ആരാണ് ബിടിഎസ് ബോയ്‌സ്? കഷ്ടപ്പാടില്‍നിന്നും ലോകറെക്കോര്‍ഡിലേക്ക് വളര്‍ന്ന ബാന്‍ഡിന്റെ കഥ

ജിന്‍, സുഗ, ജെ ഹോപ്, ജിമിന്‍, വി, ജങ് കൂക്… സൗത്ത് കൊറിയയില്‍ നിന്നും ലോക സംഗീതത്തെ കൈപ്പിടിയിലൊതുക്കിയ ഏഴ് യുവ സംഗീതരാജാക്കന്മാര്‍. ഓരോ പുതിയ ആല്‍ബവും സൃഷ്ടിക്കുന്നത് പുത്തന്‍ റെക്കോര്‍ഡുകള്‍, ലോകമെങ്ങും ആരാധകര്‍. ലോകപ്രശസ്ത ബാന്‍ഡായി മാറിക്കഴിഞ്ഞ ബിടിഎസ് ബോയ്‌സ്… ഈ പ്രശസ്തിക്കും വളര്‍ച്ചയ്ക്കും പിന്നില്‍ വലിയ കഠിനാധ്വാനത്തിന്റെയും അനുഭവിച്ച ദാരിദ്ര്യത്തിന്റെയും കഥ പറയാനുണ്ട് ഈ ചെറുപ്പക്കാര്‍ക്ക്.

ബിടിഎസിന്റെ തുടക്കവും വളര്‍ച്ചയും

സൗത്ത് കൊറിയയിലെ ബിഗ് ഹിറ്റ് എന്റര്‍ടൈന്‍മെന്റ് 2010-ലാണ് ‘ബിടിഎസ്’ ബാന്‍ഡിന് രൂപം നല്‍കിയത്. ഇംഗ്ലീഷില്‍ ബുള്ളറ്റ്പ്രൂഫ് ബോയ് സ്‌കൗട്ട് എന്ന് അര്‍ത്ഥം വരുന്ന കൊറിയന്‍ പ്രയോഗം ‘ബങ്താന്‍ സൊന്യോന്ദാന്‍’ എന്ന വാക്കാണ് ബിടിഎസ് ആയി പരിണമിച്ചത്. തെരുവ് റാപ്പര്‍മാരെയും നര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തിയ ഓഡീഷനിലൂടെയായിരുന്നു ടീമംഗങ്ങളെ തെരഞ്ഞെടുത്തത്.

ഫോട്ടോ Cindy Ord/WireImage

ബിഗ് ഹിറ്റിന്റെ സിഇഒ ബാങ് സി ഹ്യൂക്, റാപ്പര്‍ ആര്‍.എമ്മിനെ കണ്ടുമുട്ടിയതോടെയാണ് ബിടിഎസ് ബാന്‍ഡിന് തുടക്കമായതെന്ന് പറയാം. ഹ്യൂകിനെ ആര്‍.എമ്മിന്റെ റാപ് ഹഠാതാകര്‍ഷിച്ചു. 90-കളില്‍ കൊറിയയില്‍ സജീവമായിരുന്ന ‘സ്യോ തെയ്ജി ആന്‍ഡ് ബോയ്‌സ്’ എന്ന പ്രമുഖ ഗ്രൂപ്പിന് സമാനമായി ബാന്‍ഡ് ആരംഭിക്കാന്‍ ഹ്യൂക് തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളെയും ടീമിലേക്ക് തെരഞ്ഞെടുത്തു.

ആര്‍.എം, ഫോട്ടോ: ബില്‍ബോര്‍ഡ്‌

തുടക്കത്തില്‍ ബിഗ് ഹിറ്റ് കമ്പനി വമ്പന്‍ നഷ്ടത്തിലൂടെയായിരുന്നു കടന്നുപോയത്. വിജയിച്ചു നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയഭേദകമായ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ടാകും. പരിശ്രമത്തിന്റെ, തോല്‍വിയുടെ, പോരാടിയതിന്റെ… അങ്ങനെ പലതും. ബിടിഎസ് താരങ്ങളും ഇവയില്‍നിന്നൊന്നും വ്യത്യസ്തരായിരുന്നില്ല. ഉദാഹരണത്തിന് ബിടിഎസില്‍ എത്തുന്നതിന് മുമ്പ് ന്യൂറോണ്‍ എന്ന പ്രാദേശിക ഡാന്‍സ് ടീമിലെ അംഗമായിരുന്നു ജെ ഹോപ്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നവരാണ് ബിടിഎസിലെ ഓരോ അംഗങ്ങളും.

