‘മരക്കാര്‍’ നിരാശപ്പെടുത്തിയെന്ന് നിരൂപണക്കുറിപ്പ്; എംപി ടി എന്‍ പ്രതാപനെതിരെ അസഭ്യവര്‍ഷം

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ എംപി ടി എന്‍ പ്രതാപന് നേരെ അസഭ്യവര്‍ഷം. മരക്കാറിനെ വിമര്‍ശനാത്മകമായി നിരൂപിച്ചുകൊണ്ടുള്ളതായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രതീക്ഷിച്ച നിലവാരം ചിത്രത്തിന് ഇല്ലാതെ പോയെന്ന് എംപി പറഞ്ഞു. കുഞ്ഞാലി മരക്കാര്‍ എന്ന വീര പുരുഷനെ, പോര്‍ച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, സാമുദായിക സൗഹാര്‍ദ്ദത്തെയെല്ലാം വളരെ നന്നായി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി. മോഹന്‍ലാല്‍ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു.

ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങുന്ന കുറെയധികം സീനുകള്‍ ഉണ്ടാവുക എന്നത് ലാല്‍ സിനിമകളുടെ ഒരു പ്രത്യേകതയാണ്. വിശേഷിച്ചും ഒരു വീരപുരുഷനെ സംബന്ധിച്ച ചരിത്രം പറയുന്ന സിനിമയാകുമ്പോള്‍ അത് എന്തായാലും ഉണ്ടാവേണ്ടതായിരുന്നു, എന്നാല്‍ അങ്ങനെ പറയത്തക്ക സീനുകളുടെ അഭാവം വല്ലാതെ നിരാശപ്പെടുത്തി.

ടി എന്‍ പ്രതാപന്‍

വലിയ ചെലവില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള വഴിയൊരുക്കിക്കൊണ്ട് മലയാള സിനിമക്ക് മരക്കാര്‍ ആത്മവിശ്വാസം നല്‍കിയെന്നും വിഎഫ്എക്‌സ് മികച്ചതായിരുന്നെന്നും ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. അധിനിവേശ ശക്തികളോട് മാപ്പപേക്ഷിക്കാതെ മരണം തെരഞ്ഞെടുക്കുന്ന രംഗം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മനസില്‍ കയറിയെന്നും എംപി പറഞ്ഞു. കുറിപ്പിന് കീഴെ രൂക്ഷ പ്രതികരണങ്ങളുമായി ഒരു വിഭാഗമാളുകളെത്തി. നിരൂപണത്തില്‍ മതപരവും രാഷ്ട്രീയപരവുമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം യൂസര്‍മാര്‍ അസഭ്യവര്‍ഷം നടത്തി. ലോക്‌സഭാംഗത്തെ പിന്തുണച്ചുകൊണ്ടും നിരവധി പ്രതികരണങ്ങളുണ്ട്.

UPDATES
STORIES