‘സെക്സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ സിനിമയിലുണ്ട്’, പലതും പുറത്തുപറയാത്തത് ജീവഭയം കൊണ്ടെന്ന് പാർവതി തിരുവോത്ത്

സെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവർ മലയാള സിനിമാ മേഖലയിലുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ഇതിനെക്കുറിച്ച് വിശദമായി ഹേമാ കമ്മിറ്റിക്ക് മുന്നിൽ പറഞ്ഞിട്ടുള്ളതാണെന്നും ജീവഭയമുള്ളതുകൊണ്ടാണ് പലതും പുറത്തു പറയാത്തതെന്നും പാർവതി പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് മൊഴി കൊടുത്തവരെ ഓർത്തല്ലെന്നും ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരാതിരിക്കാനുമാണെന്നും നടി അഭിപ്രായപ്പെട്ടു.  റിപ്പോർട്ടർ ടിവിയുടെ എഡിറ്റേസ് അവറിലായിരുന്നു പാർവതിയുടെ പ്രതികരണം.

“സെക്സ് റാക്കറ്റടക്കം പല പല കാര്യങ്ങൾ ഫെസിലിറ്റേറ്റ് ചെയ്യുന്നവർ ഇൻഡസ്ട്രിക്ക് അകത്തുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായിത്തന്നെ കമ്മിറ്റിക്ക് മുന്നിൽ നമ്മൾ പറഞ്ഞിട്ടുണ്ട്. അത് പുറത്തുവരാത്തത് എന്തുകൊണ്ടാണ് എന്നത് വ്യക്തമാണ്. ഇൻഡസ്ട്രിയിൽ സെക്സ് റാക്കറ്റുണ്ട് എന്ന് പറയുന്നത് ഒരു രീതിയിലും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഒറ്റക്ക് പോയി കണ്ടാൽ മതി, കോംപ്രോമൈസ്‌ ചെയ്യൂ എന്നൊക്കെ ആവശ്യപ്പെടുന്ന അനുഭവങ്ങൾ ഞാനടക്കമുള്ള സ്ത്രീകൾക്ക് ഉണ്ടായിട്ടുണ്ട്. ഇതിനെപ്പറ്റിയുള്ള വിശദാംശങ്ങൾ പേരുകൾ അടക്കം ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്.” — പാർവതി തിരുവോത്ത്.

“ഹേമാ കമ്മിറ്റിയിൽ ഞാനും മൊഴികൊടുത്ത ആളാണ്. ഈ മൂന്നംഗ കമ്മിറ്റിക്ക് മുന്നിലിരുന്ന് ഞാനടക്കമുള്ളവർ എട്ട് മണിക്കൂറോളം ഞങ്ങൾക്കെതിരെ നടന്നിട്ടുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ വിശദീകരിച്ചപ്പോൾ ആശ്ചര്യത്തോടെ പ്രതികരിച്ചവരാണ് അവർ. അതിൽ ശാരദ പറയുന്നു റിപ്പോർട്ട് കോൺഫിഡൻഷ്യൽ ആക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന്. ജസ്റ്റിസ് ഹേമ പറയുന്നു കോൺഫിഡൻഷ്യൽ ആണെന്ന്. അവരുടെ മുന്നിൽ എല്ലാ വിശ്വാസവും അർപ്പിച്ച് തുറന്നുപറഞ്ഞിട്ട് അവസാനം നമുക്ക് കിട്ടുന്നത് ഈ ഉത്തരമാണ്,” എന്ന് പറഞ്ഞ പാർവതി അത്യധികം നിരാശയും ദേഷ്യവും വരുന്നുണ്ട് എന്നും റിപ്പോർട്ടറിനോട് പറഞ്ഞു.

ALSO READ: ‘എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്ന് പറഞ്ഞ് നില്‍ക്കുന്നത്?’; ഹേമ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകൾ വിവാദമാകുന്നു

ആർ.ടി.ഐ നൽകിയ പലർക്കും കിട്ടിയ മറുപടി മൊഴികൊടുത്തവരുടെ പേര് പറഞ്ഞിരിക്കുന്നതിനാൽ അവരെ സംരക്ഷിക്കാനാണ് പുറത്തുവിടാത്തത് എന്നാണ്. അത് ഒഴിവാക്കി പുറത്തേക്ക് റിപ്പോർട്ട് പുറത്തുവിടുക എന്നത് വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ലലോ. നടന്ന അതിക്രമണങ്ങളും അത് അടിസ്ഥാനമായ നിർദേശങ്ങളും പുറത്തുവരിക എന്നതാണ് വേണ്ടത് എന്നും പാർവതി ആവശ്യപ്പെട്ടു.

UPDATES
STORIES