ജെ ഹോപ്, ഫോട്ടോ: ബില്‍ബോര്‍ഡ്‌

മുന്നോട്ടുകൊണ്ടുപോകാന് പണമില്ലാതിരുന്ന ഒരു ഘട്ടത്തില്‍ ബാന്‍ഡ് പിരിച്ചുവിടലിന്റെ വരെ വക്കിലെത്തിയിരുന്നെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ബാന്‍ഡംഗങ്ങള്‍ മറ്റ് ജോലികള്‍ ചെയ്ത് പണം കണ്ടെത്തിയും ആത്മവിശ്വാസത്തോടെ തിരിച്ചടികളെ തരണം ചെയ്തുമാണ് മുന്നോട്ടുനീങ്ങിയത്. വലിയ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ഒടുവില്‍ ആ ചെറുപ്പക്കാര്‍ ലോക സംഗീതത്തിന്റെ നെറുകയിലെത്തി.

ജിന്‍, ഫോട്ടോ: ബില്‍ബോര്‍ഡ്‌

കെ പോപ് എന്നറിയപ്പെടുന്ന കൊറിയന്‍ സംഗീത ശ്രേണിയുടെ ഭാഗം തന്നെയാണ് ബിടിഎസ്. ഇലക്ട്രോണിക്, ഹിപ്-ഹോപ്, റോക്ക്, ആര്‍&ബി, റാപ് എന്നിവയുടെ സമ്മിശ്രരൂപമാണത്. കൊറിയയില്‍ 90-കള്‍ക്ക് മുമ്പുണ്ടായിരുന്ന മ്യൂസിക് ഴോണ്‍റെയാണ് കെ പോപ്. 2000ത്തിന് ശേഷം കെ പോപ് വീണ്ടും സജീവമാവുകയായിരുന്നു.

മ്യൂസിക് നിയമങ്ങള്‍ മാറ്റിയെുതി ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയതിന് പിന്നില്‍…

ഓഡീഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴുപേര്‍ക്കും ബിഗ് ഹിറ്റ് ഡാന്‍സ്, പാട്ട്, അഭിനയം, മാധ്യമ പരിശീലനം തുടങ്ങിയ ട്രെയിനിങ്ങുകള്‍ നല്‍കി. കോളെജില്‍ പഠിപ്പിക്കുന്നതിന് സമാനമായ പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയതെന്ന് ഹ്യൂക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 13നും 20നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായിരുന്നു ഇവര്‍. മൂന്നുവര്‍ഷത്തെ കഠിന പരിശീലനം. ശേഷം 2013ല്‍ ‘നോ മോര്‍ ഡ്രീം’ എന്ന ഗാനവുമായി ബിടിഎസ് ബോയ്‌സ് കാണികള്‍ക്ക് മുമ്പിലെത്തി.

നോ മോര്‍ ഡ്രീം അവതരിപ്പിച്ച വേദിയില്‍

റാപ്പര്‍മാരില്‍ കേന്ദ്രീകരിച്ചുള്ള ഹിപ്-ഹോപ് സംഘമായിട്ടായിരുന്നു ബിടിഎസിന്റെ ആദ്യ രൂപം. പിന്നീട് പതിയെ അമേരിക്കന്‍ ഐഡല്‍ മോഡലിലേക്ക് രൂപാന്തരം പ്രാപിച്ചു.

2013-ല്‍ ഇറങ്ങിയ ആദ്യ ആല്‍ബം ‘2 കൂള്‍ 4സ്‌കൂള്‍’ പണം വാരി. റിലീസ് ചെയ്ത് ആദ്യമാസം തന്നെ കൊറിയയിലെ മികച്ച ആല്‍ബങ്ങളില്‍ പത്താംസ്ഥാനത്തെത്തി. ആല്‍ബത്തിന്റെ ശീര്‍ഷകഗാനമായിരുന്ന ‘നോ മോര്‍ ഡ്രീം’ കൊറിയന്‍ യുവത പലഘട്ടങ്ങളില്‍ നേരിടേണ്ടിവന്ന സമ്മര്‍ദ്ദത്തിന്റെ പകര്‍പ്പായി വ്യാഖ്യാനിക്കപ്പെട്ടു.

