‘ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഇന്ന് പത്താം വര്‍ഷം’; സിനിമയോടുള്ള അഭിനിവേശത്തെക്കുറിച്ച് ടൊവിനോ തോമസ്

സിനിമാ ജീവിതം ആരംഭിച്ചതിന്റെ പത്താം വര്‍ഷത്തില്‍ ഹൃദ്യമായ കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്. പത്തുവര്‍ഷത്തിനിടയില്‍ ജീവിതത്തിലും സിനിമയിലും ഒരുപാട് മാറ്റങ്ങളുണ്ടായി. എന്നാല്‍ സിനിമയോടുള്ള അഭിനിവേശവും പ്രണയവും ദിനംപ്രതിയെന്നോണം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ടൊവിനോ കുറിച്ചു. ‘പ്രഭുവിന്റെ മകന്‍’ എന്ന ചിത്രത്തിലെ ചെഗുവേര സുധീന്ദ്രനായിരുന്നു ടൊവിനോയുടെ ആദ്യ കഥാപാത്രം.

‘പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഞാന്‍ ആദ്യമായി ഒരു ക്യാമറയ്ക്കുമുമ്പില്‍ ആദ്യത്തെ സിനിമയ്ക്കുവേണ്ടി നിന്നത്. പത്തുവര്‍ഷങ്ങളും ഒരുപാട് സിനികളും കഥാപാത്രങ്ങളും കടന്നുപോയി. ഇന്ന്, എന്റെ ജീവിതം മാറി, സിനിമ മാറി, ഒരുപാട് കാര്യങ്ങള്‍ വ്യത്യാസപ്പെട്ടു. പക്ഷേ, ഓരോ ദിവസവുമെന്നോണം സിനിമയോടുള്ള എന്റെ അഭിനിവേശവും പ്രണയവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരുപാട് മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്ന് എനിക്കറിയാം. കൂടുതല്‍ മികവുറ്റതാക്കാന്‍ ഇനിയും സാധ്യതകളും അവസരങ്ങളുമുണ്ട്. അതിനുവേണ്ടിയുള്ള ദിനംപ്രതിയുള്ള പരുവപ്പെടുത്തലുകള്‍ക്ക് ഞാന്‍ തയ്യാറാണ്’, ടൊവിനോ കുറിച്ചു.

തന്റെ അഭിനയ യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയറിച്ചുമാണ് കുറിപ്പ്. ‘ഇനി വരാനുള്ള എല്ലാ പ്രൊജക്ടുകളും ഏറ്റെടുക്കാനുള്ള എല്ലാ വെല്ലുവിളികളും എന്നെ ആവേശഭരിതനാക്കുന്നുണ്ട്. ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ അടുത്ത പത്തുവര്‍ഷം വരെ കാത്തിരിക്കാന്‍ എനിക്കാവില്ല’.

പത്തുവര്‍ഷത്തിനിടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് ടൊവിനോയുടേതായി പ്രേക്ഷകരിലേക്കെത്തിയിട്ടുള്ളത്. ‘മിന്നല്‍ മുരളി’യാണ് ഒടുവില്‍ എത്തിയ ചിത്രം. കൊവിഡ് ലോക്ഡൗണുകള്‍ക്കിടെയിറങ്ങിയ ‘കള’, ‘കാണക്കാണെ’ എന്നിവയിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ‘നാരദന്‍’, ‘വാശി’, ‘തല്ലുമാല’, ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമകള്‍.

‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിലൂടെ ടൊവിനോ നിര്‍മ്മാണ രംഗത്തേക്കും കടന്നിട്ടുണ്ട്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി തന്നെയാണ് ‘കള’യും നിര്‍മ്മിച്ചത്.

UPDATES
STORIES