ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലെ പ്രകടനത്തിന് ലഭിച്ച സ്വീകാര്യതകള്ക്കൊപ്പം തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ നടനാണ് ടൊവിനോ തോമസ്. എന്നാല്‍, കേന്ദ്രകഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന ഒരു സ്റ്റാര്‍ ആവാനല്ല, മറിച്ച് എല്ലാ വേഷങ്ങളും ചെയ്യുന്ന നടനാവാനാണ് തനിക്ക് ആഗ്രഹമെന്ന് വ്യക്തമാക്കുകയാണ് ടൊവിനോ. സഹനടനായും കോമഡി റോളുകള്‍ ചെയ്തും വില്ലന്‍ വേഷങ്ങളിലെത്തിയും തന്നിലെ കലാകാരനെ പരുവപ്പെടുത്താനാണ് താല്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആവാനല്ല, മറിച്ച് ഒരു പാന്‍ ഇന്ത്യന്‍ നടനാവാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആണെങ്കില്‍ കേന്ദ്രകഥാപാത്രങ്ങള്‍ മാത്രമാവും എന്റെ മുന്നിലുള്ള സാധ്യതകള്‍. എനിക്കത് മാത്രം ചെയ്യാനല്ല ആഗ്രഹം. ആളുകള്‍ക്ക് പ്രവചിക്കാനാവാത്തതാവണം എന്നില്‍നിന്നും വരേണ്ടത്. സഹറോളുകളും കോമഡിയും വില്ലന്‍ വേഷങ്ങളും എനിക്ക് ചെയ്യാന്‍ കഴിയണം. അങ്ങനെ മാത്രമേ എന്നിലെ കലാകാരനെ ബോറടിപ്പിക്കാതിരിക്കാനാവൂ’, ടൊവിനോ തോമസ് പറഞ്ഞു.
ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഇത്തരം മികച്ച സിനിമകളുടെ ഭാഗമാകാനുള്ള ചുവടുവെപ്പുകളിലാണ് താനെന്നും നടന് പറയുന്നു.
‘മിന്നല്‍ മുരളിക്ക് ശേഷം എന്നെക്കുറിച്ചുണ്ടാകുന്ന പ്രതീക്ഷകളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഇപ്പോഴെനിക്ക് എനിക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ട്. അതുകൊണ്ടാണ് നാരദന് എനിക്ക് യോജിച്ചതാവുന്നതും. ജോലിയുടെ വ്യാപ്തിയെക്കുറിച്ച് പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന സമയം മുതല്‍ എനിക്ക് മോശം തിരക്കഥകളോട് സമ്മതം മൂളാന്‍ കഴിയില്ല. കാരണം, അവ പ്രേക്ഷകരെ നിരാശരാക്കും. എന്റെ പേരോ മുഖമോ കണ്ടാണ് ആളുകള്‍ തിയേറ്ററിലേക്കെത്തുന്നതെങ്കില് മൂല്യവത്തായത് നല്‍കും എന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പുകൊടുക്കണം’, നടന് വ്യക്തമാക്കി.
നാരദന്റെ കഥ കേള്‍ക്കുന്ന ആദ്യ സമയങ്ങളില്‍ തനിക്കത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നും ടൊവിനോ പറയുന്നു. ‘അത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഒരു വ്യക്തിയിലെ രണ്ട് ഭാവങ്ങള്‍ പൊലിപ്പിച്ചെടുക്കുക ശ്രമകരമാണ്. എനിക്കത് ചെയ്യാന്‍ കഴിയുമോ എന്നതില്‍ എനിക്ക് നല്ല സംശയമുണ്ടായിരുന്നു. കാരണം, അത്തരമൊരു കഥാപാത്രത്തെ ഞാന്‍ മുമ്പൊരിക്കലും അവതരിപ്പിച്ചിട്ടില്ല. കഥ കേട്ടതിന് ശേഷം ഞാന്‍ കഥാപാത്രമാവാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒരു ന്യൂസ് അവതാരകന് എങ്ങനെയായിരിക്കണം എന്ന് പരിശീലിച്ചു. കാരണം, അവരുടെ അവതരണത്തിനും സംസാരത്തിനും പ്രയോഗങ്ങള്‍ക്കും പ്രത്യേക തരം രീതികളുണ്ട്. ഈ കാര്യങ്ങള്‍ പരിശീലിച്ചെടുത്തതിന് ശേഷം കഥാപാത്രത്തെ അവതരിപ്പിക്കാനാവും എന്നതില്‍ ഒരു ആത്മവിശ്വാസം തോന്നി’, അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
ടൊവിനോയ്ക്കൊപ്പം, ഷറഫുദ്ദീന്, അന്ന ബെന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും നാരദനില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. കഥ- ഉണ്ണി ആര്