദ്വ്യവസ്ഥ നിര്‍ണായകമാകുന്നത്. ആളുകള്‍ പുറത്തിറങ്ങി പണം ചെലവാക്കുമ്പോഴാണ് മറ്റുള്ളവരുടെ കൈയിലേക്ക് ആ കാശെത്തുക. കുടുംബസമേതം തിയേറ്ററിലെത്തുന്നവരും സുഹൃദ് സംഘങ്ങളും പലപ്പോഴും അതിനെ ‘ഒരു ഔട്ടിങ്ങ്’ ആയി കൂടിയാണ് കാണുന്നത്. തിയേറ്ററിലെ കഫെറ്റീരിയയും സമീപത്തുള്ള പെട്ടിക്കടയും ബേക്കറിയുമെല്ലാം തിയേറ്റര്‍ ‘ഫുട് ഫാള്‍സി’ന്റെ ഗുണഭോക്താക്കളാണ്. പടം കാണാന്‍ വരുന്നവര്‍ ‘ഇന്നത്തെ ഫുഡ് പുറത്ത് നിന്ന് കഴിക്കാം’ എന്ന് തീരുമാനിക്കുമ്പോള്‍ ഹോട്ടലിനും അതിലൂടെ തൊഴിലാളിക്കും വരുമാനമാകും. ചെറിയ ഷോപ്പിങ്ങ് കൂടി നടത്തുമ്പോള്‍ വ്യാപാരികള്‍ക്കും കച്ചവടം കിട്ടും. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും തിയേറ്ററിലെ ആള്‍തിരക്ക് കൂടുതല്‍ ഓട്ടം തരുന്ന വകുപ്പാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ‘ഒരു ചിത്രവും ഒടിടിയില്‍ പോകാന്‍ പാടില്ല’ എന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. തങ്ങള്‍ ഒടിടി ചിത്രങ്ങള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തുകയുണ്ടായി. ഒടിടി റിലീസുകളും തിയേറ്റര്‍ സിനിമകളും ഒരുമിച്ച് പോകണമെന്നാണ് ഫെഫ്കയുടെ നിലപാട്. തിയേറ്ററുകള്‍ക്കായി എടുത്ത ചിത്രങ്ങള്‍ തിയേറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജോലി സാധ്യതയാണ് ഒടിടി വഴിയുണ്ടാകുന്നത്. സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍ അവയ്ക്കൊപ്പം മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. ടെലിവിഷന്‍ വന്നപ്പോള്‍ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. രണ്ടും ഒരുമിച്ച് പോകുന്നതാണ് പിന്നീട് കണ്ടതെന്നും ഫെഫ്ക ചൂണ്ടിക്കാണിക്കുന്നു.