‘മിന്നൽ മുരളി’ മിന്നിച്ചു: റിവ്യൂ

ഗോതം സിറ്റിയെ രക്ഷിക്കുന്ന ബാറ്റ്മാനേയും ന്യൂയോര്‍ക്ക് സിറ്റിയെ രക്ഷിക്കുന്ന സ്‌പൈഡര്‍മാനേയും ആവേശമായി കൊണ്ടുനടക്കുന്ന മലയാളികള്‍ക്ക് ഇനി സ്വന്തമായി ഒരു സൂപ്പര്‍ ഹീറോ, അതാണ് മിന്നല്‍ മുരളി. എന്നാല്‍ ലോകത്തെ മുഴുന്‍ രക്ഷിക്കാനുള്ള ഭാരം ചുമലില്‍ വഹിച്ച് നടക്കുന്ന ഈ സൂപ്പര്‍ ഹീറോകളില്‍ നിന്ന് വ്യത്യസ്തമായി, കുറുക്കന്‍മൂല എന്ന കൊച്ചുഗ്രാമത്തിന്റെ ഉത്തരവാദിത്തങ്ങള്‍ മാത്രമേ ബേസില്‍ ജോസഫിന്റേയും ടൊവിനോ തോമസിന്റേയും മിന്നല്‍ മുരളിയ്ക്കുള്ളൂ.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ കുറുക്കന്‍മൂല എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്വന്തം അപ്പന്റെ തയ്യല്‍ക്കടയില്‍ ജോലി ചെയ്യുന്ന ജെയ്‌സണ് തന്റെ പ്രായത്തിലുള്ള പല യുവാക്കളേയും പോലെ അമേരിക്കയിലേക്ക് ചേക്കേറണം എന്നാണ് സ്വപ്‌നം. ലേറ്റസ്റ്റ് ഫാഷന്‍ സെന്‍സ് ഉണ്ടെങ്കിലും കുറക്കന്‍മൂലയ്ക്ക് പുറത്തുള്ള ലോകം കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരനാണ് ജെയ്‌സണ്‍(ടൊവിനോ തോമസ്).

May be an image of one or more people, beard, people standing and outdoors
ടൊവിനോ തോമസ് മിന്നൽ മുരളിയിൽ

പ്രേമിച്ച പെണ്ണ് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ജെയ്‌സണ് മിന്നലേല്‍ക്കുന്നത്. ജെയ്‌സണ് മാത്രമല്ല, നാട്ടിലെ ഒരു ചായക്കടയില്‍ ജോലി ചെയ്യുന്ന ഷിബു (ഗുരു സോമസുന്ദരം)വിനും ഇടിമിന്നലേല്‍ക്കുന്നു. ഇതോടെ രണ്ടുപേര്‍ക്കും മഹാശക്തികള്‍ ലഭിക്കുന്നു. അവരില്‍ ഒരാള്‍ നാട്ടുകാരുടെ മിശിഹയായി മാറുമ്പോള്‍, മറ്റൊരാള്‍ എതിര്‍ വഴി തിരഞ്ഞെടുക്കുന്നു. ജെയ്‌സണ്‍ന്റേയും ഷിബുവിന്റേയും ജീവിതത്തില്‍ സമാന്തരമായി സംഭവിക്കുന്ന ട്വിസ്റ്റുകളും ടേണുകളും, ഒടുവില്‍ ഇരുശക്തികളേയും മുഖാമുഖം എത്തിക്കുമ്പോള്‍ കുറുക്കന്‍മൂലയില്‍ എന്തുസംഭവിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് കഥ വികസിക്കുന്നത്.

