‘എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന കാര്യങ്ങളോര്‍ക്കുന്നു’; തല്ലുമാലയെക്കുറിച്ച് ടൊവിനോ തോമസ്

‘മിന്നല്‍ മുരളി’യെന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിക്ക് ശേഷമെത്തിയ ആഷിഖ് അബു ചിത്രം ‘നാരദന്‍’ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ‘തല്ലുമാല’യുടെ ഗാനം പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് നടന്‍. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിലെത്തുന്ന ‘തല്ലുമാല’യില്‍ വസീം എന്ന കഥാപാത്രമാണ് ടൊവിനോയുടേത്. താന്‍ എത്രത്തോളം ആസ്വദിച്ചാണ് വസീമായി മാറിയതെന്ന് വിവരിക്കുകയാണ് ടൊവിനോ.

‘ഇരുത്തം വന്നതും മനോഹരമായതും ചിലപ്പോള്‍ കടുപ്പമേറിയ ശരീരഭാഷ ആവശ്യപ്പെടുന്നതുമായ കഥാപാത്രങ്ങളെ ഞാന്‍ അത്യധികം ആസ്വദിച്ചാണ് അവതരിപ്പിക്കാറുള്ളത്. എന്നാലും, അതിനേക്കാളുമപ്പുറം സാധ്യതയുള്ള സിനിമകള്‍ ചെയ്യാനാവുന്നത് വിവരണാധീതമാണ്. വസീം അതിനുമപ്പുറമാണ്. എനിക്കൊരിക്കലും ചെയ്യാന്‍ കഴിയില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കരുതിയിരുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു. പക്ഷേ, അത് ആവശ്യപ്പെടുന്ന ഇത്തരം ഒരു കഥാപാത്രത്തിലേക്കെത്തയപ്പോള്‍ എനിക്കവയെല്ലാം സാധ്യമായി. പ്രത്യേകിച്ച്, ഒരു കലാകാരനെന്ന നിലയില്‍ പരുവപ്പെടാനും വളരാനും പിന്തുണയും ആത്മവിശ്വാസവും നല്‍കുന്ന ഒരു മികച്ച ടീം കൂടെയുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട’, ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തല്ലുമാലയിലെ ഗാനരംഗത്തിലെ ഫോട്ടോകള്‍ പങ്കുവെച്ചാണ് ടൊവിനോയുടെ കുറിപ്പ്. വിഷ്ണു വിജയ് സംഗീതം നല്‍കിയ കണ്ണില്‍ പെട്ടോളെ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഗാനം പുറത്തെത്തിയതിന് പിന്നാലെത്തന്നെ ടൊവിനോയുടെ വ്യത്യസ്ത ഗെറ്റപ്പ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ടൊവിനോയ്‌ക്കൊപ്പം കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഷൈന്‍ ട
ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കിയ തല്ലുമാല ആഷിഖ് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്.

UPDATES
STORIES