‘പുഴു’വിന്റെ കഥയാണ് എന്നെ ആവേശം കൊള്ളിച്ചത്: മമ്മൂട്ടി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായിക റത്തീന പി.ടി ഒരുക്കുന്ന ചിത്രം ‘പുഴു’ നേരിട്ട് ഒടിടി റിലീസിനെത്തും എന്ന് നേരത്തേ മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സോണി ലിവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പുഴുവും ദുൽഖർ സൽമാന്റെ ചിത്രമായ സല്യൂട്ടും സോണി ലിവ് തന്നെയാണ് പ്രീമിയർ ചെയ്യുന്നത്. ഇരു ചിത്രങ്ങളും നിർമിക്കുന്നത് ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫറെർ ഫിലിംസ് തന്നെയാണ്. അച്ഛന്റേയും മകന്റേയും സിനിമകൾ ഒരേസമയം സോണി ലിവിൽ എത്തുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

അതേസമയം പുഴു എന്ന ചിത്രത്തിന്റെ കഥയാണ് തന്നെ ആവേശം കൊള്ളിച്ചതെന്നും തങ്ങൾ വിശ്വസിച്ച ഒരു കഥ പ്രേക്ഷകർക്ക് മുന്നിലേക്ക് നൽകുകയാണെന്നും മമ്മൂട്ടി പ്രതികരിച്ചു.

“പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം ആവേശം കൊള്ളിച്ചിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെത്തന്നെ പുനർ നിർമിക്കുക എന്നതും പുതുമയുള്ളതും കൂടുതൽ ആവേശകരവുമായ സിനിമകൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലൊരു ചുവടുവയ്പ്പാണ്. ഞങ്ങൾ വിശ്വസിച്ച ഒരു കഥ ഞങ്ങളുടെ നൂറ് ശതമാനം നൽകി നിങ്ങളിലേക്കേത്തിക്കുയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” മമ്മൂട്ടി പറഞ്ഞു.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഹർഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ടാണ് പുഴുവിനറെ തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.

സല്യൂട്ടിന്റേയും ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. എസ്.ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. 

UPDATES
STORIES