ജിമിന്‍, ഫോട്ടോ: ബില്‍ബോര്‍ഡ്‌

കരിയറിന്റെ തുടക്കത്തില്‍ ഇവര്‍ ഏഴുപേരും സൗത്ത് കൊറിയയിലെ ഒരു ഇടുങ്ങിയ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ബിടിഎസ് ബോയിസിന്റെ ജീവിതചര്യകള്‍ ദിനംപ്രതി ചര്‍ച്ചയായപ്പോള്‍, ഈ താമസരീതിയും വാര്‍ത്തയായിരുന്നു. ഒരുമിച്ച് താമസിച്ച്, ഒരുമിച്ച് പ്രാക്ടീസ് ചെയ്ത്, ഒരുമിച്ച് വേദികളില്‍ പ്രകടനം നടത്തുന്നതായിരുന്നു ബിടിഎസ് ബോയ്‌സിന്റെ രീതി. ഇന്ന് കൊറിയയിലെ ധനികര്‍ താമസിക്കുന്ന പ്രദേശത്ത് ആഢംബര വീടുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍.

വി, ഫോട്ടോ: ബില്‍ബോര്‍ഡ്‌

സന്ദേശമുള്‍പ്പെടുന്ന ആല്‍ബങ്ങളും വൈവിധ്യമാര്‍ന്ന വരികളും

അര്‍ത്ഥവത്തായ വരികളോടെയാണ് ഓരോ ആല്‍ബവും ബിടിഎസ് പുറത്തിറക്കുന്നത്. കൊറിയന്‍ ഭാഷയിലാണ് മിക്ക പാട്ടുകളും. സ്ത്രീ ഉന്നമനവും ജീവിതത്തിന്റെ കാഠിന്യങ്ങളെ ആസ്വദിച്ച് മുന്നേറണമെന്ന സന്ദേശവും ബിടിഎസ് വരികളിലൂടെ ആഹ്വാനം ചെയ്യുന്നു. ‘ബട്ടര്‍ഫ്‌ളൈ’ എന്ന പാട്ടിലെ വരികള്‍ ഇവയ്ക്ക് കൂടുതല്‍ മാനം നല്‍കുന്നുണ്ട്.

ഫോട്ടോ: ട്വിറ്റര്‍

സമൂഹത്തിലെ അലിഖിത ലിംഗ നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ബിടിഎസ് ബോയ്‌സിന്റെ ഓരോ പ്രകടനവും. പൊതുവെ സ്‌ത്രൈണ സ്വഭാവമെന്ന് പറയപ്പെടുന്ന കളറുകളും വസ്ത്രങ്ങളും മേക്കപ്പും അണിഞ്ഞ് ഏഴുപേരും വേദികളില്‍ നിറഞ്ഞാടി. അമേരിക്കന്‍ ഷോയില്‍ പോലും പൗരുഷം പ്രകടിപ്പിക്കാന്‍ ഇവര്‍ മെനക്കെട്ടില്ല. അതുവരെയുണ്ടായിരുന്ന വാര്‍പ്പുമാതൃകകളെ അവര്‍ വകവെച്ചില്ല. പാട്ടിനോടൊപ്പം ചടുലമായ ചുവടുകളും പ്രേക്ഷകരെ ആകര്‍ഷിച്ചു.

മാനസികാരോഗ്യം, സെലിബ്രിറ്റികളുടെ സ്വകാര്യത തുടങ്ങി കൊറിയയില്‍ സംഗീത വിഷയങ്ങള്‍ക്ക് പൊതുവെ ഭ്രഷ്ട് കല്‍പിക്കപ്പെട്ട വിഷയങ്ങളിലും വരികളെഴുതാന്‍ ഇവര്‍ മടിച്ചില്ല. പ്രശസ്തിയുടെ ഇരുണ്ട വശങ്ങളും ബിടിഎസ് ആല്‍ബങ്ങളില്‍ തുറന്നുകാണിച്ചു. ഒപ്പം കൊറിയന്‍ ജനതയുടെ സാമൂഹിക പ്രശ്‌നങ്ങളും ആല്‍ബങ്ങള്‍ക്ക് വിഷയമായി. വലിയ ആസ്തി കൈവന്നതിന് ശേഷം ഇവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. അമേരിക്കയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കാമ്പയിനിന് ഒരു മില്യണ്‍ ഡോളര്‍ ബിടിഎസ് സംഭാവന ചെയ്തു.

