സുധാകരനും സതീശനും ഇടപെട്ടു, ചെയര്‍പേഴ്‌സണ്‍ ഒപ്പിട്ടു; സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഷൂട്ടിങ് അനുമതി

വിവാദങ്ങള്‍ക്കൊടുവില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന് ഷൂട്ടിങ് അനുമതി നല്‍കി തൃക്കാക്കര നഗരസഭ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടതിന് പിന്നാലെയാണ് മുനിസിപല്‍ ബസ് സ്റ്റാന്റ് ചിത്രീകരണത്തിന് വിട്ടുനല്‍കിയത്. ഒരു ദിവസത്തെ ചിത്രീകരണത്തിനാണ് അനുമതി.

ജോജു വിവാദത്തിന് പിന്നാലെയായിരുന്നു ബസ് സ്റ്റാന്റിലെ ചിത്രീകരണത്തിന് യുഡിഎഫ് ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജയറാമും മീരാ ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ അനുമതി തേടി അണിയറ പ്രവര്‍ത്തകര്‍ നഗരസഭയിലെത്തിയപ്പോള്‍ ചെയര്‍ പേഴ്‌സണ്‍ അനുമതി നിഷേധിക്കുകയായിരുന്നു. സിനിമാ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവും നഗരസഭാ ചെയര്‍പേഴ്‌സണുമായ അജിത തങ്കപ്പന്‍ ക്ഷുഭിതയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുടര്‍ന്ന് വിഷയം നിയമസഭയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായി. ആവിഷ്‌കാര സ്വാതന്ത്രത്തിന് യുഡിഎഫ് വിലങ്ങുതടിയാവുകയാണ് എന്നടക്കമുള്ള വിമര്‍ശനങ്ങളുയര്‍ന്നു. പിന്നാലെ കെ സുധാകരനും വി.ഡി സതീശനും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ ബന്ധപ്പെട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഷിയാസ് പാര്‍ട്ടി നിലപാട് നഗരസഭ ചെയര്‍പേഴ്‌സണെ അറിയിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ ഫയലിലാക്കി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ഒപ്പിട്ട് നല്‍കുകയും ചെയ്തു.

തൃക്കാക്കര മുനിസിപല്‍ ഓഫീസിന് പിന്നിലുള്ള പഴയ ബസ് സ്റ്റാന്റാണ് ചിത്രീകരണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്റ് അതേപടി നിലനിര്‍ത്തിയാവും ചിത്രീകരണം. ഒരു ദിവസത്തെ ഷൂട്ടിന് 11,800 രൂപയാണ് വാടകയിനത്തില്‍ നഗരസഭ ഈടാക്കിയത്.

ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ അഭിനയിക്കുന്ന ചിത്രമാണിത്. ജയറാം നായകനാവുന്ന ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, ദേവിക, സിദ്ദീഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.

UPDATES
STORIES