ജെയ്‌സണ്‍ എന്ന പാവത്താനില്‍ നിന്ന് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയിലേക്കുള്ള യാത്രയില്‍ ഗംഭീര പ്രകടനമാണ് ടൊവിനോ തോമസ് എന്ന നടന്‍ കാഴ്ചവച്ചിരിക്കുന്നത്. സൂപ്പര്‍ ഹീറോ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു എന്ന് പ്രേക്ഷകര്‍ കൂടുതല്‍ നിരാശപ്പെടും. ടൊവിനോയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്ന പ്രകടനമായിരുന്നു ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റേത്. നായകനായ ബാറ്റ്മാനെ സ്‌നേഹിക്കുമ്പോഴും ജോക്കര്‍ എന്ന കഥാപാത്രത്തെ നെഞ്ചോടു ചേര്‍ത്ത പ്രേക്ഷകരുടെ ഉള്ളില്‍, സിനിമ കഴിഞ്ഞും ഷിബു എന്ന കഥാപാത്രമുണ്ടാകും. ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി.ബാലചന്ദ്രന്‍, രാജേഷ് മാധവന്‍ എന്നിവര്‍ തങ്ങളുടെ വേഷം ഭദ്രമാക്കിയപ്പോള്‍, കുറച്ച് നെഗറ്റീവ് ഷേഡുള്ള പൊലീസുകാരന്റെ വേഷത്തില്‍ അജു വര്‍ഗീസ് കസറി. ജെയ്സണും സഹോദരിയുടെ മകനും(വസിഷ്ഠ്) തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ ഹൈലേറ്റാണ്. കരാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടും ട്രാവല്‍ ഏജന്‍സിയും നടത്തുന്ന ബിജി (ഫെമിന ജോര്‍ജ്) സൂപ്പര്‍ വുമണ്‍ അല്ലെങ്കിലും മുരളിയോളം കരുത്തുകാട്ടി.

മിന്നൽ മുരളിയായി ടൊവിനോ തോമസ്

അരുണ്‍ അനിരുദ്ധ്, ജസ്റ്റിന്‍ മാത്യു എന്നിവരുടെ കഥയ്ക്ക് മനോഹരമായൊരു ദൃശ്യാവിഷ്‌കാരം നല്‍കാന്‍ സാധിച്ച സംവിധായകന്‍ ബേസില്‍ ജോസഫിന് സ്തുതി. അനില്‍ കപൂറിന്റെ ‘മിസ്റ്റര്‍ ഇന്ത്യ’, ഹൃത്വിക് റോഷന്റെ ‘ക്രിഷ്’, ഷാരൂഖ് ഖാന്റെ ‘രാ വണ്‍’ എന്നിങ്ങനെ ദേസി സൂപ്പര്‍ ഹീറോസ് ഇവിടെ മുന്‍പും പിറന്നിട്ടുണ്ട്. എന്നാല്‍ മിന്നല്‍ മുരളിക്ക് വളരാന്‍ ബേസില്‍ വെട്ടിയ വഴി വ്യത്യസ്തമാണ്.

ചിത്രത്തിന്റെ സാങ്കേതികത്തികവ് എടുത്തു പറയേണ്ടതാണ്. സമീര്‍ താഹിറിന്റെ ക്യാമറയും ലിവിങ്സ്റ്റണ്‍ മാത്യുവിന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തിയപ്പോള്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേര്‍ന്നു നിന്നു. പലപ്പോഴും വിഎഫ്എക്‌സിന്റെ അകമ്പടിയോടെ എത്തുന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ കൈവിട്ടു പോകാറുണ്ടെങ്കിലും ഗ്രാഫിക്‌സിലെ മിതത്വം മിന്നല്‍ മുരളിയെ കൂടുതല്‍ മനോഹരമാക്കി. വ്‌ലാഡ് റിംബര്‍ഗ് ചിട്ട പെടുത്തിയ സംഘട്ടനം മിന്നല്‍ മുരളിയുടെ നട്ടെല്ലാണ്. സിനിമയുടെ തുടക്കത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ക്ലൈമാക്‌സ് പെര്‍ഫക്ട് ഓക്കെ ആയിരുന്നു.

മിന്നല്‍ മുരളിയെ കുറിച്ചുള്ള ഏതു തരം വിലയിരുത്തലുകളും പ്രാദേശിക സിനിമ വ്യവസായത്തിന്റെ ബജറ്റ് പരിമിതികള്‍ മനസില്‍ വച്ചുകൊണ്ടായിരിക്കണം. ആയിരം കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന മാര്‍വെല്‍ സിനിമളുമായി മിന്നല്‍ മുരളിയെ താരതമ്യം ചെയ്യുമ്പോള്‍ അന്‍പത് കോടിയില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് മറന്നു പോകരുത്.

UPDATES
STORIES