ജങ് കൂക്, ഫോട്ടോ: ബില്‍ബോര്‍ഡ്‌

2018ല്‍ പുറത്തിറങ്ങിയ ‘ലവ് യുവര്‍സെല്‍ഫ്’ എന്ന സീരീസ് ബിടിഎസിന്റെ ബെസ്റ്റ് സെല്ലിങ് ആല്‍ബമായി. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്കയിലും യൂറോപ്പിലും ഈ സീരീസ് ബാന്‍ഡിന് വലിയ പ്രചാരവും സ്വീകര്യതയും നല്‍കി. കൊവിഡ് ലോക്ഡൗണിന്റെ സമയത്തിറങ്ങിയ ഡൈനാമിറ്റ് എല്ലാ സീമകളെയും തകര്‍ത്ത് മുന്നേറി. 2020 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ഈ ആല്‍ബം യൂട്യൂബില്‍ 24 മണിക്കൂറുകൊണ്ട് 100 മില്യണ്‍ കാഴ്ചക്കാരെ നേടി.

സുഗ, ഫോട്ടോ: ബില്‍ബോര്‍ഡ്‌

2021 മെയ് മാസത്തില്‍ ഇറങ്ങിയ ബട്ടറും ജൂണിലിറങ്ങിയ പെര്‍മിഷന്‍ ടു ഡാന്‍സും ഹിറ്റായി. ചുരുക്കത്തില്‍, വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിം തെ-ഹ്യങ്, ജങ് ഹോ-സ്യോക് എന്ന ജെ ഹോപ്, ആര്‍ എം എന്ന അപരനാമത്തിലുള്ള കിം നാംജൂന്‍, ജിന്‍ എന്ന പേരിലുള്ള കിം സ്യോക്-ജിന്‍, പാര്‍ക് ജി-മിന്‍ എന്ന ജിമിന്‍, കൂക് എന്ന് വിളിക്കുന്ന ജ്യോന്‍ ജങ്, സുഗ എന്ന മിന്‍ യൂന്‍-ജി എന്നിവര്‍ തങ്ങളുടെ ലോകറെക്കോര്‍ഡുകള്‍ ഭേദിച്ച് ദിനംപ്രതി വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു.

ഫോട്ടോ: വോക്‌സ്

ആര്‍മി

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ബിടിഎസിന്റെ ആരാധകരെയാണ് ആര്‍മി എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കുന്നത്. ആര്‍മിക്കുവേണ്ടി സംഗീതമൊരുക്കുന്നു എന്ന തരത്തിലാണ് ബിടിഎസ് ബോയ്‌സ് ഓരോ ആല്‍ബവും പുറത്തിറക്കിയത്.

അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോഴും അവരതിനെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ‘ആര്‍മി അവാര്‍ഡ് നേടി’ എന്ന വിശേഷണത്തോടെയാണ്. എല്ലാ വേദികളിലും ബിടിഎസ് ബോയ്‌സ് ആരാധകരെ പ്രത്യേകം പരിഗണിച്ചു.

അവരോടുള്ള നന്ദിയും കടപ്പാടും ആവര്‍ത്തിച്ച് പറഞ്ഞു. കേരളത്തിലും ബിടിഎസ് ബാന്‍ഡിന് ആരാധകരേറെയാണ്. കൊവിഡ് കാലത്തെ വിരസത ബിടിഎസ് ബോയ്‌സിന്റെ ഊര്‍ജ്ജസ്വലമായ പ്രകടനങ്ങളിലൂടെയാണ് മറികടന്നതെന്ന് ‘ആര്‍മികള്‍’ പറയുന്നു.

ഫോട്ടോ: ഇന്‍സ്റ്റഗ്രാം, ബിടിഎസ് ഒഫീഷ്യല്‍
UPDATES
STORIES